പ്രഭ്സിംറാനും പ്രിയാൻഷിനും അർധ സെഞ്ച്വറി; അവസാന ഓവറുകളിൽ പിടിമുറുക്കിയ കൊൽക്കത്തക്ക് 202 റൺസ് വിജയലക്ഷ്യം

കൊല്‍ക്കത്ത: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 202 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. ഓപ്പണർമാരായ പ്രഭ്സിംറാൻ സിങ്ങിന്‍റെയും പ്രിയാൻഷു ആര്യയുടെയും അർധ സെഞ്ച്വറി പ്രകടനമാണ് പഞ്ചാബ് സ്കോർ 200 കടത്തിയത്.

പ്രഭ്സിംറാൻ 49 പന്തിൽ ആറു സിക്സും ആറു ഫോറുമടക്കം 83 റൺസെടുത്തു. പ്രിയാൻഷ് 35 പന്തിൽ 69 റൺസെടുത്തു. നാലു സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ഇരുവരും നൽകിയ മികച്ച തുടക്കമാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 11.5 ഓവറിൽ 120 റൺസാണ് ഇരുവരും അടിച്ചെടുത്തത്. ആന്ദ്രെ റസ്സലാണ് കൊൽക്കത്തക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. റസ്സൽ എറിഞ്ഞ 12ാം ഓവറിലെ അവസാന പന്തിൽ വൈഭവ് അറോറ പ്രിയാൻഷിനെ കൈയിലൊതുക്കി.

പിന്നാലെ നായകൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് പ്രഭ്സിംറാൻ സ്കോറിങ് ഉയർത്തി. വൈഭവ് അറോറ എറിഞ്ഞ 15ാം ഓവറിൽ വമ്പനടിക്ക് ശ്രമിച്ച പ്രിയാൻഷിനെ റോവ്മാൻ പവർ ക്യാച്ചെടുത്ത് പുറത്താക്കി. ഗ്ലെൻ മാക്സ് വെൽ (എട്ടു പന്തിൽ ഏഴ്), മാർകോ ജാൻസെൻ (ഏഴു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ശ്രേയസ് 16 പന്തിൽ 25 റൺസെടുത്തും ജോഷ് ഇംഗ്ലിഷ് ആറു പന്തിൽ 11 റൺസെടുത്തും പുറത്താകാതെ നിന്നു. ഒരുഘട്ടത്തിൽ ടീം സ്കോർ 250 കടക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും അവസാന അഞ്ച് ഓവറിൽ കൊൽക്കത്ത പിടിമുറുക്കിയതോടെയാണ് സ്കോർ 201ൽ ഒതുങ്ങിയത്.

കൊൽക്കത്തക്കായി വൈഭവ് അറോറ രണ്ടു വിക്കറ്റും വരുൺ ചക്രവർത്തി, റസ്സൽ എന്നിവർ ഓരോ വിക്കറ്റും നേടി. നേരത്തെ, ടോസ് നേടിയ പഞ്ചാബ് ആദ്യം ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് അവരുടെ നാട്ടില്‍ പരാജയപ്പെടുത്തിയതിനുള്ള പ്രതികാരം ലക്ഷ്യമിട്ടാണ് അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത സ്വന്തം നാട്ടില്‍ ഇറങ്ങിയിരിക്കുന്നത്.

Tags:    
News Summary - IPL 2025: Kolkata Knight Riders vs Punjab Kings Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.