ഫിനിഷ് ചെയ്യാനാകാതെ ധോണി; ചെന്നൈക്കെതിരെ രാജസ്ഥാന് മൂന്ന് റൺസ് വിജയം

ഐ.പി.എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ മൂന്ന് റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് 20 ഓവറിൽ 172 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തിൽ നാല് റൺസ് വേണമെന്നിരിക്കെ സന്ദീപ് ശർമയുടെ പന്തിൽ എം.എസ്. ധോണി കിടിലനൊരു ഫിനിഷിങ്ങിലൂടെ ടീമിന് ജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും സിംഗിൾ എടുക്കാനെ താരത്തിന് കഴിഞ്ഞുള്ളൂ. രാജസ്ഥാന് വേണ്ടി അശ്വിനും ചാഹലും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

38 പന്തിൽ 50 റൺസെടുത്ത ഡിവോൺ കോൺവോയ് ആണ് ചെന്നെക്ക് വേണ്ടി പൊരുതിയത്. അജിൻക്യ രഹാനെ 19 പന്തുകളിൽ 31 റൺസെടുത്ത് അശ്വിന്റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങി പുറത്തായി. പിന്നാലെ തുടരെ വിക്കറ്റുകൾ വീഴുന്ന കാഴ്ചയായിരുന്നു. ശിവം ദുബെ (8), മൊയിൻ അലി (7), അമ്പാട്ടി റായിഡു (1) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.

എന്നാൽ, പിന്നീട് ഒത്തുചേർന്ന രവീന്ദ്ര ജദേജയും എം.എസ് ധോണിയും ചെന്നൈക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു. 14 ഓവറിൽ 113-6 എന്ന നിലയിലായിരുന്ന ടീമിനെ വിജയത്തോടടുപ്പിച്ചത് ഇരുവരും ചേർന്നായിരുന്നു. ജദേജ 15 പന്തുകളിൽ 25 റൺസ് എടുത്തു. ധോണി 17 പന്തുകളിൽ 32 റൺസുമെടുത്തു. 

നായകൻ സഞ്ജു സാംസൺ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും സംപൂജ്യനായി മടങ്ങിയെങ്കിലും ജോസ് ബട്ലറുടെ അർധ സെഞ്ച്വറിയുടെ മികവിൽ (52) ചെന്നൈക്കെതിരെ രാജസ്ഥാൻ റോയൽസിന് മാന്യമായ സ്കോർ കണ്ടെത്താൻ കഴിഞ്ഞിരുന്നു. 36 പന്തുകളിൽ മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയുമടങ്ങുന്നതായിരുന്നു ബട്ലറുടെ ഇന്നിങ്സ്.

മലയാളിയായ ദേവ്ദത്ത് പടിക്കൽ ഇന്നത്തെ മത്സരത്തിൽ മികച്ചു നിന്നു. താരം 26 പന്തുകളിൽ 36 റൺസെടുത്ത് ബട്ലർക്ക് മികച്ച പിന്തുണ നൽകി. എന്നാൽ, രവീന്ദ്ര ജദേജയുടെ പന്തിൽ കോൺവോയ്ക്ക് ക്യാച്ച് നൽകി താരം മടങ്ങുകയായിരുന്നു. പിന്നലെ ക്രീസിലെത്തിയ സഞ്ജുവിനെയും ക്ലീൻ ബൗൾഡാക്കി മടക്കിയത് ജദേജയായിരുന്നു.

ജദേജയുടെ ആദ്യ ബോളില്‍ സഞ്ജുവിന് റൺസെടുക്കാനായില്ല. തൊട്ടടുത്ത ബോള്‍ പിച്ച് ചെയ്ത ശേഷം വിക്കറ്റിലേക്കു കയറുകയായിരുന്നു. സഞ്ജു പ്രതികരിക്കാൻ ശ്രമം നടത്തുന്നതിന് മുമ്പേ തന്നെ ബോള്‍ ബേല്‍സ് തെറിപ്പിച്ചു. പിന്നാലെ താരം നിരാശയോടെ ക്രീസ് വിടുകയും ചെയ്തു.

ഡല്‍ഹി കാപ്പിറ്റല്‍സുമായുള്ള തൊട്ടുമുമ്പത്തെ മാച്ചിലും രാജസ്ഥാൻ നായകൻ സഞ്ജുവിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല. സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു താരത്തെ പുറത്താക്കിയത്. ഗംഭീരമായി സീസൺ തുടങ്ങിയ സഞ്ജുവിന് ഇപ്പോൾ കാലിടറുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മൽസരത്തില്‍ 55 റണ്‍സായിരുന്നു താരം നേടിയത്. പഞ്ചാബ് കിങ്‌സുമായുള്ള രണ്ടാമത്തെ കളിയില്‍ 42 റണ്‍സുമടിച്ചിരുന്നു.

രാജസ്ഥാന് വേണ്ടി രവിചന്ദ്രൻ അശ്വിൻ 30 റൺസെടുത്തു. കുറഞ്ഞ സ്കോറിലേക്ക് പോകുമായിരുന്ന ടീമിനെ ഷിംറോൺ ഹെത്മയറാണ് വെടിക്കെട്ടിലൂടെ രക്ഷിച്ചത്. താരം 18 പന്തുകളിൽ 30 റൺസെടുത്തു. രണ്ട് വീതം സിക്സറുകളും ബൗണ്ടറികളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജദേജ നാല് ഓവറുകളിൽ 21 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ആകാശ് സിങ് 40 റൺസ് വഴങ്ങിയും തുശാർ ദേഷ്പാണ്ഡെ 37 റൺസ് വഴങ്ങിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Tags:    
News Summary - IPL 2023: Chennai Super Kings vs Rajasthan Royals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.