ജയപ്രതീക്ഷകൾ തിരിച്ചുപിടിച്ച് ബൗളർമാർ; ഇന്ത്യ 64/1, 244 റൺസ് മുന്നിൽ

ബിർമിങ്ഹാം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൈവിട്ടെന്ന് കരുതിയ ഇന്ത്യയുടെ ജയപ്രതീക്ഷകൾ തിരിച്ചുപിടിച്ച് ബൗളർമാർ. ഒരുവേള അഞ്ച് വിക്കറ്റിന് 84 റൺസിലേക്ക് തകർന്ന ഇംഗ്ലണ്ടിനെ തകർപ്പൻ സെഞ്ച്വറികളുമായി ജാമി സ്മിത്തും ഹാരി ബ്രൂക്കും കരകയറ്റിയെങ്കിലും ഒന്നാം ഇന്നിങ്സിൽ 180 റൺസിന്റെ നിർണായക ലീഡ് നേടി സന്ദർശകർ. ഇന്ത്യയുടെ സ്കോറായ 587 റൺസിന് മറുപടിയായി ഇംഗ്ലീഷുകാർ 407ൽ എല്ലാവരും പുറത്തായി. ബാക്കി സമയം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റിന് 64 റൺസെന്ന നിലയിലാണ്. 28 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് നഷ്ടമായത്. 28 റണ്ണുമായി കെ.എൽ. രാഹുലും ഏഴ് റണ്ണുമായി കരുൺ നായരും പുറത്താകാതെ നിൽക്കുന്നു. പേസർമാരായ മുഹമ്മദ് സിറാജ് ആറും ആകാശ്ദീപ് നാലും വിക്കറ്റ് വീഴ്ത്തിയാണ് ആതിഥേയരെ ഓൾ ഔട്ടാക്കിയത്. ജാമി 184 റൺസുമായി അപരാജിതനായി നിന്നപ്പോൾ ബ്രൂക്ക് 158 റൺസ് നേടി. ആറാം വിക്കറ്റിൽ ഈ സഖ്യം 303 റൺസ് ചേർത്തു .

ഇന്നലെ മൂന്ന് വിക്കറ്റിന് 77 റൺസിൽ കളി പുനരാരംഭിക്കുമ്പോൾ ബ്രൂക്കും (30) ജോ റൂട്ടുമായിരുന്നു (18) ക്രീസിൽ. ആകാശ്ദീപാണ് പുതിയ പന്തെടുത്തത്. രണ്ടാം ഓവറിൽ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേൽപിച്ചു സിറാജ്. മൂന്നാം പന്തിൽ റൂട്ടിനെ (22) വിക്കറ്റ് പിന്നിൽ ഋഷഭ് പന്ത് പിടിച്ചു. സിറാജിന് ഹാട്രിക് ചാൻസ് സമ്മാനിച്ച് തൊട്ടടുത്ത പന്തിൽ ബെൻ സ്റ്റോക്സും (0) കീപ്പറുടെ ഗ്ലൗസിൽ. 84 റൺസിൽ അഞ്ചാം വിക്കറ്റ് വീണതോടെ കളി പൂർണമായും ഇന്ത്യയുടെ വരുതിയിലാവുകയാണെന്ന് തോന്നിച്ചു. എന്നാൽ, ബ്രൂക്കിന് കൂട്ടായെത്തിയ ജാമി ഏകദിന ശൈലിയിൽ ബാറ്റ് വീശിയപ്പോൾ സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചു. പ്രസിദ്ധ് കൃഷ്ണയുടെ ഒരു ഓവറിൽ 23 റൺസ് പിറന്നു.

സ്കോർ 200ഉം പിന്നിട്ട് കുതിക്കവെ ജാമിയും ബ്രൂക്കും സെഞ്ച്വറിയിലേക്ക്. ബ്രൂക്കിന് മുമ്പ് തന്നെ ജാമിയുടെ ശതകമെത്തി. 14 ഫോറിന്റെ മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 80ാം പന്തിലായിരുന്നു സെഞ്ച്വറി. ലഞ്ചിന് പിരിയുമ്പോൾ അഞ്ചിന് 249. 137ാം പന്തിൽ ബ്രൂക്കും നൂറിൽത്തൊട്ടു. ചായക്ക് മുമ്പ് തന്നെ 350 റൺസിലെത്തി ഇംഗ്ലണ്ട്. 144ാം പന്തിൽ ജാമി 150ൽ. ഫോളോ ഓണിന് ഒരു റൺ മാത്രം അകലെ ബ്രൂക്കിന് മടക്കം. 83ാം ഓവറിലെ രണ്ടാം പന്തിൽ ആകാശ് കുറ്റി തെറിപ്പിച്ചു. 234 പന്തിൽ 17 ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു പ്രകടനം. സ്കോർ ആറിന് 387.

അധികം കഴിയുംമുമ്പെ ക്രിസ് വോക്സിനെ (5) കരുൺ നായരുടെ കൈകളിലേക്ക് വിട്ടു ആകാശ്. ശേഷിച്ച മൂന്ന് വിക്കറ്റും സിറാജ് നേടി. ബ്രൈഡൻ കാർസിനെ (0) റിവ്യൂവിൽ ജയിച്ച് വിക്കറ്റിന് മുന്നിൽ കുരുക്കി. 90ാം ഓവറിലെ ആദ്യ പന്തിൽ ജോഷ് ടങ്ങിനെയും പൂജ്യത്തിൽ എൽ.ബി.ഡബ്ല്യൂവിലാക്കി. മൂന്നാം പന്തിൽ ഷുഐബ് ബഷീർ (0) ബൗൾഡ്. ഇംഗ്ലണ്ട് 407ന് പുറത്ത്. 207 പന്തിൽ 21 ഫോറും നാല് സിക്സുമടക്കമാണ് ജാമി 184 റൺസടിച്ചത്.

Tags:    
News Summary - India vs England 2nd Test: India takes 244 runs lead at the end of day 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.