ഗുവാഹതി: ജസ്പ്രീത് ബുംറക്കായി കാത്തിരിപ്പ് തുടരുമ്പോഴും വിജയവഴി തിരിച്ചുപിടിച്ച ആഘോഷം വിടാതെ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം അങ്കത്തിന്. ബൗളിങ്ങും ബാറ്റിങ്ങും ഒരേ താളത്തിൽ ടീം ഇന്ത്യയുടെ എൻജിനായി മൈതാനം നിറയുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും മൊഹാലിയിൽ ആരാധകർ പ്രതീക്ഷിക്കുന്നില്ല.
നേരത്തെ ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇറങ്ങുമെന്ന് കണക്കുകൂട്ടിയിരുന്ന സ്റ്റാർ പേസർ ബുംറ ഇനിയും തിരിച്ചെത്തിയിട്ടില്ല. രോഗം ഭേദമായെന്ന ആശ്വാസത്തിൽ തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ട്വന്റി20ക്ക് എത്തിയെങ്കിലും പുറംവേദന വന്ന് പിൻവാങ്ങുകയായിരുന്നു. പകരക്കാരായി ഉമേഷ് യാദവും മുഹമ്മദ് സിറാജും ടീമിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ബുംറ ഇനി എന്ന് എന്നത് ചോദ്യമായി തുടരുകയാണ്. വെറ്ററൻ ബൗളർ മുഹമ്മദ് ഷമിയും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനില്ല.
കഴിഞ്ഞ ദിവസം കോവിഡ് മുക്തനായെങ്കിലും ആസ്ട്രേലിയയിൽ ഈ മാസം ആരംഭിക്കുന്ന ലോകകപ്പ് ടീമിൽ ഉണ്ടാകുമോയെന്നതും വ്യക്തമല്ല.ലോകകപ്പ് സാധ്യത പട്ടികയിൽ സ്റ്റാൻഡ്ബൈയായാണ് ഷമിയെ പരിഗണിച്ചിരിക്കുന്നത്. ബൗളിങ്ങിൽ അർഷ്ദീപ് സിങ്, ദീപക് ചഹാർ എന്നിവരും അക്സർ പട്ടേലും ചേർന്നായിരുന്നു കഴിഞ്ഞ ദിവസം പ്രോട്ടീസിനെ ചാരമാക്കിയത്. ഓസീസ് പരമ്പരയിൽ എട്ടു വിക്കറ്റുകളുമായി അക്സർ പട്ടേലായിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്.
ഭുവനേശ്വറും ടീമിലുണ്ടെങ്കിലും താരം നന്നായി തല്ലുവാങ്ങുന്നത് തുടരുകയാണ്. ഹർഷൽ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ എന്നിവരും മെച്ചപ്പെട്ട പ്രകടനവുമായി പ്രതീക്ഷ കാക്കുന്നുണ്ട്.ബാറ്റിങ്ങിൽ സൂര്യകുമാർ യാദവിന്റെ കത്തുന്ന ഫോമാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുനയിക്കുന്നത്.തിരുവനന്തപുരത്ത് 33 പന്തിൽ 50 അടിച്ച താരം ഓപണർ കെ.എൽ. രാഹുലിനൊപ്പം ഇന്ത്യക്ക് അനായാസ ജയമാണ് സമ്മാനിച്ചത്.
മുംബൈ: അടുത്തുവരുന്ന ട്വന്റി20 ലോകകപ്പിൽ ബുംറയുടെ സാന്നിധ്യം ഉണ്ടാകില്ലെന്ന് പറയാറായിട്ടില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. തിരുവനന്തപുരത്തെത്തിയ ബുംറയെ ബുധനാഴ്ച ചികിത്സക്കായി ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റിയിരുന്നു. പുറംവേദനയാണ് താരത്തെ അലട്ടുന്നത്. ഈ മാസം 16ന് ആരംഭിക്കുന്ന ലോകകപ്പിന് പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം ആറിന് ആസ്ട്രേലിയയിലേക്ക് പുറപ്പെടും. 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കുകയാണെന്ന് പരിശീലകൻ ദ്രാവിഡും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.