സെഞ്ച്വറി നേടിയ ജോ റൂട്ട്
മാഞ്ചസ്റ്റർ: ആൻഡേഴ്സൻ - ടെൻഡുൽക്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലിഷ് താരം ജോ റൂട്ടിന് സെഞ്ച്വറി. 178 പന്തിലാണ് താരം ടെസ്റ്റ് കരിയറിലെ 38-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തിൽ ശ്രീലങ്കയുടെ മുൻതാരം കുമാർ സംഗക്കാരക്കൊപ്പമെത്താനും റൂട്ടിനായി. സചിൻ തെൻഡുൽക്കർ (51), ജാക്ക് കാലിസ് (45), റിക്കി പോണ്ടിങ് (41) എന്നിവർക്കു പിന്നിൽ നാലാമതാണ് ഇരുവരുമുള്ളത്. നേരത്തെ ടെസ്റ്റ് റൺവേട്ടക്കാരുടെ പട്ടികയിൽ കാലിസിനെയും രാഹുൽ ദ്രാവിഡിനെയും മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും റൂട്ടിന് കഴിഞ്ഞിരുന്നു.
അതേസമയം മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇംഗ്ലണ്ടിന്‍റെ സ്കോർ 400 കടന്നു. സെഞ്ച്വറി നേടിയ റൂട്ടിന് (105*) കൂട്ടായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് (28*) ക്രീസിലുള്ളത്. 96 ഓവർ പിന്നിടുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 409 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ആകെ ലീഡ് 51 ആയി. കൂടുതൽ വിക്കറ്റുകൾ വീഴ്ത്താനായാൽ മാത്രമേ ഇന്ത്യക്ക് മത്സരം തിരിച്ചു പിടിക്കാനാകൂ.
രണ്ടിന് 225 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. അർധ സെഞ്ച്വറി പിന്നിട്ട് മുന്നേറുകയായിരുന്ന പോപ്പിനെ വാഷിങ്ടൺ സുന്ദർ കെ.എൽ. രാഹുലിന്‍റെ കൈകളിലെത്തിച്ചു. 128 പന്തിൽ ഏഴ് ഫോറുകളുടെ അകമ്പടിയിൽ 71 റൺസാണ് താരം നേടിയത്. പിന്നാലെയെത്തിയ ഹാരി ബ്രൂക്കിനെ നിലയുറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. മൂന്ന് റൺസെടുത്ത താരം ക്രീസ് വിട്ടിറങ്ങിയപ്പോൾ, വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ഓപണർമാരായ സാക് ക്രൗലി (84), ബെൻ ഡക്കറ്റ് (94) എന്നിവരുടെ വിക്കറ്റ് രണ്ടാം ദിനം അവസാന സെഷനിൽ വീണിരുന്നു.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 358 റൺസിൽ അവസാനിച്ചിരുന്നു. നായകനും പേസറുമായ ബെൻ സ്റ്റോക്സിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് പ്രതീക്ഷിച്ചതിലും നേരത്തെ ഇന്ത്യയെ ഓൾ ഔട്ടാക്കാൻ ആതിഥേയരെ സഹായിച്ചത്. മറ്റൊരു പേസർ ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി ശക്തമായ പിന്തുണ നൽകി.
തലേന്ന് സ്റ്റമ്പെടുക്കുമ്പോൾ നാല് വിക്കറ്റിന് 264 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. 19 വീതം റൺസെടുത്ത് രവീന്ദ്ര ജദേജയും ഷാർദുൽ താക്കൂറും ക്രീസിലുണ്ടായിരുന്നു. എന്നാൽ, രണ്ടാംദിനം 94 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിച്ച ആറ് വിക്കറ്റുകളും നഷ്ടമായി. രണ്ടാം ഓവറിൽ തന്നെ ഹാരി ബ്രൂക്കിന്റെ ക്യാച്ചിലൂടെ ജദേജയെ ആർച്ചർ പുറത്താക്കുമ്പോൾ ഒരു റൺസ് മാത്രമാണ് കൂട്ടിച്ചേർത്തിരുന്നത്. 40 പന്തിൽ 20 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയത് വാഷിങ്ടൺ സുന്ദർ. വാഷിങ്ടണും ഷാർദുലും സ്കോർ പതിയെ ചലിപ്പിക്കുന്നതിനിടെ മറ്റൊരു തിരിച്ചടി. 88 പന്തിൽ 41 റൺസെടുത്ത ഷാർദുലിനെ ഡക്കറ്റിനെ ഏൽപിച്ചു സ്റ്റോക്സ്. ആറിന് 314.
ഒന്നാംദിനം വ്യക്തിഗത സ്കോർ 37 റൺസിൽ നിൽക്കെ പരിക്കേറ്റ് മടങ്ങിയ പന്ത് വീണ്ടും ക്രീസിലേക്ക്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ആറിന് 321. പന്തും (39) വാഷിങ്ടണും (20) ക്രീസിൽ. 27 റൺസ് നേടിയ വാഷിങ്ടൺ സുന്ദറിനെ സ്റ്റോക്സ്, ക്രിസ് വോക്സിന്‍റെ കൈകളിലെത്തിച്ചു. പിന്നെ ഇറങ്ങിയ അരങ്ങേറ്റക്കാരൻ അൻഷുൽ കാംബോജിനെ റണ്ണെടുക്കാൻ അനുവദിക്കാതെ വിക്കറ്റ് കീപ്പർ ജാമി സ്മിത്തിനെ ഏൽപിച്ച സ്റ്റോക്സ് സ്കോർ എട്ടിന് 337ലാക്കി. ബുംറയെ സാക്ഷിയാക്കി പന്ത് അർധ ശതകം പൂർത്തിയാക്കി. പിന്നാലെ താരത്തെ ആർച്ചർ ക്ലീൻ ബൗൾഡാക്കി. 75 പന്തിൽ 54 റൺസാണ് പന്ത് നേടിയത്.
ബുംറയും സിറാജും ചേർന്ന് ടീം സ്കോർ 350 കടത്തി. ബുംറയെ (4) വിക്കറ്റ് കീപ്പറുടെ ഗ്ലൗസിൽ ഭദ്രമാക്കി ആർച്ചർ ഇന്ത്യൻ ഇന്നിങ്സിന് തിരശീലയിട്ടു. അഞ്ച് റൺസുമായി സിറാജ് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ഓപണർമാർ ഏകദിന ശൈലിയിൽ ഇന്ത്യൻ ബൗളർമാരെ കൈകാര്യം ചെയ്തു. 166 റൺസ് ചേർത്ത ഓപണിങ് കൂട്ടുകെട്ടിന് ജദേജയാണ് വിരാമമിട്ടത്. ക്രോളിയെ (84) രാഹുൽ ക്യാച്ചെടുത്ത് മടക്കി. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഡക്കറ്റിനെ ഋഷഭ് പന്തിന് പകരം വിക്കറ്റ് കാക്കുന്ന ധ്രുവ് ജുറെൽ പിടിച്ചു പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.