ദേവ്ദത്ത് പടിക്കൽ, ആവേശ് ഖാൻ

ഐ.പി.എൽ: ദേവ്ദത്ത് പടിക്കൽ ലഖ്നോവിൽ, ആവേശ് ഖാൻ രാജസ്ഥാനിൽ

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) രാജസ്ഥാൻ റോയൽസ് ഓപണറായിരുന്ന ദേവ്ദത്ത് പടിക്കൽ ഇനി ലഖ്നോ സൂപ്പർ ജയന്റ്സിൽ. പകരം ലഖ്നോ പേസർ ആവേശ് ഖാൻ രാജസ്ഥാൻ റോയൽസിലെത്തും. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിലൂടെ ഐ.പി.എൽ കരിയർ തുടങ്ങിയ ദേവ്ദത്ത് 2019 മുതൽ 2021 വരെ അവിടെ തുടരുകയും തുടർന്നുള്ള രണ്ട് സീസണുകളിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളത്തിലിറങ്ങുകയുമായിരുന്നു. 57 ഐ.പി.എൽ മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും ഒമ്പത് അർധശതകങ്ങളുമടക്കം 1521 റൺസാണ് താരം നേടിയത്. രാജസ്ഥാൻ റോയൽസിന് വേണ്ടി 28 മത്സരങ്ങളിൽ 637 റൺസാണ് സമ്പാദ്യം. 2022 സീസണിൽ ടീമിന്റെ 17 മത്സരങ്ങളിലും കളിച്ച താരം 376 റൺസാണ് നേടിയത്. 122.88 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. 7.75 കോടി രൂപക്കാണ് ലഖ്നോവിലെത്തുന്നത്.

2017ൽ ഡൽഹി കാപിറ്റൽസിലൂടെയാണ് ആവേശ് ഖാൻ ഐ.പി.എൽ കരിയർ തുടങ്ങിയത്. നാല് സീസണിൽ അവർക്കുവേണ്ടി കളിച്ച ആവേശ് 2022ലാണ് ലഖ്നോ നിരയിലെത്തിയത്. 47 ഐ.പി.എൽ മത്സരങ്ങളിൽ 55 വിക്കറ്റാണ് താരം നേടിയത്. ലഖ്നോവിനായി 22 മത്സരങ്ങളിൽ 26 വിക്കറ്റുകൾ വീഴ്ത്തി. 2022 സീസണിൽ 13 മത്സരങ്ങളിൽ 18 വിക്കറ്റാണ് നേടിയത്. 10 കോടി രൂപക്കാണ് ആവേശ് ലഖ്നോവിലെത്തുന്നത്.

ലഖ്നോ സൂപ്പർ ജയന്റ്സിന്റെ മെന്റർ പദവി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഒഴിഞ്ഞിട്ടുണ്ട്. തന്റെ പഴയ തട്ടകമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി അദ്ദേഹം സ്ഥാനമേൽക്കും. ക്യാപ്റ്റനെന്ന നിലയിൽ രണ്ടുതവണ കൊൽക്കത്തയെ കിരീട വിജയത്തിലേക്ക് നയിച്ചയാളാണ് ഗംഭീർ. മുൻ താരം ടീമിനൊപ്പം ചേരുന്ന വിവരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സി.ഇ.ഒ വെങ്കി മൈസൂർ സ്ഥിരീകരിച്ചു. തീരുമാനത്തെ സഹ ഉടമയും ബോളിവുഡ് നടനുമായ ഷാറൂഖ് ഖാനും സ്വാഗതം ചെയ്തു. തങ്ങളുടെ ക്യാപ്റ്റന്റെ തിരിച്ചുവരവാണിതെന്നായിരുന്നു ഷാറൂഖിന്റെ പ്രതികരണം.

Tags:    
News Summary - IPL: Devdutt Padikkal in Lucknow, Avesh Khan in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.