'ഈ അസംബന്ധം കാണിക്കരുത്'; കോഹ്‌ലിയുടെ ബാറ്റിങ് സ്ഥാനം മാറ്റുന്നതിനെതിരെ മുൻ താരം

രണ്ടര വർഷത്തെ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ചാണ് മുൻ നായകൻ വിരാട് കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തിയത്. ഒക്ടോബറിൽ ആസ്ട്രേലിയ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായുള്ള കോഹ്‌ലിയുടെ തിരിച്ചുവരവ് ടീമിനും മാനേജ്മെന്‍റിനും വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

ഏഷ്യ കപ്പിൽ അഫ്ഗാനിസ്താനെതിരെ നേടിയ 122 റൺസ്, താരത്തിന്‍റെ ട്വന്‍റി20യിലെ ആദ്യ സെഞ്ച്വറി കൂടിയാണ്. മത്സരത്തിൽ ഓപ്പണിങ് ഇറങ്ങിയാണ് താരം സെഞ്ച്വറി പ്രകടനം പുറത്തെടുത്തത്. ഇതോടെ താരത്തെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിർദേശവുമായി മുൻ താരങ്ങളടക്കം രംഗത്തുവന്നിരുന്നു.

ഈ നിർദേശത്തിനെതിരെ രൂക്ഷമായാണ് മുൻ താരം ഗൗതം ഗംഭീർ പ്രതികരിച്ചത്. 'ഒരു ബാക്കപ്പ് (ഓപ്പണർ) ആയി മാത്രം. കോഹ്‌ലി ബാറ്റിങ് ഓപ്പൺ ചെയ്യുന്നത് വലിയ അസംബന്ധമാണ്. കെ.എൽ. രാഹുലിനും രോഹിത് ശർമക്കുമൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. ഇതിനെ കുറിച്ച് ചിന്തിക്കാൻ പോലും പാടില്ല. മൂന്നാം നമ്പറാണ് താരത്തിന് ഏറ്റവും അനുയോജ്യം. കോഹ്‌ലിയെ മൂന്നാം സ്ഥാനത്തുതന്നെ ഉറപ്പിക്കരുത്. പത്താം ഓവർ വരെ ഓപ്പണർമാർ ബാറ്റ് ചെയ്താൽ, മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിനെ പരിഗണിക്കണം. നേരത്തെ വിക്കറ്റ് നഷ്ടപ്പെട്ടാൽ കോഹ്‌ലിയെ പരിഗണിക്കണം' -ഗംഭീർ പറഞ്ഞു.

ഒക്ടോബർ 23ന് പാകിസ്താനെതിരെയാണ് ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശർമ നായകനും കെ.എൽ. രാഹുൽ ഉപനായകനായും 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. മുഹമ്മദ് ഷമി ഉൾപ്പെടെ നാലു താരങ്ങളെ സ്റ്റാൻഡ് ബൈ ആയും പരിഗണിച്ചിട്ടുണ്ട്.

Tags:    
News Summary - India Great On Changing Virat Kohli's Batting Position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.