അവിശ്വസനീയവും അനിർവചനീയവുമായ ഒരു കപ്പ് വിജയത്തിന്റെ ഇന്നും പിന്തുടരുന്ന അനുഭൂതിയുമായി മൂന്നാം ലോക കിരീടം തേടിയിറങ്ങുകയാണ് ഇന്ത്യ. ലോകത്തിലെ ഒന്നാം നിരക്കാരെന്ന ഖ്യാതിയും സ്വന്തം നെഞ്ചകത്ത് ആർത്തുവിളിക്കുന്ന കാണികളുടെ പിന്തുണയുമായി ലോക കിരീടത്തിലേക്ക് ബാറ്റേന്തുന്ന രോഹിത് ശർമക്കും കൂട്ടുകാർക്കും ഇത്തവണ കാര്യങ്ങളെല്ലാം അനുകൂലമാണ്.

കീർത്തികേട്ട ബാറ്റർമാരും ബൗളർമാരുമടങ്ങിയ ടീം ലോകക്രിക്കറ്റിലെ വമ്പന്മാർക്കെതിരെ ആധിപത്യം പുലർത്തുന്ന സമീപകാല ചരിത്രവും കൂട്ടിനുണ്ട്. എന്നാൽ, 2011ൽ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ഏകദിന കിരീടം നേടിയശേഷം ഐ.സി.സി ടൂർണമെന്റുകളിൽ ഒരു വലിയ വിജയത്തിന്റെ നിറപ്പകിട്ടില്ലെന്ന ഭാരവുമായാണ് ടീമിന്റെ രംഗപ്രവേശം.

കണക്കിലെ കളികളും മാറിമറിയുന്ന ഭാഗ്യനിർഭാഗ്യങ്ങളും വിധി നിർണയിക്കുന്ന പോരാട്ടവേദികളിൽ പ്രതീക്ഷാനിർഭരമായ ചുവടുവെപ്പുകൾക്ക് കാത്തിരിക്കുകയാണ് ടീം ഇന്ത്യ.


ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യ രണ്ടു പതിപ്പുകളിൽ ഇന്ത്യ ചിത്രത്തിലേ ഇല്ലായിരുന്നു. രണ്ടു തവണയും ആദ്യ റൗണ്ടിൽ പുറത്തായ ഇന്ത്യക്ക് കണക്കിൽ ചേർക്കാനുണ്ടായിരുന്നത് ഒരു ജയം മാത്രം. ഏകദിന മത്സരങ്ങളിലെ പരിചയക്കുറവുമായി തന്നെയായിരുന്നു മൂന്നാം ലോകകപ്പിനും ഇന്ത്യ പാഡ് കെട്ടിയത്.

അവിടെ ടെസ്റ്റ് ക്രിക്കറ്റിൽ മാറ്റുതെളിയിച്ച ബാറ്റർമാരും ബൗളർമാരും കപിൽ ദേവ് എന്ന ലോകോത്തര ഓൾറൗണ്ടറുടെ കീഴിൽ ഏകദിന ഭൂമികയിലെ ചെകുത്താന്മാരായി പരിവർത്തിക്കപ്പെടുകയായിരുന്നു. ലോക ക്രിക്കറ്റിൽ അജയ്യരും പകരംവെക്കാനില്ലാത്തവരുമായ കരീബിയക്കാരെ ഞെട്ടിച്ച് തുടങ്ങിയ ഇന്ത്യ എല്ലാവരെയും അത്ഭുത പരതന്ത്രരാക്കിയാണ് ഫൈനലിൽ‌ പ്രവേശിച്ചതും ഒരിക്കൽകൂടി കരീബിയൻ കരുത്തിനെ മറികടന്നതും.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യ വൻശക്തികളിലൊന്നായി പരിണമിക്കുന്നതാണ് 1983 ജൂൺ 25ന് ലോഡ്സിൽ കണ്ടത്. എന്നാൽ, മറ്റൊരു ലോകകപ്പ് വിജയത്തിന് ഇന്ത്യക്ക് നീണ്ട 28 വർഷം കാത്തിരിക്കേണ്ടിവന്നു.

