സെഞ്ച്വറി നേടിയ ജോ റൂട്ട്
ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ 38ാം സെഞ്ച്വറിയുമായി റൺവേട്ടക്കൊപ്പം റെക്കോഡുകളിലും പുതുചരിതം കുറിച്ച് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുടെ മൂന്നാം ദിനത്തിൽ സ്കോർബോർഡും കൂടെ വ്യക്തിഗത സ്കോറും ഉയർത്തി റൂട്ട് കുതിച്ചത് സചിൻ ടെണ്ടുൽകറും റിക്കി പോണ്ടിങ്ങും അലങ്കരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക്. ഒന്നാം ഇന്നിങ്സിലെ 56ാം ഓവറിൽ മുഹമ്മദ് സിറാജിനെ സിംഗിൾ പായിച്ച് സ്കോർ 31ലെത്തിച്ചതോടെ ഉയർന്ന റൺവേട്ടക്കാരിൽ മൂന്നാമനായ താരം അതേ ദിനത്തിൽ തൊട്ടുമുന്നിലുണ്ടായിരുന്ന പോണ്ടിങ്ങിനെയും കടന്ന് രണ്ടാമതെത്തി.
ഇംഗ്ലീഷ് ബാറ്റർമാരിൽ ഏറ്റവും ഉയർന്ന റൺ സ്കോറർ പദവി കഴിഞ്ഞ ഒക്ടോബറിൽ സ്വന്തമാക്കിയിരുന്നു. നിലവിൽ 15,291 റൺസ് സ്വന്തമായുള്ള സചിൻ ടെണ്ടുൽകർ മാത്രമാണ് താരത്തിന് മുന്നിലുള്ളത്. തന്റെ മുന്നിലുണ്ടായിരുന്ന ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിന് 13288 റൺസും ദക്ഷിണാഫ്രിക്കൻ ലെജൻഡ് ജാക് കാലിസിന് 13,289 റൺസുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, മൂന്നാം ദിനം അക്ഷരാർഥത്തിൽ വെളിച്ചപ്പാടായി റൂട്ട് നിറഞ്ഞാടിയപ്പോൾ കളിയും റെക്കോഡുകളും തന്റെ വഴിയെ ആയി. ആദ്യം ദ്രാവിഡിനെ പിന്നിലാക്കിയ താരം അൻഷുൽ കംബോജിനെ ഡീപ് പോയിന്റിലേക്ക് സിംഗിൾ അടിച്ച് വ്യക്തിഗത സ്കോർ 120ലെത്തിച്ചാണ് രണ്ടാമനായത്. ഒടുവിൽ 150 റൺസ് നേടിയ താരം രവീന്ദ്ര ജദേജയുടെ പന്തിൽ ക്രീസ് വിട്ടിറങ്ങി കളിക്കാനുള്ള ശ്രമത്തിൽ, വിക്കറ്റ് കീപ്പർ സ്റ്റമ്പ് ചെയ്ത് പുറത്താകുകയായിരുന്നു.
200 ടെസ്റ്റ് മത്സരങ്ങളിൽ 329 ഇന്നിങ്സുകളിലാണ് സചിൻ ടെണ്ടുൽകറുടെ റെക്കോഡ് റൺ നേട്ടമെങ്കിൽ, പോണ്ടിങ് ഇത് 168 ടെസ്റ്റിലും 287 ഇന്നിങ്സിലുമായാണ് വെട്ടിപ്പിടിച്ചത്. ഇവർക്കെല്ലാം ഭീഷണിയായി കുതിക്കുന്ന ജോ റൂട്ടിന് 157 ടെസ്റ്റുകളും 286 ഇന്നിങ്സുകളും മാത്രമേ 13000ത്തിലെത്താൻ വേണ്ടിവന്നുള്ളൂ. ഇതോടൊപ്പം ഓൾഡ് ട്രഫോഡിൽ 1000 ടെസ്റ്റ് റൺ തികച്ച താരവുമായി അദ്ദേഹം. സ്വന്തം നാട്ടിൽ 23ാം ശതകം പിന്നിട്ട താരം ഈ നേട്ടത്തിൽ സചിനെ കടന്നപ്പോൾ അത്രയും സെഞ്ച്വറി കുറിച്ച കുമാർ സംഗക്കാരക്കൊപ്പമെത്തി. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേട്ടത്തിന്റെ റെക്കോഡുണ്ടായിരുന്ന സ്റ്റീവ് സ്മിത്തിനിടെയും അതിനിടെ റൂട്ട് പിന്നിലാക്കി- ഇന്ത്യക്കെതിരെ 12ാം സെഞ്ച്വറിയാണ് ഇംഗ്ലീഷ് താരത്തിന്.
അതേസമയം മാഞ്ചസ്റ്റർ ടെസ്റ്റിൽ 120 ഓവർ പിന്നിടുമ്പോൾ അഞ്ചിന് 500 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജേയ്മി സ്മിത്തും ലിയാം ഡോസണുമാണ് ക്രിസീൽ. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (66*) പരിക്കേറ്റ് തിരികെ ഡ്രസ്സിങ് റൂമിൽ കയറി. റൂട്ടിനു പുറമെ ഒലി പോപ് (71), ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്. സാക് ക്രൗലി (84), ബെൻ ഡക്കറ്റ് (94) എന്നിവർ രണ്ടാംദിനം പുറത്തായിരുന്നു. 358 റൺസാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.