ഇംഗ്ലണ്ട് താരങ്ങൾ മത്സരത്തിനിടെ

ബാസ്ബാൾ ശൈലിക്ക് മാറ്റമില്ല; അതിവേഗം 100 പിന്നിട്ട് ഇംഗ്ലണ്ട്, ഓപണർമാർക്ക് അർധ സെഞ്ച്വറി

മാഞ്ചസ്റ്റർ: ബാസ്ബാൾ ശൈലിയിൽ ബാറ്റു ചെയ്യുന്നതിലൂടെ വിക്കറ്റുകൾ നഷ്ടമാകുന്നുവെന്ന് കഴിഞ്ഞ മത്സരത്തിൽ പഴികേട്ടെങ്കിലും തങ്ങളുടെ നയത്തിൽനിന്ന് ലവലേശം പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് ഓപണർമാരുടെ അതിവേഗ ബാറ്റിങ്. സാക് ക്രൗലിയും ബെൻ ഡക്കറ്റും തകർത്ത് അടിച്ചതോടെ 18.5 ഓവറിൽ ആതിഥേയർ സ്കോർ ബോർഡിൽ 100 റൺസ് ചേർത്തു. 25 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 124 എന്ന നിലയിലാണ് ഇംഗ്ലണ്ട്. അർധ സെഞ്ച്വറി പിന്നിട്ട ക്രൗലിയും (64*) ഡക്കറ്റും (58*) ക്രീസിൽ തുടരുകയാണ്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 358 റൺസിൽ അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് രണ്ടാംദിനം സന്ദർശകർക്ക് കനത്ത തിരിച്ചടി നൽകിയത്. പരിക്കേറ്റ കാലുമായി തിരികെ ക്രീസിലെത്തിയ ഋഷഭ് പന്ത് അർധ സെഞ്ച്വറി നേടിയതു മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. കഴിഞ്ഞ ദിവസം പുറത്തായ സായ് സുദർശനാണ് (61) ഇന്നിങ്സിലെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി സ്റ്റോക്സ് അഞ്ച് വിക്കറ്റ് പിഴുതപ്പോൾ ജോഫ്ര ആർച്ചർ മൂന്നും ക്രിസ് വോക്സ്, ലിയാം ഡോസൺ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നാലിന് 264 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യൻ ബാറ്റർമാർക്ക് 94 റൺസ് മാത്രമാണ് ഇന്നിങ്സിലേക്ക് കൂട്ടിച്ചേർക്കാനായത്. രണ്ടാം ഓവറിൽ തന്നെ ജദേജയെ ആർച്ചർ പുറത്താക്കുമ്പോൾ ഒരു റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളൂ. 40 പന്തിൽ 20 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയത് വാഷിങ്ടൺ സുന്ദർ. ഇരുവരും സ്കോർ പതിയെ ചലിപ്പിക്കുന്നതിനിടെ 102ാം ഓവറിൽ ശാർദുൽ താക്കൂറിനെ (41) ബെൻ സ്റ്റോക്സ് വീഴ്ത്തി. ഇതോടെ നീരുവെച്ച കാലിലെ വേദന കടിച്ചമർത്തി, പന്ത് ക്രീസിലേക്ക് മടങ്ങിയെത്തിയത്.

27 റൺസ് നേടിയ വാഷിങ്ടൺ സുന്ദറിനെ സ്റ്റോക്സ്, വോക്സിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ അരങ്ങേറ്റക്കാരൻ അൻഷുൽ കാംബോജിനെ റണ്ണെടുക്കാൻ അനുവദിക്കാതെ വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്തിന്‍റെ കൈകളിലെത്തിച്ച സ്റ്റോക്സ് ഇന്ത്യക്ക് വീണ്ടും പ്രഹരമേൽപ്പിച്ചു. പേസർ ജസ്പ്രീത് ബുംറയെ സാക്ഷിയാക്കി ഋഷഭ് പന്ത് (54) അർധ ശതകം പൂർത്തിയാക്കി. പിന്നാലെ താരത്തെ ജോഫ്ര ആർച്ചർ ക്ലീൻ ബൗൾഡാക്കി. ബുംറയും സിറാജും ചേർന്ന് ടീം സ്കോർ 350 കടത്തി. ബുംറയെ (4) സ്മിത്തിന്‍റെ കൈകളിലെത്തിച്ച് ആർച്ചർ ഇന്ത്യൻ ഇന്നിങ്സിന് തിരശീലയിട്ടു. അഞ്ച് റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.

Tags:    
News Summary - India vs England Live Score, 4th Test Day 2: Ben Duckett, Zak Crawley 50s Push India Completely On Back Foot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.