ബുംറക്ക് അഞ്ചു വിക്കറ്റ്; ഇംഗ്ലണ്ട് 387 റൺസിന് പുറത്ത്

ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387 റൺസിന് പുറത്ത്. അഞ്ചു വിക്കറ്റ് നേടിയ പേസർ ജസ്പ്രീത് ബുംറയാണ് ആതിഥേയരെ പിടിച്ചുകെട്ടിയത്.

ജോ റൂട്ട് ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടി. 199 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 104 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം. രണ്ടാം ദിനം സ്കോർ ബോർഡിൽ 116 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് ബാക്കിയുള്ള ആറു വിക്കറ്റുകൾ നഷ്ടമായത്. തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഏഴിന് 271 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ 350 കടത്തിയത് ജാമി സ്മിത്ത്-ബ്രൈഡന്‍ കാര്‍സ് കൂട്ടുകെട്ടാണ്. എട്ടാം വിക്കറ്റില്‍ ഇരുവരും 84 റണ്‍സാണ് നേടിയത്.

ജാമി സ്മിത്ത് 56 പന്തിൽ 51 റൺസും ബ്രൈഡന്‍ കാര്‍സ് 83 പന്തിൽ 56 റൺസെടുത്തുമാണ് പുറത്തായത്. രണ്ടാം ദിനം നാലിന് 251 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ദിനം നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി റൂട്ട് മൂന്നക്കം തികച്ചു. താരത്തിന്റെ 37ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇന്ത്യക്കെതിരെ ഏഴാമത്തെ സെഞ്ച്വറിയും ലോര്‍ഡ്സിലെ താരത്തിന്റെ എട്ടാം സെഞ്ച്വറിയും. സ്‌കോര്‍ 260 എത്തിയപ്പോള്‍ നായകൻ ബെന്‍ സ്റ്റോക്സിനെ മടക്കി ബുംറയാണ് രണ്ടാംദിനം വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

110 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് സ്റ്റോക്സ് പുറത്തായത്. പിന്നാലെ ജോ റൂട്ടിനെയും ബുംറ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ക്രിസ് വോക്‌സിനെയും (0) ബുംറ മടക്കിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ജാമി സ്മിത്ത്-ബ്രൈഡന്‍ കാർസ് കൂട്ടുകെട്ടാണ് വലിയ തകർച്ചയിൽനിന്ന് കരകയറ്റിയത്.

ജൊഫ്ര ആർച്ചർ നാല് റൺസെടുത്ത് പുറത്തായി. ശുഐബ് ബഷീർ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

Tags:    
News Summary - India vs England 3rd Test: England 387 All Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.