ഐ.പി.എൽ: ചെന്നൈ​യെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ്

ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ തട്ടകത്തിൽ ഏഴ് വിക്കറ്റിന് തകർത്തുവിട്ട് പഞ്ചാബ് സിങ്സ്. ചെന്നൈ ഉയർത്തിയ 163 റൺസെന്ന വിജയലക്ഷ്യം ഏഴ് വിക്കറ്റും 2.1 ഓവറും ബാക്കി നിൽക്കെ സാം കറനും സംഘവും മറികടക്കുകയായിരുന്നു. പഞ്ചാബിനായി ജോണി ബെയർസ്റ്റോയും (30 പന്തുകളിൽ 46) റൈലി റോസോയും (23 പന്തുകളിൽ 43) മികച്ച പ്രകടനം പുറത്തെടുത്തു. ശശാങ്ക് സിങ്ങും (26 പന്തുകളിൽ 25) സാം കറനും (20 പന്തുകളിൽ 26) ചേർന്നാണ് ടീമിന് ജയം സമ്മാനിച്ചത്. ഇരുവരും പുറത്താകാതെ നിന്നു.

ടോസ് നഷ്ടമായി ബാറ്റേന്തിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസായിരുന്നു എടുത്തത്. നായകൻ റുതുരാജ് ഗെയ്ക്‍വാദ് നടത്തിയ രക്ഷാപ്രവർത്തനമാണ് ചെന്നൈയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 48 പന്തുകളിൽ അഞ്ച് ബൗണ്ടറിയും രണ്ട് സിക്സുമടക്കം 62 റൺസായിരുന്നു ചെന്നൈ നായകന്റെ സമ്പാദ്യം.

മറ്റ് ബാറ്റർമാരെല്ലാം പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ മുട്ട് മടക്കുന്ന കാഴ്ചയായിരുന്നു. അജിൻക്യ രഹാനെ 24 പന്തുകളിൽ 29 റൺസ് നേടി. സമീർ റിസ്‍വി 23 പന്തുകളിൽ 21 റൺസ് നേടി. എം.എസ് ധോണി 11 പന്തുകളിൽ 14 റൺസും നേടി. കൂറ്റനടിക്കാരനായ ശിവം ധുബേ സംപൂജ്യനായും രവീന്ദ്ര ജദേജ രണ്ട് റൺസുമായും കൂടാരം കയറിയിരുന്നു.

നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് പിഴുത രാഹുൽ ചാഹറും നാലോവറിൽ 17 റൺസ് വഴങ്ങി രണ്ട് പേരെ പുറത്താക്കിയ ഹർപ്രീത് ബ്രാറുമാണ് ചെന്നൈയുടെ അന്തകരായത്. കഗിസോ റബാദ അർഷ് ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 

Tags:    
News Summary - IPL 2024, Chennai Super Kings vs Punjab Kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.