ജേമി സ്മിത്തും ഹാരി ബ്രൂക്കും ബാറ്റിങ്ങിനിടെ

ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു; തകർച്ചയിൽനിന്ന് കരകയറ്റി ബ്രൂക്കും സ്മിത്തും, ഇരുവർക്കും സെഞ്ച്വറി

ബിർമിങ്ഹാം: ഇന്ത്യൻ പേസർമാർക്കു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ തകർന്ന ഇംഗ്ലിഷ് ബാറ്റിങ് നിരയെ ഹാരി ബ്രൂക്കും ജേമി സ്മിത്തും കരകയറ്റുന്നു. അഞ്ചിന് 84 എന്ന നിലയിൽ തകർന്ന ഇംഗ്ലിഷ് ടീമിനായി ഇരുവരും സെഞ്ച്വറി നേടി. 73 ഓവർ പിന്നിടുമ്പോൾ അഞ്ചിന് 341 എന്ന നിലയിലാണ് ആതിഥേയർ. 131 റൺസുമായി ബ്രൂക്കും 156 റൺസുമായി സ്മിത്തുമാണ് ക്രീസിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് ഇനിയും 246 റൺസ് കൂടി വേണം.

മൂന്നാം ദിനം മൂന്നിന് 77 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ 84ൽ നിൽക്കേ തുടരെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. 22 റൺസ് നേടിയ ജോ റൂട്ടിന് പുറമെ നേരിട്ട ആദ്യ പന്തിൽ സംപൂജ്യനായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സും കൂടാരം കയറി. ഇരുവരെയും മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നീടൊന്നിച്ച ബ്രൂക്കും സ്മിത്തും ചേർന്ന് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. ആറാം വിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി മുന്നേറുകയാണ് ഇംഗ്ലിഷ് മധ്യനിര താരങ്ങൾ.

സ്റ്റോക്സ് ഉൾപ്പെടെ മൂന്ന് ഇംഗ്ലണ്ട് താരങ്ങളാണ് ഇന്ത്യൻ പേസർമാർക്കു മുമ്പിൽ പിടിച്ചു നിൽക്കാനാകാതെ പൂജ്യത്തിനു മടങ്ങിയത്. കഴിഞ്ഞ ദിവസം ബെൻ ഡക്കറ്റ്, ഒലി പോപ്പ് എന്നിവരെ ആകാശ് ദീപ് മടക്കിയിരുന്നു. ഇരുവർക്കും പുറമെ 19 റൺസ് നേടിയ സാക് ക്രൗലിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നേരത്തെ നഷ്ടമായത്. ബ്രൂക്ക് - സ്മിത്ത് സഖ്യം തകർക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമായിരിക്കുകയാണ്. മൂന്നാംദിനം ഇംഗ്ലണ്ടിനെ പുറത്താക്കാൻ സാധിച്ചില്ലെങ്കിൽ മത്സരത്തിൽ ഫലമുണ്ടാകാൻ സാധ്യത കുറവാണ്.

ഇന്ത്യ 587

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587 റൺസാണ് നേടിയത്. ഇരട്ട ശതകം നേടിയ നായകൻ ശുഭ്മൻ ഗില്ലിന്‍റെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വമ്പൻ സ്കോർ കുറിച്ചത്. 587 റൺസിൽ സന്ദർശകർ ഓൾ ഔട്ടായപ്പോൾ 269ഉം പിറന്നത് ഗില്ലിന്റെ ബാറ്റിൽനിന്ന്. ആദ്യ ദിനം സെഞ്ച്വറിയുമായി ഗിൽ ക്രീസിലുണ്ടായിരുന്നു. 387 പന്തിൽ 30 ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു പ്രകടനം. രവീന്ദ്ര ജദേജ 89 റൺസും നേടി. രണ്ടാംനാൾ ഗിൽ 114ലും ജദേജ 41ലും ഇന്ത്യ അഞ്ച് വിക്കറ്റിന് 310ലുമാണ് ഇന്നിങ്സ് പുനരാരംഭിച്ചത്.

