റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ക്യാപ്റ്റൻ രജത് പടിദാറുടെ ബാറ്റിങ്

ഐ.​പി.​എ​ൽ: ഗു​ജ​റാ​ത്തി​നെ തോ​ൽ​പി​ച്ച് ആ​ർ.​സി.​ബി ഫൈ​ന​ലി​ൽ

ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗ് ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തരിപ്പണമാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിെന്റ കുതിപ്പ്. ആദ്യം ബാറ്റ് ചെയ്ത നിലവിലെ ചാമ്പ്യന്മാർ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 254 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിെന്റ പോരാട്ടം 19.3 ഓവറിൽ 162 റൺസിൽ അവസാനിച്ചു. 92 റൺസിെന്റ വിജയവുമായി ആർ.സി.ബി ഫൈനൽ പ്രവേശനം ഗംഭീരമാക്കി. 33 പന്തിൽ 93 റൺസുമായി പുറത്താവാതെനിന്ന നായകൻ രജത് പാടിദാറുടെ വെടിക്കെട്ടാണ് ആർ.സി.ബി ഇന്നിങ്സിലെ പ്രധാന സവിശേഷത. അഞ്ച് ഫോറും ഒമ്പത് സിക്സും പറത്തി പാടിദാർ.

ടോസ് നേടിയ ടൈറ്റൻസ് ഫീൽഡിങ് തെരഞ്ഞെടുത്തു. വിരാട് കോഹ്‌ലിക്കൊപ്പം ഓപണറായെത്തിയ വെങ്കടേശ് അയ്യർ ഏഴ് പന്തിൽ 19 റൺസടിച്ച് രണ്ടാം ഓവറിൽത്തന്നെ കാഗിസോ റബാദക്ക് വിക്കറ്റ് നൽകി മടങ്ങി. കോഹ്‌ലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് സ്കോർ ഉയർത്തി. 25 പന്തിൽ 43 റൺസ് നേടിയ കോഹ്‌ലിയെ ജേസൻ ഹോൾഡർ ഒമ്പതാം ഓവറിൽ ബൗൾഡാക്കിയപ്പോൾ സ്കോർ രണ്ടിന് 93. ഒരു പന്തിന്റെ ഇടവേളയിൽ ദേവ്ദത്തിനെയും പറഞ്ഞുവിട്ടു ഹോൾഡർ. 19 പന്തിൽ 30 റൺസായിരുന്നു എടപ്പാളുകാരന്റെ സംഭാവന. ക്രുനാൽ പാണ്ഡ്യക്കൊപ്പം നായകൻ പാടിദാർ തകർത്തടിച്ചതോടെ സ്കോർ വീണ്ടും കുതിച്ചു. 28 പന്തിൽ 43 റൺസെടുത്ത ക്രുനാലിനെ 17ാം ഓവറിൽ റബാദ മടക്കി.

15ാം ഓവറിൽ 150 കടന്ന ആർ.സി.ബിക്ക് 200ലെത്താൻ തുടർന്ന് വേണ്ടിവന്നത് വെറും 14 പന്തുകൾ. 21 പന്തിൽ അർധ ശതകം കടന്ന പാടിദാറിന്റെ ചിറകിലേറി മുന്നേറവെ ടിം ഡേവിഡിനെ (4) പ്രസിദ്ധ് കൃഷ്ണ കുറ്റി തെറിപ്പിച്ചു വിട്ടു. ജിതേഷ് ശർമക്കൊപ്പം പാടിദാർ ഡെത്ത് ഓവറുകളിലും തകർത്താടി. ജിതേഷ് അഞ്ച് പന്തിൽ 15 റൺസുമായി പുറത്താവാതെ നിന്നു. ഭീമൻ റൺമല താണ്ടുകയെന്ന ലക്ഷ്യവുമായി ബാറ്റേന്തിയ ഗുജറാത്തിന് തുടക്കം മുതൽ പിഴച്ചു. മൂന്നുപേർക്ക് മാത്രമാണ് ഗുജറാത്ത് നിരയിൽ രണ്ടക്കം കടക്കാനായത്. 68 റൺസ് നേടിയ രാഹുൽ തെവാതിയ ആണ് അവരുടെ ടോപ് സ്കോറർ.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാറും റാസിക് സലാമും ക്രുനാൽ പാണ്ഡ്യയുമാണ് ഗുജറാത്തിനെ തകർക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്. ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി. ഇന്നലത്തെ മത്സരത്തോടെ, ഏറ്റവും കൂടുതൽ ഐ.പി.എൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോഡ് (282) വിരാട് കോഹ്‍ലി സ്വന്തമാക്കി.

Tags:    
News Summary - IPL: RCB defeats Gujarat to reach final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.