ന്യൂഡൽഹി: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് ഫീൽഡിങ്. ന്യൂഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആസ്ട്രേലിയക്കെതിരെ ചെന്നൈയില്‍ ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സ്പിന്നര്‍ രവിചന്ദ്രൻ അശ്വിന് പകരം പേസര്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ ഇടം നേടി. മുഹമ്മദ് ഷമിക്ക് ഇന്നും അവസരം ലഭിച്ചില്ല. 2019ലെ ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അവസാന ഓവറിൽ മുഹമ്മദ് ഷമി നേടിയ ഹാട്രിക്കായിരുന്നു അഫ്ഗാന്റെ ജയം തടഞ്ഞത്. ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അഫ്ഗാനിസ്ഥാന് ഇറങ്ങുന്നത്.
ആസ്ട്രേലിയക്കെതിരെ മുൻനിര തകര്‍ന്നടിഞ്ഞിട്ടും വിരാട് കോഹ്ലിയുടെയും കെ.എല്‍ രാഹുലിന്റെയും അര്‍ധസെഞ്ച്വറികളുടെ മികവില്‍ പൊരുതി ജയിച്ചാണ് ഇന്ത്യ വരുന്നത്. അതേസമയം, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാന് ബംഗ്ലാദേശിനോട് കനത്ത തോല്‍വി വഴങ്ങിയിരുന്നു. ഇതേ ഗ്രൗണ്ടില്‍ നടന്ന ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടത്തില്‍ വൻ സ്കോര്‍ പിറന്നിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 428 റണ്‍സടിച്ചപ്പോള്‍ ശ്രീലങ്ക 326 റണ്‍സാണ് നേടിയത്. ഇന്നും റണ്ണൊഴുക്കുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇന്നത്തെ മത്സരത്തിൽ രോഹിത് ശർമയും സംഘവും ലക്ഷ്യമിടുന്നത് വമ്പൻ ജയമാണ്. പത്തിൽ നാല് ടീമുകൾക്കാണ് സെമി ഫൈനൽ പ്രവേശനമെന്നിരിക്കെ ദുർബല എതിരാളികളെ വൻ മാർജിനിൽ തോൽപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിൽ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം. ഇന്ത്യയെ നേരിടാൻ തയാറായി കരുത്തർ പലരും നിൽക്കെ ചെറിയ കൈപ്പിഴക്കുപോലും വലിയ വില കൊടുക്കേണ്ടി വരും.
ഡെങ്കിപ്പനി ബാധിതനായ ഓപണർ ശുഭ്മൻ ഗില്ലിന്റെ അഭാവം ആതിഥേയ നിരയിലുണ്ടാക്കിയിരിക്കുന്ന വിടവ് ചെറുതല്ല. പകരം അവസരം ലഭിച്ച ഇഷാൻ കിഷൻ ആദ്യ കളിയിൽ സമ്പൂർണ പരാജയമായിരുന്നു. ക്യാപ്റ്റൻ രോഹിതും ശ്രേയസ് അയ്യരും തഥൈവ. എങ്കിലും ബാറ്റർമാർ ഇന്ന് റൺസ് കണ്ടെത്താൻ വിഷമിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാമ്പ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഷാർദുൽ ഠാകുർ. അഫ്ഗാനിസ്താൻ: ഹഷ്മത്തുല്ല ഷാഹിദി (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്റാൻ, റഹ്മത്ത് ഷാ, നജീബുല്ല സദ്റാൻ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർ സായി, റാഷിദ് ഖാൻ, മുജീബുർറഹ്മാൻ, ഫസലുൽഹഖ് ഫാറൂഖി, നവീനുൽ ഹഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.