വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര ട്രോഫിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം
സീനിയർ താരങ്ങളില്ലാതെ ഇന്ത്യ ട്വന്റി20ക്ക്; വിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ കളി ഇന്ന്
ടറൂബ: ഏകദിന, ടെസ്റ്റ് പരമ്പരകൾ നേടിയ ആത്മവിശ്വാസത്തിൽ ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ ട്വന്റി20 പരമ്പരക്ക്. അഞ്ചു മത്സര പരമ്പരയിലെ ആദ്യ കളി വ്യാഴാഴ്ച ടറൂബയിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടക്കും. സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജദേജ തുടങ്ങിയവർ ഇന്ത്യൻ നിരയിലില്ല. ഹാർദിക് പാണ്ഡ്യ നയിക്കുന്ന സംഘത്തിൽ അവസരം കാത്ത് ഒരുപിടി യുവമുഖങ്ങളുണ്ട്. ടെസ്റ്റ് പരമ്പര 1-0ത്തിന് നേടിയ ഇന്ത്യ ഏകദിനത്തിൽ 2-0ത്തിന്റെ ജയമാണ് സ്വന്തമാക്കിയത്. ട്വന്റി20 പരമ്പരയിലെ അഞ്ചു മത്സരങ്ങൾ രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ടീമിൽ പരീക്ഷണങ്ങൾക്കുള്ള സാഹചര്യവുമൊരുക്കും.
മുൻനിര ബാറ്റർമാരായ ഇഷാൻ കിഷനും ശുഭ്മൻ ഗില്ലും ഏകദിന പരമ്പരയിൽ ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ഇഷാൻ മൂന്നു മത്സരങ്ങളിലും അർധശതകം കടന്നു. യശസ്വി ജയ്സ്വാൾ കഴിഞ്ഞ മാസം വിൻഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. മധ്യനിരയിൽ വിശ്വസിക്കാവുന്നവരാണ് സൂര്യകുമാർ യാദവും സഞ്ജു സാംസണും. ക്യാപ്റ്റൻ പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനവും മുതൽക്കൂട്ടാവും.
പേസ് ബൗളിങ്ങിലെ പുതിയ സെൻസേഷനായി മാറിക്കഴിഞ്ഞു മുകേഷ് കുമാർ. അർഷ്ദീപ്-ഉമ്രാൻ മാലിക്-ആവേശ് ഖാൻ ത്രയങ്ങളും കരുത്തുപകരാനുണ്ട്. സ്പിന്നർമാരായി കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും രവി ബിഷ്ണോയിയുമുള്ളപ്പോൾ ആരെയൊക്കെ ഇറക്കണമെന്ന കാര്യത്തിലേ കൺഫ്യൂഷനുള്ളൂ. ജദേജയില്ലാത്ത കുറവ് നികത്താൻ സ്പിൻ ഓൾറൗണ്ടറായി അക്സർ പട്ടേലുണ്ട്. പുതുമുഖ ബാറ്റർ തിലക് വർമക്കും അഞ്ചു മത്സര പരമ്പരയിൽ അവസാന ഇലവനിൽ ഇടംകിട്ടുമെന്നുറപ്പാണ്.
റോവ്മാൻ പവലാണ് ട്വന്റി20യിൽ വിൻഡീസിനെ നയിക്കുന്നത്. ഏകദിന ക്യാപ്റ്റൻ ഷായ് ഹോപ്പിനെയും പേസർ ഒഷാനെ തോമസിനെയും ട്വന്റി20 ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ ആഗസ്റ്റ് ആറിനും എട്ടിനുമായി ഗയാന നാഷനൽ സ്റ്റേഡിയത്തിലും അവസാന രണ്ടെണ്ണം 12, 13 തീയതികളിൽ യു.എസിലെ ഫ്ലോറിഡയിൽ ലോഡർഹിൽ ബ്രോവാഡ് കൗണ്ടി സ്റ്റേഡിയത്തിലും നടക്കും.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, തിലക് വർമ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ഉമ്രാൻ മാലിക്, ആവേശ് ഖാൻ, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയ്.
വെസ്റ്റിൻഡീസ്: റോവ്മാൻ പവൽ (ക്യാപ്റ്റൻ), കൈൽ മേയേഴ്സ്, ജോൺസൺ ചാൾസ്, റോസ്റ്റൺ ചേസ്, ഷിംറോൺ ഹെറ്റ്മെയർ, നിക്കോളാസ് പുരാൻ, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അകീൽ ഹുസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിങ്, ഒബെദ് മക്കോയ്, റൊമാരിയോ ഷെപ്പേർഡ്, ഒഡിയൻ സ്മിത്ത്, ഒഷാനെ തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.