ഇംഗ്ലണ്ടിനു പുറത്ത് ആദ്യമായി ലോകകപ്പ് നടന്ന 1987ൽ ആതിഥ്യം വഹിച്ച ഇന്ത്യ സെമിയിൽ പുറത്തായപ്പോൾ 92ൽ ആദ്യ റൗണ്ടുപോലും കടന്നില്ല. 96ൽ സെമി ഫൈനലിലും 99ൽ സൂപ്പർ സിക്സിലും ഇന്ത്യയുടെ പോരാട്ടങ്ങൾ അവസാനിച്ചു. 2003ൽ ഫൈനൽ വരെ എത്തിയെങ്കിലും ആസ്ട്രേലിയയോട് തോൽക്കാനായിരുന്നു വിധി.

കരീബിയൻ ദ്വീപുകളിൽ നടന്ന അടുത്ത ലോകകപ്പ് തിരിച്ചടികളുടേതായിരുന്നു. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റ് ആദ്യ റൗണ്ടിൽ പുറത്ത്. അന്നത്തെ തോൽവി നൽകിയ പാഠങ്ങളിൽനിന്ന് കരുത്താർജിച്ചാണ് ഇന്ത്യ 2011ൽ കപ്പടിച്ച് വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയത്.

എം.എസ്. ധോണി എന്ന നായകന്റെ നേതൃപാടവത്തിലായിരുന്നു കിരീടനേട്ടം. അടുത്ത രണ്ടു ലോകകപ്പുകളിലും കപ്പ് ജയിക്കാൻ പോന്നവരുടെ ടീമായി രംഗപ്രവേശം ചെയ്തെങ്കിലും അവസാന കടമ്പയിൽ തട്ടിവീണു. രണ്ടു തവണയും സെമിയിൽ തോറ്റുമടങ്ങി.

ലോകകപ്പിന് ഇതാദ്യമായി ഇന്ത്യ ഒറ്റക്ക് വേദിയൊരുക്കുമ്പോൾ സാധ്യതക്കാരിൽ മുന്നിൽ മറ്റാരുമല്ല. അവസാന മൂന്നു ലോകകപ്പുകളിൽ കിരീടം നേടിയത് ആതിഥേയരാണെന്ന കൗതുകം ആവർത്തിക്കപ്പെടുമെന്ന ആത്മവിശ്വാസവുമായാണ് രോഹിത് ശർമയും സംഘവും തയാറെടുക്കുന്നത്. ലോകത്തിലെ മറ്റേത് മികച്ച ടീമിനോടും കിടപിടിക്കുന്നതാണ് ഈ സംഘം.

പ്രതിഭയും പരിചയസമ്പത്തും വിജയതൃഷ്ണയും വേണ്ടുവോളം ഈ ടീമിനുണ്ട്. സമ്മർദങ്ങളെ അതിജയിക്കാനുള്ള കരുത്തും ആവശ്യത്തിലേറെ. കഴിഞ്ഞ കാലങ്ങളിലും ഇങ്ങനെയൊക്കെയായിരുന്നിട്ടും കളത്തിനകത്തും പുറത്തും പിണഞ്ഞ ചെറിയ പിഴവുകൾക്കും തെറ്റായ തീരുമാനങ്ങൾക്കും കപ്പിന്റെ വലിയ വിലകൊടുക്കേണ്ടി വന്ന ഭൂതകാലമാണ് ഇന്ത്യയുടേത്. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് പിണഞ്ഞ തോൽവി ഹൃദയഭേദകമായിരുന്നു.

