ഐ.പി.എൽ; ചെന്നൈയെ പിടിച്ചുകെട്ടി രാജസ്ഥാൻ, വിജയലക്ഷ്യം 188

ന്യൂഡൽഹി: ഐ.പി.എൽ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ തമ്മിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 188 റൺസ് വിജയ ലക്ഷ്യം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ആദ്യം ബാറ്റ് ചെയ്ത സി.എസ്.കെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് സ്വന്തമാക്കി. ഓപണർ ആയുഷ് മഹാത്രെ (43), ഡെവാൾഡ് ബ്രേവിസ് (42), ശിവം ദുബെ (39) എന്നിവരുടെതാണ് പ്രധാന സംഭാവനകൾ. രാജസ്ഥാന് വേണ്ടി യുദ്ധ് വീർ സിങ്ങും ആകാശ് മധ്വാളും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ഫീൽഡിങ് തെരഞ്ഞെടുത്തു. തകർച്ചയോടെയാണ് ചെന്നൈ തുടങ്ങിയത്. എട്ട് പന്തിൽ പത്ത് റൺസ് നേടിയ ഓപണർ ഡെവൺ കോൺവേയെ രണ്ടാം ഓവറിലെ നാലാം പന്തിൽ റയാൻ പരാഗിനെ ഏൽപിച്ചു യുദ്ധ് വീർ. വൺ ഡൗണായെത്തിയ ഉർവിൽ പട്ടേലിനെ ആറാം പന്തിൽ ക്വേന മഫാകയുടെ കൈകളിലേക്കുമയച്ചു.

രണ്ട് ഓവർ പൂർത്തിയാവുമ്പോൾ സ്കോർ രണ്ട് വിക്കറ്റിന് 12. മറുതലക്കൽ ഓപണർ മഹാത്രെ നടത്തിയ പോരാട്ടമാണ് ചെന്നൈക്ക് പ്രതീക്ഷ സമ്മാനിച്ചത്. 20 പന്തിൽ 43 റൺസടിച്ച മഹാത്രെയെ ആറാം ഓവറിൽ തുഷാർ ദേശ്പാണ്ഡെ മടക്കി. മഫാകക്ക് മറ്റൊരു ക്യാച്ച്. തൊട്ടടുത്ത ഓവറിൽ രവിചന്ദ്രൻ അശ്വിനെ (എട്ട് പന്തിൽ 13) വാനിന്ദു ഹസരംഗ പുറത്താക്കി. ഷിമ്രോൺ ഹെറ്റ്മെയറിനായിരുന്നു ക്യാച്ച്. പിന്നാലെ രവീന്ദ്ര ജദേജയെ (1) ധ്രുവ് ജുറെലിന്റെ കരങ്ങളിലെത്തിച്ച് യുദ്ധ് വീർ ചെന്നൈക്ക് മറ്റൊരു ആഘാതം സമ്മാനിച്ചതോടെ അഞ്ചിന് 78.

ബ്രേവിസും ദുബെയും ചേർന്ന ആറാം വിക്കറ്റ് സഖ്യം നടത്തിയ രക്ഷാപ്രവർത്തനമാണ് സി.എസ്.കെക്ക് തുണയായത്. 25 പന്തിൽ 42 റൺസ് നേടിയ ബ്രേവിസിനെ 14ാം ഓവറിൽ ആകാശ് മധ്വാൾ ബൗൾഡാക്കുമ്പോൾ സ്കോർ 137ലെത്തിയിരുന്നു. ക്യാപ്റ്റൻ എം.എസ് ധോണിയെ കൂട്ടുനിർത്തി ദുബെ സ്കോർ മുന്നോട്ട് നീക്കി. 32 പന്തിൽ 39 റൺസ് നേടിയ ദുബെ അവസാന ഓവറിൽ മധ്വാളിന് വിക്കറ്റും യശസ്വി ജയ്സ്വാളിന് ക്യാച്ചും സമ്മാനിച്ച് മടങ്ങി. 17 പന്തിൽ 16 റൺസുമായി ധോണി പിന്നാലെ. ദേശ്പാണ്ഡെക്കായിരുന്നു ക്യാച്ച്. അൻഷുൽ കംബോജും (5) നൂർ അഹ്മദും (2) പുറത്താവാതെ നിന്നു.

Tags:    
News Summary - IPL; Rajasthan caught Chennai, target 188 to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.