‘നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കൂ...’; ആർ.സി.ബിക്കെതിരെയും സർക്കാറിനെതിരെയും ആഞ്ഞടിച്ച് മുൻ ലോകകപ്പ് ജേതാവ്

മുംബൈ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഐ.പി.എൽ വിജയാഘോഷത്തിലെ മോശം ആസൂത്രണത്തെയും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചതിനെയും വിമർശിച്ച് മുൻ ഇന്ത്യൻ താരവും 1983 ഏകദിന ലോകകപ്പ് ജേതാവുമായ മദൻലാൽ. ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തുണ്ടായ ദുരന്തം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

‘ജനം ഇതൊരിക്കലും മറക്കില്ല -വിരാട് കോഹ്ലി. പുറത്ത് ജനം മരിച്ചുവീഴുമ്പോൾ, അകത്ത് ആഘോഷം നടക്കുകയായിരുന്നു. ഇത് ഞെട്ടിക്കുന്നതും നിരാശാജനകവുമാണ്. മരിച്ചവരുടെ കുടുംബങ്ങൾ ഈ ദാരുണമായ അപകടത്തിന് ആർ.‌സി‌.ബിക്കും സംസ്ഥാന സർക്കാറിനുമെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസെടുക്കുന്നത് പരിഗണിക്കണം... ബി.‌സി‌.സി‌.ഐയും ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുകയാണ്’ -മുൻ ഇന്ത്യൻ താരം വിമർശിച്ചു.

ദുരന്തത്തിനു പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സർക്കാർ ഒരുക്കിയ തയാറെടുപ്പുകളെ പ്രതിരോധിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രംഗത്തുവന്നു. സുരക്ഷ ജോലികൾക്കായി 5000 പൊലീസുകാരെ വിന്യസിച്ചിരുന്നെന്നും ഇത്രയും ചെറുപ്പക്കാരും ഊർജസ്വലരുമായ ഒരു ജനക്കൂട്ടത്തിനുമേൽ ബലപ്രയോഗം നടത്താൻ കഴിയില്ലെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

വൈകീട്ട് മൂന്നരയോടെ വിധാൻ സൗധ പരിസരത്തു നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിൽ ആർ.സി.ബി ടീമിന്റെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗളൂരു പൊലീസ് പരേഡിന് അനുമതി നൽകിയില്ല. പിന്നീട് സ്റ്റേഡിയത്തിന് മുന്നിലെ റോഡിൽ 10 മിനിറ്റ് മാത്രം പരേഡിന് അനുമതി നൽകി. ഇതോടെ ആരാധകർ താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മുന്നിലെ പ്രധാന കവാടത്തിന് സമീപത്തെ റോഡിലേക്ക് തിരിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. തിരക്കിൽ നിലത്തു വീണ പലർക്കും ആളുകളുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയായിരുന്നു.

Tags:    
News Summary - India World Cup Winner Slams Bengaluru Stampede Mess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.