ലണ്ടൺ: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ട് മണ്ണിൽ എത്തിയതിന് പിന്നാലെ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും കളമൊഴിഞ്ഞതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. 2025-27 വർഷത്തെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളാണിത്.
2007ന് ശേഷം ഇംഗ്ലണ്ടിൽ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര വിജയിക്കുക എന്നതാണ് ഇന്ത്യൻ ടീമിന്റെ പ്രഥമ ലക്ഷ്യം. ഇംഗ്ലണ്ടിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായി തീവ്ര പരിശീലനത്തിലാണ് ടീം. ടീമിന്റെ പരിശീലന വിഡിയോ ബി.സി.സി.ഐ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
വിഡിയോയുടെ ഉള്ളടക്കത്തിൽ ഇന്ത്യൻ പേസ് ബൗളർമാരായ ജസ്പ്രീത് ബുംറ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവർ, പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് എന്നിവരുമായി ചേർന്ന് ലോർഡ്‌സ് ഇൻഡോർ ക്രിക്കറ്റ് സെന്ററിൽ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ മേൽനോട്ടത്തിലുള്ള തീവ്ര പരിശീലനത്തിലാണ്.
അഞ്ച് മത്സരമുള്ള പരമ്പര ജൂൺ 20ന് ലീഡ്‌സിൽ ആരംഭിക്കും. തുടർന്ന് രണ്ടാം ടെസ്റ്റ് ബർമിങ്ഹാമിലായിരിക്കും. ജൂലൈ 10ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ആതിഥേയത്വം വഹിക്കും. പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകൾ യഥാക്രമം ഓൾഡ് ട്രാഫോർഡും കെന്നിങ്ടൺ ഓവലിലും ആയിരിക്കും നടക്കുക.
ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (സി), ഋഷഭ് പന്ത് (വി.സി & ഡബ്ല്യു.കെ), യശസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ (ഡബ്ല്യു.കെ), വാഷിങ്ടൺ സുന്ദർ, ശാർദുൽ താക്കുർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.