നേരിട്ട 80ാം പന്തിൽ ജദേജയുടെ അർധ ശതകം പിറന്നു. ഇംഗ്ലീഷ് ബൗളർമാർക്ക് ഒരവസരവും നൽകാതെ ആറാം വിക്കറ്റിൽ ഇന്ത്യയെ നയിച്ച സഖ്യം സ്കോർ 400ലെത്തിച്ചു. ഇതിന് മുമ്പ് ഗിൽ 150 പിന്നിട്ടിരുന്നു. സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച ജദേജയെ മത്സരത്തിലെ 108ാം ഓവറിൽ ജോഷ് ടങ് വീഴ്ത്തി. 137 പന്തിൽ പത്ത് ഫോറും ഒരു സിക്സുമടക്കം 89 റൺസെടുത്ത ജദേജയെ വിക്കറ്റിന് പിന്നിൽ ജാമി സ്മിത്ത് പിടിച്ചു. സ്കോർ ആറിന് 414. ആറാം വിക്കറ്റിൽ 203 റൺസാണ് പിറന്നത്. അഞ്ച് റൺസ് കൂടി ചേർത്ത് ലഞ്ചിന് പിരിഞ്ഞു. ഗില്ലിനൊപ്പം (168) വാഷിങ്ടൺ സുന്ദർ (1) ക്രീസിൽ.

നായകന് ഉറച്ച പിന്തുണ നൽകി വാഷിങ്ടൺ ചെറുത്തുനിന്നതോടെ ആതിഥേയ ബൗളർമാർ വീണ്ടും കുഴഞ്ഞു. മത്സരത്തിലെ 122ാം ഓവറിലാണ് ഗില്ലിന്റെ കന്നി ഇരട്ട ശതകം പിറക്കുന്നത്. ഈ ഓവറിലെ ആദ്യ പന്തിൽ ടങ്ങിനെ ഫൈൻ ലെഗിലേക്കടിച്ച് നേടിയ സിംഗിളിൽ 200 തികച്ചു. നേരിട്ട 311ാം പന്തിലായിരുന്നു ഡബ്ൾ. ഇന്ത്യയെ 500ഉം കടത്തി ഏഴാം വിക്കറ്റിൽ മുന്നോട്ട് നീക്കിയ ഗിൽ-വാഷിങ്ടൺ സഖ്യം ഇംഗ്ലണ്ടിന് മറ്റൊരു ഭീഷണി സൃഷ്ടിച്ചു. 348ാം പന്തിൽ ഹാരി ബ്രൂക്കിനെ ഫോറടിച്ച് ഗിൽ 250ഉം തികച്ചു. ജോ റൂട്ടാണ് ഈ കൂട്ടുകെട്ടിന് അന്ത്യമിട്ടത്. 103 പന്തിൽ 42 റൺസ് ചേർത്ത വാഷിങ്ടൺ ബൗൾഡായി. ഏഴിന് 558. അധികം കഴിയും മുമ്പേ ചായക്ക് സമയമായി. 265 റൺസുമായി ഗില്ലും അക്കൗണ്ട് തുറക്കാതെ ആകാശ് ദീപും ക്രീസിൽ.

ട്രിപ്പ്ൾ സെഞ്ച്വറി പ്രതീക്ഷയിൽ ബാറ്റേന്തിയ നായകൻ ഒടുവിൽ ടങ്ങിന് മുന്നിൽ അടിയറവ് പറഞ്ഞു. 144ാം ഓവറിലെ മൂന്നാം പന്തിൽ ഗില്ലിനെ (269) സ്ക്വയർ ലെഗ്ഗിൽ ഒലി പോപ്പ് ക്യാച്ചെടുത്തു. 574ൽ എട്ടാം വിക്കറ്റ്. 13 പന്തിൽ ആറ് റൺസ് നേടിയ ആകാശ് ദീപിനെ ബെൻ ഡക്കറ്റിന്റെ കൈകളിലേക്കയച്ചു ഷുഐബ് ബഷീർ. 574ൽത്തന്നെ ഒമ്പതാം വിക്കറ്റും വീണു. അവസാന വിക്കറ്റിൽ മുഹമ്മദ് സിറാജ് (8)-പ്രസിദ്ധ് കൃഷ്ണ (5) സഖ്യത്തിന് സ്കോർ 600ൽ എത്തിക്കാനായില്ല. 151 ഓവർ പൂർത്തിയാകവെ സിറാജിനെ ഷുഐബിന്റെ പന്തിൽ സ്മിത്ത് സ്റ്റമ്പ് ചെയ്തു. ഇന്ത്യ 587ന് ഓൾ ഔട്ട്. ഷുഐബ് മൂന്നും ടങ്ങും ക്രിസ് വോക്സും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - India vs England 2nd Test Day 3 Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.