ബംഗ്ലാദേശ് ടെസ്റ്റ്: ഇന്ത്യ പ്രതിരോധത്തിൽ; 45‍/4; ജയിക്കാൻ നൂറു റൺസ് കൂടി

മിർപൂർ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ പ്രതിരോധത്തിൽ. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ സന്ദർശകർക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 45 റൺസാണുള്ളത്. രണ്ടു ദിവസം ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ ഇനിയും നൂറു റൺസ് കൂടി വേണം.

നേരത്തെ, ആതിഥേയർ രണ്ടാം ഇന്നിങ്സിൽ 231 റൺസിനു പുറത്തായിരുന്നു. 145 റൺസിന്‍റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽവെച്ചത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്നു റൺസെടുത്ത് നിൽക്കുമ്പോൾ രണ്ടു റൺസ് മാത്രമെടുത്ത് നായകൻ കെ.എൽ. രാഹുൽ പുറത്തായി. ഷാക്കിബ് അല്‍ ഹസന്റെ പന്തിൽ വിക്കറ്റ് കീപ്പർ നൂറുൽ ഹസന്‍ ക്യാച്ചെടുത്താണു മടങ്ങിയത്. പിന്നാലെ ചേതേശ്വർ പൂജാര (12 പന്തിൽ ആറ്), ശുഭ്മാൻ ഗിൽ (35 പന്തിൽ ഏഴ്), വീരാട് കോഹ്ലി (22 പന്തിൽ ഒന്ന്) എന്നിവരും വേഗത്തിൽ മടങ്ങി.

26 റൺസുമായി അക്സർ പട്ടേലും മൂന്നു റൺസുമായി ജയ്ദേവ് ഉനദ്ഘട്ടുമാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ മൂന്നു വിക്കറ്റ് നേടി. ഷാകിബ് അൽ ഹസൻ ഒരു വിക്കറ്റും. രണ്ടാം ഇന്നിങ്സിൽ ഓപ്പണർ സാക്കിർ ഹസന്‍റെയും ലിറ്റൻ ദാസിന്‍റെയും അർധ സെഞ്ച്വറികളാണ് ബംഗ്ലാദേശ് സ്കോർ ഇരുന്നൂറ് കടത്തിയത്. ലിറ്റൻ ദാസ് 98 പന്തുകളിൽനിന്ന് 73 റൺസെടുത്തു. സാക്കിർ 135 പന്തിൽ 51 റൺസും. നൂറുൽ ഹസന്‍ (29 പന്തിൽ 31), തസ്കിൻ അഹമ്മദ് (46 പന്തിൽ 31) എന്നിവരും പിടിച്ചുനിന്നു.

ഇന്ത്യക്കുവേണ്ടി അക്സർ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, അശ്വിൻ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും ഉമേഷ് യാദവും ജയ്ദേവ് ഉനദ്ഘട്ടും ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 314ന് ഓൾഔട്ടായിയിരുന്നു. ഋഷഭ് പന്തിന്‍റെയും ശ്രേയസ് അയ്യരുടെയും അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ ലീഡ് നേടി കൊടുത്തത്.

പന്തിന് ഏഴ് റൺസിനാണ് സെഞ്ച്വറി നഷ്ടമായത്. താരം 104 പന്തിൽ അഞ്ചു സിക്സും ഏഴു ഫോറും അടക്കം 93 റൺസെടുത്തു. ശ്രേയസ് അയ്യർ 105 പന്തിൽ രണ്ടു സിക്സും 10 ഫോറും ഉൾപ്പെടെ 87 റൺസെടുത്തു. നേരത്തെ ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 227 റൺസിൽ അവസാനിച്ചിരുന്നു.

നായകൻ കെ.എൽ. രാഹുൽ (45 പന്തിൽ 10 റൺസ്), ശുഭ്മാൻ ഗിൽ (39 പന്തിൽ 20), ചേതേശ്വർ പൂജാര (55 പന്തിൽ 24), വിരാട് കോഹ്ലി (73 പന്തിൽ 24), അക്സർ പട്ടേൽ (11 പന്തിൽ നാല്), ആർ. അശ്വിൻ (30 പന്തിൽ 12), ഉമേഷ് യാദവ് (13 പന്തിൽ 14), മുഹമ്മദ് സിറാജ് (15 പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 32 പന്തിൽ 14 റൺസെടുത്ത ജയദേവ് ഉനദ്കട്ട് പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി നായകൻ ഷാകിബ് അൽ ഹസൻ, തെയ്ജുൽ ഇസ്ലാം എന്നിവർ നാലുവീതം വിക്കറ്റ് നേടി. തസ്കിൻ അഹ്മദ്, മെഹ്ദി ഹസൻ എന്നിവരും ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയർ 73.5 ഓവറിൽ 227 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ടീമിലേക്കു തിരിച്ചെത്തിയ മോമിനുൽ ഹഖ് ഒരുവശത്ത് പൊരുതിനിന്നെങ്കിലും ബാക്കിയുള്ളവർ വേഗത്തിൽ മടങ്ങി.

Tags:    
News Summary - India vs Bangladesh 2nd Test,: India 45/4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.