ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഇന്ത്യ നേടിയ 587 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഇന്നിങ്സ് 407ൽ അവസാനിച്ചു. ആകാശ് ദീപ് -മുഹമ്മദ് സിറാജ് പേസ് ദ്വയമാണ് ഇംഗ്ലിഷ് ബാറ്റിങ് നിരയെ തകർത്തത്. സിറാജ് ആറും ശേഷിച്ച നാല് വിക്കറ്റ് ആകാശും പിഴുതു. ആറ് ഇംഗ്ലിഷ് ബാറ്റർമാരാണ് സംപൂജ്യരായി കൂടാരം കയറിയത്. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ജേമി സ്മിത്താണ് (184*) ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ.
ആറാം വിക്കറ്റിൽ സ്മിത്തിനൊപ്പം 303 റൺസ് കൂട്ടിച്ചേർത്ത ഹാരി ബ്രൂക്കിനെ പുറത്താക്കി ആകാശ് ദീപാണ് ഇന്ത്യക്ക് നിർണായക ബ്രേക്‌ത്രൂ സമ്മാനിച്ചത്. 234 പന്തിൽ 158 റൺസ് ബ്രൂക്ക് ആകാശിന്‍റെ പന്തിൽ ബൗൾഡായി. ഇന്ത്യൻ പേസർമാർക്കു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ തകർന്ന ഇംഗ്ലിഷ് ബാറ്റിങ് നിരയെ ബ്രൂക്കും ജേമി സ്മിത്തും ചേർന്ന് കരകയറ്റുകയായിരുന്നു. മൂന്നാം ദിനം മൂന്നിന് 77 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ 84ൽ നിൽക്കേ തുടരെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. 22 റൺസ് നേടിയ ജോ റൂട്ടിന് പുറമെ നേരിട്ട ആദ്യ പന്തിൽ സംപൂജ്യനായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സും കൂടാരം കയറി. ഇരുവരെയും മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈകളിൽ എത്തിക്കുകയായിരുന്നു.
പിന്നീടൊന്നിച്ച ബ്രൂക്കും സ്മിത്തും ചേർന്ന് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. ആറാം വിക്കറ്റിൽ 303 റൺസാണ് ഇംഗ്ലിഷ് മധ്യനിര താരങ്ങൾ അടിച്ചെടുത്തത്. ബ്രൂക്ക് - സ്മിത്ത് സഖ്യം തകർന്നതിനു പിന്നാലെ അഞ്ച് റൺസ് നേടിയ ക്രിസ് വോക്സിന്‍റെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. ഇതോടെ സ്കോറിങ്ങിന് സ്മിത്ത് ഒറ്റക്കായി. സ്കോർ 400 കടന്നതിനു പിന്നാലെ ബ്രൈഡൻ കാഴ്സ്, ജോഷ് ടങ്, ശുഐബ് ബഷീർ എന്നിവരെ സിറാജ് സംപൂജ്യരായി മടക്കി. ഇതോടെ ഇംഗ്ലിഷ് ഇന്നിങ്സിന് തിരശീല വീണു. രണ്ടാം ദിനം ബെൻ ഡക്കറ്റ് (0), ഒലി പോപ്പ് (0), സാക് ക്രൗലി (19) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587 റൺസാണ് നേടിയത്. ഇരട്ട ശതകം നേടിയ നായകൻ ശുഭ്മൻ ഗില്ലിന്‍റെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വമ്പൻ സ്കോർ കുറിച്ചത്. 587 റൺസിൽ സന്ദർശകർ ഓൾ ഔട്ടായപ്പോൾ 269ഉം പിറന്നത് ഗില്ലിന്റെ ബാറ്റിൽനിന്ന്. രവീന്ദ്ര ജദേജ 89 റൺസും യശസ്വി ജയ്സ്വാൾ 87 റൺസും നേടി. വാഷിങ്ടൺ സുന്ദർ (42), കരുൺ നായർ (31) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.