ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം; പരിക്കിന്‍റെ പിടിയിൽ ടീം ഇന്ത്യ

മാഞ്ചസ്റ്റർ: മൂന്നിൽ രണ്ട് മത്സരങ്ങളിലും തോറ്റ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പിറകിലായ ഇന്ത്യക്ക് കനത്ത തിരിച്ചടി‍യേകി പ്രമുഖ താരങ്ങളുടെ പരിക്ക്. കാൽമുട്ടിന് പരിക്കേറ്റ പേസ് ബൗളിങ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് ഇനി പരമ്പരയിൽ കളിക്കാനാവില്ല. പേസർമാരായ അർഷ്ദീപ് സിങ്ങും ആകാശ് ദീപും പരിക്കിന്റെ പിടിയിലാണ്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ കാര്യത്തിലും ആശങ്ക തുടരുന്നു.

ജയം അനിവാര്യമായ നാലാം ടെസ്റ്റിലെ സംഘത്തിൽനിന്ന് നിതീഷും അർഷ്ദീപും പുറത്തായിട്ടുണ്ട്. ആകാശിന്റെ കാര്യത്തിൽ ആശങ്ക തുടരുമ്പോൾ ഋഷഭ് ഇറങ്ങുമോയെന്നും സംശയമാണ്. പേസർ അൻഷുൽ കംബോജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൾഡ് ട്രാഫോഡിൽ ബുധനാഴ്ചയാണ് മത്സരം തുടങ്ങുന്നത്.

ഞായറാഴ്ച ജിമ്മിൽ പരിശീലിക്കവേ പരിക്കേൽക്കുകയായിരുന്നു നിതീഷിന്. രണ്ടും മൂന്നും ടെസ്റ്റുകളിൽ താരം കളിച്ചിരുന്നു . എഡ്ജ്ബാസ്റ്റണിൽ നിറംമങ്ങിയെങ്കിലും ലോർഡ്സിൽ തരക്കേടില്ലാത്ത ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്തതിനാൽ മൂന്നാം ടെസ്റ്റ് ഇലവനിൽ സ്ഥാനം ഉറപ്പാക്കിയിരുന്നു. ഒന്നാം ടെസ്റ്റിൽ കളിച്ച പേസ് ബൗളിങ് ഓൾ റൗണ്ടർ ഷാർദുൽ ഠാക്കൂറിനെ നാലാം ടെസ്റ്റ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. എഡ്ജ്ബാസ്റ്റണിൽ മിന്നും ബൗളിങ് നടത്തിയ ആകാശ് ദീപിനെ പരമ്പരയിലുടനീളം കളിപ്പിക്കാനായിരുന്നു തീരുമാനം. മൂന്ന് ടെസ്റ്റിലും ബെഞ്ചിലിരുന്ന അർഷ്ദീപിനെ വരും മത്സരങ്ങളിൽ പരീക്ഷിക്കാനും സാധ്യതയുണ്ടായിരുന്നു.

പരമ്പരയിൽ മൂന്ന് ടെസ്റ്റുകളിൽ മാത്രം കളിപ്പിക്കാൻ തീരുമാനിച്ച സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇതിനകം രണ്ട് മത്സരങ്ങളിൽ ഇറങ്ങി. പേസർമാരുടെ പരിക്കും ഇന്ത്യ പരമ്പരയിൽ പിന്നിൽ നിൽക്കുന്നതും ബുംറയുടെ കാര്യത്തിൽ പുനർവിചിന്തനത്തിന് ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചേക്കും. മൂന്ന് മത്സരങ്ങളിലും വിശ്വാസം കാത്ത ബാറ്ററാണ് ഋഷഭ്. ലീഡ്സിൽ രണ്ട് ഇന്നിങ്സിലും സെഞ്ച്വറികളും എഡ്ജ്ബാസ്റ്റണിലും ലോർഡ്സിൽ ഓരോ അർധ ശതകങ്ങളും വിക്കറ്റ് കീപ്പറുടെ ബാറ്റിൽനിന്ന് പിറന്നു. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഋഷഭ് ബാറ്റിങ്ങിന് മാത്രമാണ് ഇറങ്ങിയത്. ധ്രുവ് ജുറെൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞു. ഋഷഭില്ലെങ്കിൽ ജുറെലിന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടും.

ബുംറ കളിക്കും

മാഞ്ചസ്റ്റർ: ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റിൽ കളിക്കും. സഹപേസർ മുഹമ്മദ് സിറാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘എനിക്ക് ഇതുവരെ കിട്ടി‍യ വിവരപ്രകാരം ജസി ഭായ് (ബുംറ) കളിക്കും. പരിക്കുകൾ കാരണം ഓരോ ദിവസം കഴിയും തോറും കോംബിനേഷൻ മാറിക്കൊണ്ടിരിക്കുകയാണ്’-സിറാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഓൾഡ് ട്രാഫോഡ് സ്റ്റേഡിയത്തിൽ ഫാറൂഖ് എൻജിനീയർ സ്റ്റാൻഡ്

മാഞ്ചസ്റ്റർ: മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഫാറൂഖ് എൻജിനീയറുടെയും വെസ്റ്റിൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡിന്റെയും പേരിൽ ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സ്റ്റാൻഡ് സ്ഥാപിക്കുന്നു. ഇരുവരും ദീർഘനാൾ പ്രതിനിധീകരിച്ച ലങ്കഷയർ കൗണ്ടി ക്ലബിന്റെ വകയാണ് ആദരം. ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ആദ്യദിനം സ്റ്റാൻഡ് ആരാധകർക്കായി സമർപ്പിക്കും.

മുംബൈയിൽ ജനിച്ച ഫാറൂഖ് ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം മാഞ്ചസ്റ്ററിൽ വിശ്രമജീവിതം നയിക്കുകയാണ്. 1968നും 76നും ഇടയിൽ ലങ്കഷയറിനായി 175 മത്സരങ്ങൾ കളിച്ചു. വിൻഡീസിന് രണ്ടുതവണ ലോകകപ്പ് നേടിക്കൊടുത്ത നാ‍യകൻ കൂടിയാണ് ലോയ്ഡ്.

Tags:    
News Summary - India-England 4th Test begins tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.