ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ നിന്ന് രണ്ടുമാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
വാഷിങ്ടൺ സുന്ദറും ദ്രുവ് ജുറേലും ടീമിലെത്തിയപ്പോൾ നിതീഷ് കുമാർ റെഡ്ഡിയും റിങ്കു സിങ്ങും പുറത്തിരിക്കും. രണ്ടാം മത്സരത്തിൽ ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച പേസർ മുഹമ്മദ് ഷമി ഇന്നും പുറത്തിരിക്കും. ഫിറ്റ്നസ് വീണ്ടെടുക്കാനായില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇംഗ്ലണ്ട് നിരയിലും രണ്ടുമാറ്റങ്ങളുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ ജേക്കബ് ബെതലിന് പകരം ജാമീ സ്മിത്തിനെ ഉൾപ്പെടുത്തി. പേസൽ ഗസ് അറ്റ്കിൻസന് പകരം ബ്രെഡൻ കാർസ് ടീമിലെത്തി.
ഈഡൻ ഗാർഡൻസ് സ്പിന്നിനും പേസിനും ഒരുപോലെ അനുഗുണമാണെങ്കിൽ സ്പിന്നർമാരെ തുണക്കുന്നതാണ് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം. വരുൺ ചക്രവർത്തിക്കും അക്സർ പട്ടേലിനും രവി ബിഷ്ണോയിക്കും ഒപ്പം വാഷിങ്ടൺ സുന്ദറും ചേരുന്നതോടെ സ്പിൻ വിഭാഗം കൂടുതൽ കരുത്തരാകും. ഇംഗ്ലീഷ് ഇലവനിൽ ആദിൽ റാശിദും ലിയാം ലിവിങ്സ്റ്റോണുമുണ്ട്.
അഭിഷേകിന്റെ മാരക ബാറ്റിങ് കരുത്താക്കി ഈഡൻ ഗാർഡൻസിൽ ആദ്യ ട്വന്റി20 ഏഴു വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു.
കഴിഞ്ഞ കളിയിൽ ജൊഫ്ര ആർച്ചറൊഴികെ ആരെയും വെറുതെവിടാതെ പ്രഹരിച്ച അഭിഷേകും ഏറെയൊന്നും നീണ്ടുനിന്നില്ലെങ്കിലും വെടിക്കെട്ടുമായി വിരുന്നൂട്ടിയ സഞ്ജു സാംസണും ഇവിടെയും ഇന്ത്യൻ ബാറ്റിങ്ങിനെ നയിക്കുന്നവരാകുമെന്നാണ് കണക്കുകൂട്ടൽ. ഓപണിങ്ങിൽ അഭിഷേകും സഞ്ജുവും ചേർന്ന കൂട്ടുകെട്ടിൽ ഇരുവരും ഒന്നിച്ചില്ലെങ്കിൽ ഒരാളെങ്കിലും ബാറ്റിങ്ങിന്റെ നെടുംതൂണാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.