സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ അവസാന ഏകദിനത്തിൽ ടോസ് ഭാഗ്യം ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷിനൊപ്പം. മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ മാർഷ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ച ഓസീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കാകട്ടെ ഇന്നത്തെ മത്സരം അഭിമാന പോരാട്ടമാണ്. ഇടംകൈയൻ സ്പിന്നർ കുൽദീപ് യാദവിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്ന് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും റൺ കണ്ടെത്താനാകാത്ത വിരാട് കോഹ്ലിയും ഇന്നത്തെ ശ്രദ്ധാകേന്ദ്രമാണ്.
ആദ്യ മത്സരങ്ങളിൽ യഥാക്രമം ഏഴും രണ്ടും വിക്കറ്റിനായിരുന്നു ഗിൽ സംഘത്തിന്റെ പരാജയം. ഇടവേളക്ക് ശേഷം ഇന്ത്യക്കായി കളിക്കാനിറങ്ങിയ സൂപ്പർ താരം വിരാട് കോഹ്ലി രണ്ടിലും ഡക്കായി മടങ്ങിയപ്പോൾ നായക പദവിയൊഴിഞ്ഞ രോഹിത് ശർമ അഡലെയ്ഡിൽ 73 റൺസെടുത്ത് ടോപ് സ്കോററായി. രോഹിത്തിനും കോഹ്ലിക്കും നിർണായകമാണ് പരമ്പര. ഇന്നത്തെ മത്സരം തോറ്റാൽ ഒരു നാണക്കേടും ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നുണ്ട്. 2022ന് ശേഷം ഒരു ഏകദിന പരമ്പരയിൽപോലും സമ്പൂർണ തോൽവി ഏറ്റുവാങ്ങിയിട്ടില്ല. ഇതൊഴിവാക്കാനും ജയം അനിവാര്യമാണ്.
മികച്ച സംഘവുമായിത്തന്നെയാണ് ഇന്ത്യ ആസ്ട്രേലിയൻ മണ്ണിലെത്തിയിരിക്കുന്നത്. ആതിഥേയ സംഘത്തിൽ പേസർ പാറ്റ് കമ്മിൻസ്, ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ അടക്കം പ്രമുഖരുടെ അഭാവമുണ്ട് താനും. മാച്ച് വിന്നറായ സ്പിന്നർ കുൽദീപ് യാദവിന് രണ്ട് മത്സരങ്ങളിലും ഇന്ത്യ അവസരം നൽകിയിരുന്നില്ല. ഓസീസ് നിരയിൽ ആദ്യ മത്സരത്തിനില്ലാതിരുന്ന സ്പിന്നർ ആദം സാംപ നാല് വിക്കറ്റ് നേടിയാണ് അഡലെയ്ഡിൽ തിരിച്ചുവരവ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.