മൊഹാലി ട്വന്‍റി20: പാണ്ഡ്യ 30 പന്തിൽ 71; രാഹുൽ 55; ഓസിസിനെതിരെ ഇന്ത്യക്ക് 208 റൺസ്

മൊഹാലി: മൊഹാലി ട്വന്‍റി20യിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. ഹാർദിക് പണ്ഡ്യയുടെയും കെ.എൽ. രാഹുലിന്‍റെയും അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ സ്കോർ ഇരുന്നൂറ് കടത്തിയത്.

പാണ്ഡ്യ 30 പന്തിൽ 71 റൺസെടുത്ത് പുറത്താകാതെ നിന്നു. അഞ്ചു സിക്സറുകളും ഏഴു ഫോറുകളും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. രാഹുൽ 35 പന്തിൽ മൂന്നു സിക്സറുകളും നാലു ഫോറുകളും ഉൾപ്പെടെ 55 റൺസെടുത്തു. ഒമ്പത് പന്തിൽ 11 റൺസെടുത്ത രോഹിത്തിനെ ജോഷ് ഹെയ്സൽവുഡ് പുറത്താക്കി. ഏഴ് പന്തിൽ രണ്ടു റൺസെടുത്ത കോഹ്‌ലി നേഥൻ എല്ലിസിന്‍റെ പന്തിൽ പുറത്തായി.

സൂര്യകുമാർ യാദവ് 25 പന്തിൽ 46 റൺസെടുത്തു. അക്സർ പട്ടേലും ദിനേഷ് കാർത്തികും ആറു റൺസ് വീതം എടുത്ത് പുറത്തായി. ഹർഷൽ പട്ടേൽ ഏഴു റൺസുമായി പാണ്ഡ്യക്ക് മികച്ച പിന്തുണ നൽകി. നേരത്തെ, ടോസ് നേടിയ ഓസിസ് നായകൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓസിസിനായി നേഥൻ എല്ലിസ് മൂന്നു വിക്കറ്റുകൾ നേടി. ജോഷ് ഹെയ്സൽവുഡ് രണ്ടു വിക്കറ്റും കാമറൺ ഗ്രീൻ ഒരു വിക്കറ്റും നേടി.

വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക് ടീമിൽ ഇടം നേടിയപ്പോൾ ഋഷഭ് പന്ത് പുറത്തായി. പരിക്കിൽനിന്ന് മുക്തനായി ടീമിനൊപ്പം ചേർന്ന ജസ്പ്രീത് ബുംറക്ക് ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ചു.

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോഹ് ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ഉമേഷ് യാദവ്, യുസ്‍വേന്ദ്ര ചഹൽ.

ആസ്ട്രേലിയ: ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), കാമറൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇൻഗ്ലിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിൻസ്, നേഥൻ എല്ലിസ്, ആഡം സാംപ, ജോഷ് ഹെയ്സൽവുഡ്.

Tags:    
News Summary - India Vs Australia: Hurricane Hardik Pandya Powers India To 208

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.