വരുൺ ചക്രവർത്തിക്ക് നാലു വിക്കറ്റ്; തകർന്നടിഞ്ഞ് ബാംഗ്ലൂർ; കൊൽക്കത്തക്ക് 81 റൺസ് ജയം

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എറിഞ്ഞിട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 81 റൺസിന്‍റെ ഗംഭീര ജയം. നിശ്ചിത 20 ഓവറിൽ കൊൽക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. ബാംഗ്ലൂരിന്‍റെ മറുപടി ബാറ്റിങ് 17.4 ഓവറിൽ 123 റൺസിലൊതുങ്ങി.

ലെഗ് സ്പിന്നർ വരുൺ ചക്രവർത്തിയുടെ നാലു വിക്കറ്റ് പ്രകടനമാണ് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞത്. സുയാഷ് ശർമ്മ മൂന്നു വിക്കറ്റ് നേടി. നായകൻ ഫാഫ് ഡു പ്ലെസിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറർ. 12 പന്തിൽ 23 റൺസ്. വിരാട് കോഹ്ലി 18 പന്തിൽ 21 റൺസെടുത്തു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്ന ബാറ്റർമാർക്കൊന്നും പിടിച്ചുനിൽക്കാനായില്ല.

മിച്ചൽ ബ്രേസ് വെൽ (18 പന്തിൽ 19 റൺസ്), ഗ്ലെൻ മാക്സ് വെൽ (അഞ്ച്), ഹർഷൽ പട്ടേൽ (പൂജ്യം), ശഹ്ബാസ് അഹ്മദ് (ഒന്ന്), ദിനേഷ് കാർത്തിക് (ഒമ്പത്), അനൂജ് റാവത്ത് (ഒന്ന്), കാൻ ശർമ (ഒന്ന്), ആകാശ് ദീപ് (17) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഡേവിഡ് വില്ലി 20 റൺസുമായി പുറത്താകാതെ നിന്നു. സുനിൽ നരേൻ രണ്ടു വിക്കറ്റും ശാർദൂൽ ഠാക്കൂർ ഒരു വിക്കറ്റും നേടി.

ടോസ് നേടിയ ബാംഗ്ലൂര്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശാർദൂൽ ഠാക്കൂറിന്‍റെയും ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്‍റെയും അർധ സെഞ്ച്വറി പ്രകടനാണ് കൊൽക്കത്ത സ്കോർ 200 കടത്തിയത്. 29 പന്തിൽ 68 റൺസെടുത്താണ് ശാർദൂൽ പുറത്തായത്. മൂന്നു സിക്സും ഒമ്പത് ഫോറും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ഗുർബാസ് 44 പന്തിൽ 57 റൺസെടുത്ത് പുറത്തായി.

ഒരുഘട്ടത്തിൽ 89 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയിലായ കൊൽക്കത്തയെ ടോപ് ഗിയറിലെത്തിച്ചത് ശാർദൂലിന്‍റെയും റിങ്കു സിങ്ങിന്‍റെയും സെഞ്ച്വറി കൂട്ടുകെട്ടാണ്. ടീം സ്കോർ 192 റൺസിൽ നിൽക്കെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. റിങ്കു സിങ് 33 പന്തിൽ 46 റൺസെടുത്തു. വെങ്കടേഷ് അയ്യർ (ഏഴ് പന്തിൽ മൂന്നു റൺസ്), മന്ദീപ് സിങ് (പൂജ്യം), നായകൻ നിതീഷ് റാണ (അഞ്ചു പന്തിൽ ഒരു റൺസ്), ആന്ദ്രെ റസ്സൽ (പൂജ്യം), എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ആറു റൺസുമായി ഉമേഷ് യാദവും റണ്ണൊന്നും എടുക്കാതെ സുനിൽ നരേനും പുറത്താകാതെ നിന്നു. ബാംഗ്ലൂരുവിനായി ഡേവിഡ് വില്ലി, കാൻ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും മിച്ചൽ ബ്രേസ് വെൽ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - IPL 2023: Varun Chakaravarthy Star As KKR Thrash RCB By 81 Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.