മാഞ്ചസ്റ്റർ: ബുംറയും സിറാജുമടക്കം ഏറ്റവും കരുത്തർ പന്തെറിഞ്ഞിട്ടും എതിർ ബാറ്റിങ്ങിൽ പരിക്കേൽപിക്കാനാകാതെ ഇന്ത്യൻ ബൗളിങ് ഉഴറിയ ദിനത്തിൽ ആതിഥേയർ കരുത്തരായ നിലയിൽ. രണ്ടു വിക്കറ്റിന് 225 എന്ന നിലയിൽ ഇന്നിങ്സ് തുടങ്ങിയ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ സെഞ്ചൂറിയൻ ജോ റൂട്ടിന്റെ (248 പന്തിൽ 150) കരുത്തിൽ ഇംഗ്ലണ്ട് ഏഴുവിക്കറ്റ് നഷ്ടത്തിൽ 544 റൺസ് എടുത്തിട്ടുണ്ട്. 77 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, 21 റൺസ് നേടിയ ലിയാം ഡോവ്സൺ എന്നിവരാണ് ക്രീസിൽ. അർധ സെഞ്ച്വറി നേടിയ ഓലി പോപ് (128 പന്തിൽ 71) ഹാരി ബ്രൂക് (12 പന്തിൽ മൂന്ന് റൺസ്), ജോ റൂട്ട്, ജേമി സ്മിത്ത് (ഒമ്പത്), ക്രിസ് വോക്സ് (നാല്) എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ആതിഥേയർക്ക് നഷ്ടമായത്. ഇതിൽ മൂന്നെണ്ണം അവസാന സെഷനിലാണ് വീണത്.
ട്വന്റി20 മോഡൽ ബാറ്റിങ്ങുമായി വരാനിരിക്കുന്നതിന്റെ സൂചന നൽകി കഴിഞ്ഞ ദിവസം നിർത്തിയേടത്തുനിന്നാണ് വെള്ളിയാഴ്ചയും ആതിഥേയ നിര ബാറ്റിങ് തുടങ്ങിയത്. ഒരു ഘട്ടത്തിലും ഇന്ത്യൻ ബൗളിങ്ങിന് അവസരം നൽകാതെ കളിച്ച ടീം ഇന്ത്യൻ സ്കോറിനൊപ്പമെത്താൻ ഏറെയൊന്നും വിയർപ്പൊഴുക്കേണ്ടിവന്നില്ല. മഹാമേരുവായി ഇംഗ്ലീഷ് ബാറ്റിങ്ങിൽ നങ്കൂരമിട്ടുനിന്ന ജോ റൂട്ട് സെഞ്ച്വറി കുറിച്ചപ്പോൾ മറുവശത്ത് ഓലി പോപ് അർധ സെഞ്ച്വറിയും നേടി. വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ പോപ് വിക്കറ്റ് നഷ്ടമായി കൂടാരം കയറിയപ്പോൾ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷയുണർന്നെങ്കിലും സ്റ്റോക്സ് എത്തിയതോടെ അതും അവസാനിച്ചു.
അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാൻ സുന്ദറും ജഡേജയുമടങ്ങുന്ന സ്പിന്നും സിറാജും ഷാർദുലുമടങ്ങുന്ന പേസും തരാതരം പോലെ എത്തിയിട്ടും മാറ്റമുണ്ടായില്ല. 157 പന്തിൽ കൂട്ടുകെട്ട് സെഞ്ച്വറി പൂർത്തിയാക്കി. ഒറ്റ ഓവർ മാത്രമെറിഞ്ഞ ബുംറ മൈതാനം വിട്ടത് കാര്യങ്ങൾ കടുപ്പമേറിയതാക്കി. ഇടവേളക്കു ശേഷം താരം മടങ്ങിയെത്തിയെങ്കിലും അംപയർമാർ ബൗളിങ്ങിന് അവസരം വൈകിച്ചു. ചായക്കു ശേഷവും കാര്യമായ മാറ്റങ്ങളുണ്ടായില്ല. കരുതലോടെ പിടിച്ചുനിൽക്കുകയും എന്നാൽ, അവസരം കിട്ടുമ്പോഴൊക്കെ പ്രഹരിക്കുകയുമായിരുന്നു റൂട്ടിന്റെയും സ്റ്റോക്സിന്റെയും ശൈലി. സെഞ്ച്വറി പിന്നിട്ടിട്ടും ആക്രമണോത്സുകത കാട്ടാതെ പിടിച്ചുനിന്നാണ് റൂട്ട് ബാറ്റിങ് തുടർന്നത്.
റൂട്ടിന്റെ പാഡിലേക്ക് മനോഹരമായി പന്തെറിഞ്ഞ് മൂന്നാം ദിനം തുടങ്ങിയ ബുംറക്ക് പക്ഷേ, പിന്നീട് പലപ്പോഴായി അടികിട്ടി. വിക്കറ്റ് വീഴ്ത്താനുള്ള ശ്രമങ്ങളൊട്ട് വിജയം കണ്ടതുമില്ല. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ അൻഷുൽ കാംബോജും നിരാശപ്പെടുത്തി. ഇടക്ക് പരിക്കേറ്റ സ്റ്റോക്സ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ഈ അവസരം മുതലെടുത്ത് ജേമി സ്മിത്തിനെയും ക്രിസ് വോക്സിനെയും മടക്കാൻ ഇന്ത്യൻ താരങ്ങൾക്കായി. ഇടയ്ക്ക് 150 റൺസ് പൂർത്തിയാക്കിയതിനു പിന്നാലെ കയറിക്കളിച്ച റൂട്ടിനെ ധ്രുവ് ജുറേൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയും ചെയ്തു. ഏഴു വിക്കറ്റ് വീണതോടെ നായകൻ സ്റ്റോക്സ് തിരികെ ക്രീസിലെത്തുകയായിരുന്നു. നിലവിൽ ഇംഗ്ലണ്ടിന്റെ ലീഡ് 186 റൺസ് ആയിട്ടുണ്ട്. വമ്പൻ ലീഡ് നേടി ഇന്ത്യയെ തീർത്തും പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യവുമായാകും നാലാംദിനം ഇംഗ്ലിഷ് താരങ്ങൾ ബാറ്റിങ് പുനരാരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.