സന്തുലിതം ഈ സംഘം

ഈ ലോകകപ്പിൽ കളിക്കാനെത്തുന്ന ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നാണ് ഇന്ത്യ. നായകൻ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും ബാറ്റിങ് ശക്തിക്കും അനുഭവക്കരുത്തിനും പകരംവെക്കാൻ മറ്റൊന്നില്ല. പ്രതിഭയും പോരാട്ടവീര്യവും കൈമുതലായ ഓപണർ ശുഭ്മൻ ഗിൽ ഈ ലോകകപ്പിന്റെ താരങ്ങളിലൊരാളാവുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

മധ്യനിരയിൽ ഇടംപിടിക്കാൻ കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവർ തമ്മിലാവും മത്സരം. ഓൾറൗണ്ടർമാരിൽ ഉപനായകൻ ഹാർദിക് പാണ്ഡ്യയും രവീന്ദർ ജദേജയും ഏതു മത്സരത്തിന്റെയും ഗതി മാറ്റിമറിക്കാൻ കെൽപുള്ളവരാണ്. പതിവിനു വിപരീതമായി ഇന്ത്യ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുക ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമടങ്ങുന്ന പേസ് ത്രയത്തെയാണ്.

ഇന്ത്യൻ പിച്ചുകളിൽപോലും എതിർ ബാറ്റ്സ്മാന്മാരെ അമ്പരപ്പിക്കുന്ന ഇവർ അപാര ഫോമിലുമാണ്. ഒരിടവേളക്കുശേഷം ടീമിൽ തിരിച്ചെത്തിയ ആർ. അശ്വിനും കുൽദീപ് യാദവുമടങ്ങിയ സ്പിൻ ആക്രമണത്തിന്റെ ശൗര്യം ഈ ലോകകപ്പിൽ ഏറെ പരീക്ഷിക്കപ്പെടുകതന്നെ ചെയ്യും.

ഓൾ റൗണ്ടർ ശാർദുൽ ഠാകുറിന് ആദ്യ ഇലവനിൽ കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ഏതവസരത്തിലും പരീക്ഷിക്കപ്പെടും. പ്രതിഭയിലും പ്രകടനങ്ങളിലും മികവുകാട്ടിയിട്ടും ടീമിൽ ഇടംകിട്ടാ​​െതപോയവരില്ലെന്ന് പറയാനാവില്ല.

ടീം പ്രഖ്യാപനത്തിനു മുമ്പുവരെ പരിക്കിന്റെ പിടിയിലാവുകയും ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ തിരിച്ചെത്തി മികവ് തെളിയിക്കുകയും ചെയ്തവരുടെ ശാരീരികക്ഷമതയിൽ ഇപ്പോഴും സംശയിക്കുന്നവരുണ്ടെങ്കിലും ലോകകപ്പ് കൈയിലേന്താൻ പോന്ന സന്നാഹം ഈ ടീമിലുണ്ട്. കപ്പിൽ മാറ്റുരക്കുന്ന പത്ത് ടീമുകളിൽ ആദ്യ നാലിലെത്തി സെമി ഫൈനൽ പ്രവേശം ഇന്ത്യക്ക് വലിയ കടമ്പയാവില്ല.

അഞ്ചു തവണ കപ്പടിച്ച ആസ്ട്രേലിയയും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡുമാണ് ഇന്ത്യക്കു മുന്നിൽ വെല്ലുവിളിയുയർത്തുന്ന മറ്റു ശക്തികൾ. ഒറ്റ തോൽവി എല്ലാം തുലക്കുന്ന നോക്കൗട്ട് പോരാട്ടങ്ങളിൽ സമ്മർദങ്ങളെ അതിജയിക്കുകയാവും രോഹിതും സംഘവും നേരിടുന്ന പ്രധാന വെല്ലുവിളി. സ്വന്തം മണ്ണിൽ ഒരിക്കൽകൂടി കപ്പുയർത്തുന്നതും കാത്ത് പ്രാർഥനാനിർഭരമാണ് ഇന്ത്യ.

Tags:    
News Summary - India looking for the cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.