മുല്ലൻപുർ (പഞ്ചാബ്): റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐ.പി.എൽ 2025 ഫൈനലിൽ. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം നേടിയാണ് കോഹ്ലിയും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14.1 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ആർ.സി.ബി 10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. ഫിൽ സാൾട്ടിന്‍റെ അപരാജിത അർധ സെഞ്ച്വറിയാണ് ആർ.സി.ബിക്ക് അനായാസ ജയം സമ്മാനിച്ചത്. 27 പന്തിൽ മൂന്നു സിക്സും ആറു ഫോറുമടക്കം സാൾട്ട് 56 റൺസെടുത്തു. നായകൻ രജത് പാട്ടീദാർ എട്ടു പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു. വിരാട് കോഹ്ലി (12 പന്തിൽ 12), മായങ്ക് അഗർവാൾ (13 പന്തിൽ 19) എന്നിവരാണ് പുറത്തായ താരങ്ങൾ.
നേരത്തെ, മൂന്നു തവണ ബംഗളൂരു ഐ.പി.എൽ ഫൈനലിലെത്തിയെങ്കിലും കിരീടം അകന്നുനിന്നു. 2009, 2011, 2016 സീസണുകളിലാണ് ഫൈനൽ കളിച്ചത്. സൂപ്പർ താരം വിരാട് കോഹ്ലി ഐ.പി.എൽ ട്രോഫി നേടുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂൺ മൂന്നിനാണ് കലാശപ്പോര്. തോറ്റെങ്കിലും പഞ്ചാബിന് ഫൈനലിലെത്താൻ ഇനിയും അവസരമുണ്ട്. ഞായറാഴ്ചത്തെ രണ്ടാം ക്വാളിഫയർ ജയിച്ചാൽ മതി. മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും വെള്ളിയാഴ്ച എലിമിനേറ്ററിൽ ഏറ്റുമുട്ടും. എലിമിനേറ്റർ വിജയികളും പഞ്ചാബും തമ്മിലാണ് രണ്ടാം ക്വാളിഫയർ. നേരത്തെ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ എന്നിവരുടെ മൂന്നു വിക്കറ്റ് പ്രകടനമാണ് പഞ്ചാബ് ബാറ്റർമാരെ തരിപ്പണമാക്കിയത്. 17 പന്തിൽ 26 റൺസെടുത്ത മാർകസ് സ്റ്റോയിനിസാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്.
പ്രിയാൻഷ് ആര്യ (അഞ്ചു പന്തിൽ ഏഴ്), പ്രഭ്സിംറാൻ സിങ് (10 പന്തിൽ 18), ജോഷ് ഇൻഗ്ലിസ് (ഏഴു പന്തിൽ നാല്), നായകൻ ശ്രേയസ് അയ്യർ (മൂന്നു പന്തിൽ രണ്ട്), നെഹാൽ വധേര (10 പന്തിൽ എട്ട്), ശശാങ്ക് സിങ് (അഞ്ചു പന്തിൽ മൂന്ന്), ഇംപാക്ട് പ്ലെയർ മുഷീർ ഖാൻ (പൂജ്യം), അസ്മത്തുല്ല ഒമർസായി (12 പന്തിൽ 18), ഹർപ്രീത് ബ്രാർ (11 പന്തിൽ നാല്) എന്നിവരാണ് പുറത്തായ താരങ്ങൾ.
മൂന്നു ഓവറിൽ 17 റൺസ് വഴങ്ങിയാണ് സുയാഷ് മൂന്നു വിക്കറ്റെടുത്തത്. ടീമിലേക്ക് തിരിച്ചെത്തിയ ഓസീസ് പേസർ ഹേസൽവുഡ് 3.1 ഓവറിൽ 21 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് സ്വന്തമാക്കിയത്. ആർ.സി.ബിക്കായി യാഷ് ദയാൽ രണ്ടും ഭുവനേശ്വർ കുമാർ, റൊമാരിയോ ഷെപേർഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിൽ പ്രിയാൻഷ് ആര്യയെ മടക്കി ദയാലാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ക്രുണാൽ പാണ്ഡ്യ ക്യാച്ചെടുത്താണ് താരം പുറത്തായത്. ടീം സ്കോർ 27ൽ നിൽക്കെ പ്രഭ്സിംറാനും മടങ്ങി. തുടർച്ചയായി ബൗണ്ടറികൾ കടത്തിയ താരത്തെ ഭുവനേശ്വർ കുമാർ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു. അടുത്തടുത്ത ഓവറുകളിൽ ശ്രേയസിനെയും ജോഷ് ഇൻഗ്ലിസിനെയും ഹേസൽവുഡ് പുറത്താക്കിയതോടെ പഞ്ചാബിന്‍റെ മുൻനിര തകർന്നു, സ്കോർ നാലിന് 38. ഒരറ്റത്ത് സ്റ്റോയിനിസ് പിടിച്ചുനിന്നെങ്കിൽ മറുതലക്കൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.
നേരത്തെ, ടോസ് നേടിയ ബംഗളൂരു പഞ്ചാബിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ആർ.സി.ബി നായകനായി രജത് പാട്ടീദാർ തിരിച്ചെത്തി. ഒരു മാറ്റവുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.