അടിയോടടി! അഭിഷേക് (20 പന്തിൽ 68*), സൂര്യകുമാർ (26 പന്തിൽ 57*); പത്ത് ഓവറിൽ കളി ജയിച്ച് ഇന്ത്യ; പരമ്പര

ഗുവാഹതി: ഓപ്പണർ അഭിഷേക് ശർമയുടെയും നായകൻ സൂര്യകുമാർ യാദവിന്‍റെയും വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ ബലത്തിൽ ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് അനായായ ജയം.

സന്ദർശകരുടെ 154 റൺസ് വിജയലക്ഷ്യം പത്ത് ഓവറിലാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ അഞ്ചു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി (3-0). ഇനി രണ്ടു മത്സരങ്ങൾ കൂടിയുണ്ട്. സ്കോർ- ന്യൂസിലൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 153. ഇന്ത്യ 10 ഓവറിൽ രണ്ടു വിക്കറ്റിന് 155. അഭിഷേക് 20 പന്തിൽ അഞ്ചു സിക്സും ഏഴു ഫോറുമടക്കം 68 റൺസെടുത്ത് പുറത്താകാതെ നിന്നു. 14 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്.

അന്താരാഷ്ട്ര ട്വന്‍റി20 മത്സരത്തിൽ ഒരു ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ അതിവേഗ അർധ സെഞ്ച്വറിയാണ് അഭിഷേകിന്‍റേത്. 12 പന്തിൽ അർധ സെഞ്ച്വറി നേടിയ യുവരാജ് സിങ്ങാണ് ഒന്നാമത്. 26 പന്തിൽ മൂന്നു സിക്സും ആറു ഫോറുമടക്കം സൂര്യകുമാർ 57 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഇരുവരും 40 പന്തിൽ 102 റൺസാണ് അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ 13 പന്തിൽ 28 റൺസെടുത്ത് പുറത്തായി. സഞ്ജു സാംസൺ മാത്രമാണ് നിരാശപ്പെടുത്തിയത്. 

നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്. മാറ്റ് ഹെൻറി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തിയത്. പിന്നാലെ ക്രീസിലെത്തിയ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ മാറ്റ് ഹെൻറിയുടെ ആ ഓവറിൽ തുടർച്ചയായി രണ്ടു സിക്സും ഒരു ബൗണ്ടറിയും നേടി. ആദ്യ രണ്ട് കളികളിൽ യഥാക്രമം പത്തും ആറും റൺസാണ് സഞ്ജു നേടിയത്. ഇതോടെ താരത്തിന്‍റെ പ്ലെയിങ് ഇലവനിലെ സ്ഥാനം തന്നെ ചോദ്യ ചിഹ്നമായി. സഞ്ജുവിനെ മാറ്റി ഇഷാനെ ഗ്ലൗസ് ഏൽപിക്കാനും ശ്രേയസ്സിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തിരുന്നു. ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങാണ് സന്ദർശകരെ പിടിച്ചുകെട്ടിയത്. പേസ് കുന്തമുന ജസ്പ്രീത് ബുംറ നാലു ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. 40 പന്തിൽ 48 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് സന്ദർശകരുടെ ടോപ് സ്കോറർ. മാർക് ചാപ്മാനും ഭേദപ്പെട്ട പ്രകടനം നടത്തി (23 പന്തിൽ 32 റൺസ്). മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല.

ഡെവൺ കോൺവേ (രണ്ടു പന്തിൽ ഒന്ന്), ടീം സീഫെർട് (11 പന്തിൽ 12), രചിൻ രവീന്ദ്ര (അഞ്ചു പന്തിൽ നാല്), ഡാരിൽ മിച്ചൽ (എട്ടു പന്തിൽ നാല്), മിച്ചൽ സാന്‍റ്നർ (17 പന്തിൽ 27), കൈൽ ജാമിസൻ (അഞ്ചു പന്തിൽ മൂന്ന്), മാറ്റ് ഹെൻറി (ഒരു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ താരങ്ങൾ. അഞ്ചു പന്തിൽ രണ്ടു റൺസുമായി ഇഷ് സോഡിയും മൂന്നു പന്തിൽ നാലു റൺസുമായി ജേക്കബ് ഡഫിയും പുറത്താകാതെ നിന്നു.

ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ, രവി ബിഷ്ണോയി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹർഷിത് റാണക്കാണ് ഒരു വിക്കറ്റ്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്നും വിജയക്കുതിപ്പ് തുടരാനായാൽ പരമ്പര ഉറപ്പിക്കാം. അർഷ്ദീപ് സിങ്ങിനും വരുൺ ചക്രവർത്തിക്കും വിശ്രമം നൽകിയാണ് ബുംറയെയും രവി ബിഷ്ണോയിയും ഇന്ത്യ കളിപ്പിച്ചത്.

Tags:    
News Summary - India vs New Zealand T20: India Chase Down 154 In 10 Overs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.