'അങ്ങനെയുള്ള കളിയൊന്നും വേണ്ട കേട്ടോ'; ഡൽഹി കാപിറ്റൽസിന്‍റെ ബൗളിങ് കോച്ച് മുനാഫ് പട്ടേലിന് പിഴയിട്ട് ബി.സി.സി.ഐ

രാജസ്ഥാൻ റോയൽസിനെതിരെ സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരത്തിൽ ത്രില്ലടിപ്പിക്കുന്ന ജയമാണ് ഇന്നലെ ഡൽഹി കാപിറ്റൽസ് നേടിയത്. ജയത്തോടെ പോയിന്‍റ് ടേബിളിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ് ഡൽഹി. കളിച്ച ആറ് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് ഡൽഹി തോറ്റത്.

ഇന്നലത്തെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ഡൽഹി കാപിറ്റൽസിന്‍റെ ബൗളിങ് കോച്ചും മുൻ ഇന്ത്യൻ താരവുമായ മുനാഫ് പട്ടേലിന് പിഴയിട്ടിരിക്കുകയാണ് ബി.സി.സി.ഐ. ഐ.പി.എൽ പെരുമാറ്റച്ചട്ടം മുനാഫ് പട്ടേൽ ലംഘിച്ചെന്ന് കാട്ടിയാണ് പിഴ. ഒരു ഡീമെരിറ്റ് പോയിന്‍റും മാച്ച് ഫീയുടെ 25 ശതമാനം പിഴയുമാണ് ചുമത്തിയത്. ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ 2.20 വകുപ്പിൽ പറയുന്ന ലെവൽ ഒന്ന് അച്ചടക്കലംഘനമാണ് മുനാഫ് പട്ടേൽ നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പെരുമാറ്റച്ചട്ടലംഘനം മുനാഫ് പട്ടേൽ അംഗീകരിച്ചതായും അധികൃതർ അറിയിച്ചു.

അതേസമയം, മുനാഫ് പട്ടേലിന്‍റെ ഭാഗത്തുനിന്നുണ്ടായ ഏത് പ്രവൃത്തിയാണ് അച്ചടക്ക നടപടിക്ക് വിധേയമായത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഇന്നലത്തെ മത്സരത്തിനിടെ ഒഫീഷ്യലുമായി മുനാഫ് പട്ടേൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. മത്സരം വാശിയേറിയ ഘട്ടത്തിലേക്ക് കടന്നതിനിടെ, കളിക്കാർക്ക് സന്ദേശം നൽകാൻ റിസർവ് ഫീൽഡറെ ഗ്രൗണ്ടിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മുനാഫ് പട്ടേലും ഫോർത്ത് അമ്പയറും തർക്കത്തിലേർപ്പെട്ടത്. ബോളർമാർക്കുള്ള സന്ദേശമായിരുന്നു ഇത്. എന്നാൽ, വെള്ളവും കൊണ്ട് ഗ്രൗണ്ടിലേക്കു കയറുന്നതിനു തൊട്ടുമുൻപ് റിസർവ് താരത്തെ അംപയർ തടഞ്ഞു. ഇത് ബൗണ്ടറി ലൈനിലുണ്ടായിരുന്ന മുനാഫ് പട്ടേൽ ചോദ്യം ചെയ്യുകയും തർക്കത്തിലേക്ക് വഴിവെക്കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സംഭവമാണ് നടപടിക്കിടയാക്കിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

 

ഇന്നലെ സൂപ്പർ ഓവറിലേക്ക് നീണ്ട ത്രില്ലർ പോരിൽ രണ്ട് പന്ത് ബാക്കിനിൽക്കെയാണ് ഡൽഹി ക്യാപിറ്റൽസ് ജയിച്ചത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിനെ ഗംഭീരമായി പന്തെറിഞ്ഞ മിച്ചൽ സ്റ്റാർക് 11 റൺസിൽ പുറത്താക്കി. നാല് റൺസെടുത്ത റിയാൻ പരാഗും സ്ട്രൈക്കെടുക്കും മുൻപെ യശസ്വി ജയ്സ്വാളും റണ്ണൗട്ടായി. ഷിംറോൺ ഹെറ്റമെയർ അഞ്ച് റൺസെടുത്തു. ഡൽഹി ക്യാപിറ്റൽസ് നാല് പന്തിൽ ലക്ഷ്യം കണ്ടു. സന്ദീപ് ശർമയുടെ ആദ്യ മൂന്ന് പന്തുകൾ നേരിട്ട കെ.എൽ.രാഹുൽ ഏഴ് റൺസെടുത്ത് ട്രിസ്റ്റൻ സ്റ്റബ്സിന് സ്ട്രൈക്ക് നൽകി. ആദ്യ പന്തിൽ സിക്സടിച്ച് സ്റ്റബ്സ് കളി ജയിപ്പിക്കുകയായിരുന്നു. നേരത്തെ, ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുക്കുകയായിരുന്നു. ഇതോടെയാണ് വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടിവന്നത്. 

Tags:    
News Summary - IPL 2025: BCCI penalises Delhi Capitals bowling coach Munaf Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.