വനിത പ്രീമിയർ ലീഗ്: ഗുജറാത്തിന് ത്രസിപ്പിക്കുന്ന ജയം

നവി മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് ത്രസിപ്പിക്കുന്ന വിജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാല് റൺസിനാണ് ഗുജറാത്ത് മുന്നേറിയത്. 42 പന്തിൽ 95 റൺസ് നേടുകയും അവസാന ഓവറിൽ ഡൽഹിയുടെ രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത സോഫി ഡിവൈനാണ് ഗുജറാത്തിെന്റ വിജയശിൽപി.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഗുജറാത്ത്, ഓപണർ സോഫിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് നിശ്ചിത ഓവറിൽ 209 റൺസ് എന്ന നിലയിൽ എത്തിയത്. ഏഴ് ഫോറും എട്ട് സിക്സുമടങ്ങുന്നതായിരുന്നു സോഫിയുടെ പ്രകടനം. ഡൽഹിക്കായി പേസർ നന്ദനി ശർമ 33 റൺസ് വഴങ്ങി ഹാട്രിക്കോടെ അഞ്ച് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ലോറ വോൾവാർട്ട് നടത്തിയ മിന്നൽ പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് സോഫി രക്ഷാപ്രവർത്തനം നടത്തിയത്. 19 ഓവർ പിന്നിട്ടപ്പോൾ മൂന്ന് വിക്കറ്റിന് 203 റൺസ് എന്ന നിലയിലായിരുന്നു ഡൽഹി. ജയിക്കാൻ വേണ്ടത് ഏഴ് റൺസ്. അവസാന ഓവറിൽ പന്ത് കൈയിലെടുത്ത സോഫി രണ്ടാം പന്തിൽ ജെമീമ റോഡ്രിഗസിനെയും അഞ്ചാം പന്തിൽ ലോറ വോൾവാർട്ടിനെയും പുറത്താക്കി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ജെമീമ ഒമ്പത് പന്തിൽനിന്ന് 15 റൺസും ലോറ 38 പന്തിൽനിന്ന് 77 റൺസുമാണ് നേടിയത്. ഒടുവിൽ, നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 205 റൺസിൽ ഡൽഹിയുടെ പോരാട്ടം അവസാനിച്ചു. 54 പന്തിൽ 86 റൺസെടുത്ത ലിസെൽ ലീയുടെ പോരാട്ടവും വെറുതെയായി.

ഗുജറാത്ത് നിരയിൽ 26 പന്തിൽ 49 റൺസടിച്ച ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നറുടെതാണ് സോഫി കഴിഞ്ഞാൽ കാര്യമായ സംഭാവന. ഓപണർ ബെത്ത് മൂണി 16 പന്തിൽ 19ഉം അനുഷ്ക ശർമ 10 പന്തിൽ 13ഉം കശ്വീ ഗൗതം 10 പന്തിൽ 14ഉം റൺസും ചേർത്തു. ജോർജിയ വെയർഹാം (3) വേഗം മടങ്ങി. 20ാം ഓവറിലായിരുന്നു നന്ദനിയുടെ ഹാട്രിക്.

Tags:    
News Summary - Womens Premier League: Gujarat Giants hands Delhi Capitals second consecutive loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.