മാഞ്ചസ്റ്റർ: ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് പരമ്പര നേട്ടം. നാലാം മത്സരത്തിൽ ഹർമൻപ്രീത് കൗറും സംഘവും ആറ് വിക്കറ്റിന് ജയിച്ചതോടെ അഞ്ച് കളികളടങ്ങിയ പരമ്പരയിൽ 3-1ന്റെ അഭേദ്യ മുൻതൂക്കവും സ്വന്തമായി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റിന് 126 റൺസെടുത്തു. ഇന്ത്യ മൂന്ന് ഓവർ ബാക്കിയിരിക്കെ നാല് വിക്കറ്റിന് ലക്ഷ്യത്തിലെത്തി. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ രാധ യാദവാണ് കളിയിലെ താരം.
ഇന്ത്യൻ ബാറ്റർമാരിൽ ഓപണർമാരായ ഷഫാലി വർമ 31ഉം സ്മൃതി മന്ദാന 32ഉം ക്യാപ്റ്റൻ ഹർമൻപ്രീത് 26ഉം റൺസ് നേടി. 24 റൺസുമായി ജെമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു. 22 റൺസ് നേടിയ ഓപണർ സോഫിയ ഡങ്ക്ലിയാണ് ഇംഗ്ലീഷ് ടോപ് സ്കോറർ.
ഇന്ത്യൻ ബൗളർമാരിൽ ശ്രീ ചരണിയും രണ്ട് വിക്കറ്റെടുത്തു. അമൻജോത് കൗറും ദീപ്തി ശർമയും ഓരോരുത്തരെയും മടക്കി. അവസാന മത്സരം ശനിയാഴ്ച ബിർമിങ്ഹാമിൽ. 2006ൽ ഇംഗ്ലണ്ടിനെതിരായ ഏക ട്വന്റി20 മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു. അതിനുശേഷം നാട്ടിലോ വിദേശത്തോ ഒരു പരമ്പര പോലും ഇവർക്കെതിരെ നേടാനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.