കൂട്ടതകർച്ചയുടെ ഞെട്ടലിൽ ഇന്ത്യയും; 153/4 നിലയിൽ നിന്ന് 153 ൽ തന്നെ ഓൾഔട്ട്..!; അവസാനത്തെ അഞ്ചുപേരും ഡക്ക്

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയെ അവരുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിൽ (55റൺസ്) ചുരുട്ടിക്കെട്ടിയ ഇന്ത്യക്കും ബാറ്റിങ്ങിൽ ചുടവ് പിഴച്ചു. താരതമ്യേന മികച്ച സ്കോറിലേക്കെന്ന് തോന്നിച്ച് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 153 ൽ നിൽക്കെ ഒരടിപോലും മുന്നോട്ടുപോകാനാകാതെ തകർന്നടിഞ്ഞു. നാല് വിക്കറ്റിന് 153 റൺസ് എന്ന നിലയിൽ നിന്ന് ഒരു റൺസ് പോലും ചേർക്കാനാകാതെ ഇന്ത്യയുടെ ആറ് ബാറ്റർമാർ കൂടാരം കയറി. അവസാനത്തെ അഞ്ച് പേരും സംപൂജ്യരായി മടങ്ങി. 98 റൺസിന്റെ ലീഡ് മാത്രമാണ് ഇന്ത്യക്ക് ചേർക്കാനായത്.

ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് മേൽ മുഹമ്മദ് സിറാജിന്റെ സംഹാര താണ്ഡവത്തിന് ശേഷം ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് നിലയുറപ്പിക്കും മുൻപെ ഓപണർ യശസ്വി ജയ്സ്വാളിനെ (0) നഷ്ടമായി. കരുതലോടെ ബാറ്റേന്തിയ നായകൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും 39 റൺസിൽ നിൽക്കെ രോഹിത് പുറത്തായി. തുടർന്നെത്തിയ വിരാട് കോഹ്ലി ഗില്ലിന് കൂട്ടായി മികച്ച ഗംഭീര ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ചെങ്കിലും സ്കോർ 105ൽ നിൽകെ ശുഭ്മാൻ ഗിൽ (36) പുറത്തായി.

അടുത്ത ഓവറിൽ തന്നെ ശ്രേയസ് അയ്യർ പൂജ്യനായി മടങ്ങി. തുടർന്നെത്തിയ കെ.എൽ.രാഹുൽ കോഹ്ലിക്ക് ഉറച്ച പിന്തുണയായി ക്രീസിൽ ഉറച്ചെങ്കിലും സ്കോർ ചലിപ്പിക്കാൻ പാടുപെട്ടു. നാലിന് 153 റൺസ് എന്ന നിലയിൽ നിൽക്കെ രാഹുൽ പുറത്തായി. 33 പന്തിൽ എട്ടു റൺസ് മാത്രമായിരുന്നു സമ്പാദ്യം. പിന്നീടാണ് ഇന്ത്യ സ്വപ്നത്തിൽപോലും കരുതാത്തൊരു തകർച്ചയുണ്ടാകുന്നത്.

59 പന്തിൽ ആറ് ഫോറും ഒരു സിക്സും ഉൾപ്പെടെ 46 റൺസുമായി വിരാട് കോഹ്ലി ക്രീസിലുണ്ടായിരുന്നെങ്കിലും തുടർന്നെത്തിയ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും റൺസൊന്നും എടുക്കാതെ മടങ്ങി. തൊട്ടടുത്ത ഓവറിൽ ഒരു റൺസ് പോലും അധികം ചേർക്കാനാകാതെ വിരാട് കോഹ്ലിയും (46) മടങ്ങി. അതേ ഓവറിൽ സിറാജ് (0) റണ്ണൗട്ടായി. അടുത്ത പന്തിൽ പ്രസിദ്ധ് കൃഷ്ണയും (0) മടങ്ങി. പന്തുകൾ നേരിടാനാകാതെ മുകേഷ് കുമാർ മാത്രമായിരുന്നു ക്രീസിൽ. കാ​ഗി​സോ റ​ബാ​ദ, ലു​ൻ​ഗി എ​ൻ​ഗി​ഡി, നാ​ന്ദ്രെ ബ​ർ​ഗ​ർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ദക്ഷിണാഫ്രിക്ക വീണത് ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറിൽ

കേപ്ടൗൺ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചാണ് മുഹമ്മദ് സിറാജ് തുടങ്ങിയത്. സ്കോർ ബോർഡിൽ അഞ്ച് റൺസുള്ളപ്പോൾ ഓപണർ എയ്ഡൻ മർക്രാമിനെ യശസ്വി ജയ്സ്വാളിന്റെ കൈയിലെത്തിച്ചാണ് സിറാജ് വിക്കറ്റ് വേട്ട തുടങ്ങിയത്. വൈകാതെ അവസാന ടെസ്റ്റ് കളിക്കുന്ന താൽക്കാലിക ക്യാപ്റ്റൻ ഡീൻ എൽഗറിന്റെ സ്റ്റമ്പ് പിഴുതെടുത്തു. നാല് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതിനിടെ മൂന്ന് റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സിനെ ബുംറയുടെ പന്തിൽ രോഹിത് ശർമ പിടികൂടി.

17 പന്ത് നേരിട്ട് തട്ടിയും മുട്ടിയും രണ്ട് റൺസ് ചേർത്ത ടോണി ഡി സോർസിയെ മടക്കി സിറാജ് വിക്കറ്റ് നേട്ടം മൂന്നാക്കി. സോർസിയുടെ ബാറ്റിൽ തട്ടിയ പന്ത് ​വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിൽ വിശ്രമിക്കുകയായിരുന്നു. 12 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമിനെ യശസ്വി ജയ്സ്വാളിനെയും തുടർന്നെത്തിയ മാർകോ ജാൻസനെ റൺസെടുക്കും മുമ്പ് രാഹുലിനെയും 15 റൺസെടുത്ത കെയ്ൽ വെരെയ്നെ ശുഭ്മൻ ഗില്ലിനെയും ഏൽപിച്ചതോ​ടെ സിറാജിന്റെ വിക്കറ്റ് നേട്ടം ആറായി. മൂന്ന് റൺസെടുത്ത കേശവ് മഹാരാജിനെ മുകേഷ് കുമാറിന്റെ പന്തിൽ ബുംറ പിടികൂടി. നാല് റൺസെടുത്ത നാന്ദ്രെ ബർഗർ ജയ്സ്വാളിന് മൂന്നാം ക്യാച്ച് നൽകി മടങ്ങി.

ബുംറക്കായിരുന്നു വിക്കറ്റ്. അഞ്ച് റൺസെടുത്ത കഗിസൊ റബാദയെ മുകേഷ് കുമാറിന്റെ പന്തിൽ ശ്രേയസ് അയ്യരും പിടികൂടിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനും വിരാമമായി. റൺസൊന്നുമെടുക്കാതെ ലുംഗി എംഗിഡി പുറത്താകാതെനിന്നു. ഒമ്പതോവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് സിറാജ് ആറുപേരെ മടക്കിപ്പോൾ ജസ്പ്രീത് ബുംറയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.

Tags:    
News Summary - India vs South Africa 2nd Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.