മെൽബൺ: ആസ്ട്രേലിയൻ സന്ദർശനത്തിനിടെ വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (എം.സി.ജി) സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പമാണ് മോദി എം.സി.ജിയിലെത്തിയത്. ക്രിക്കറ്റിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ക്രിക്കറ്റ് ഇതിഹാസവും മുൻ ഓസ്ട്രേലിയൻ നായകനുമായ സ്റ്റീവ് വോ പ്രധാനമന്ത്രിമാരെ സ്റ്റേഡിയത്തിൽ സ്വീകരിച്ചു.
സ്റ്റേഡിയത്തിലെത്തിയ മോദി യുവതാരങ്ങളുമായി സംവദിക്കുകയും അവരുടെ ജഴ്സിയിൽ ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. ആസ്ട്രേലിയയുടെ ഔദ്യോഗിക മാസ്കോട്ടായ 'റൂബി ദ റൂ'വിനൊപ്പം ഫോട്ടോയെടുത്ത അദ്ദേഹം സ്റ്റേഡിയത്തിലെ അനുഭവങ്ങളും പങ്കുവെച്ചു. മെൽബണിൽ കാലുകുത്തുന്നത് ഏതൊരു ഇന്ത്യക്കാരനിലും ആവേശമുണർത്തുന്ന കാര്യമാണെന്ന് മോദി പറഞ്ഞു.
"ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ ആവേശമാണ് അതിൽ ആദ്യത്തേത്. രണ്ടാമതായി, ഇരു രാജ്യങ്ങൾക്കും ക്രിക്കറ്റ് വെറുമൊരു കളിയല്ല, അതൊരു വികാരമാണെന്ന തിരിച്ചറിവും. ഇന്ന് അവസാന ഓവറിലെ സമ്മർദ്ദങ്ങളൊന്നുമില്ല. പകരം കളിയുടെ സന്തോഷവും നമ്മുടെ സൗഹൃദത്തിന്റെ ഊഷ്മളതയും ഭാവി ചാമ്പ്യന്മാരുടെ ഊർജ്ജവും മാത്രമാണുള്ളത്," മോദി വ്യക്തമാക്കി.
സ്റ്റേഡിയം സന്ദർശനത്തിന് മുന്നോടിയായി ഓസ്ട്രേലിയൻ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഓസ്ട്രേലിയ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ നയതന്ത്ര ബന്ധം കൂടുതൽ വിപുലമാക്കി. പ്രതിരോധ-സുരക്ഷാ സഹകരണത്തിനായുള്ള സംയുക്ത പ്രഖ്യാപനവും, സമുദ്രസുരക്ഷാ സഹകരണ രൂപരേഖയും ഇരുരാജ്യങ്ങളും അംഗീകരിച്ചു. ഇതിനുപുറമെ, ഇന്ത്യയിലേക്കുള്ള യുറേനിയം കയറ്റുമതി സുഗമമാക്കുന്നതിനായി സിവിൽ ആണവ കരാർ പ്രാവർത്തികമാക്കാനും തീരുമാനമായി.
ഊർജ്ജം, സൈബർ സുരക്ഷ, നൂതന സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സാംസ്കാരിക വിനിമയം തുടങ്ങി വിവിധ മേഖലകളിലായി 18 നിർണായക കരാറുകളിലാണ് ഇരു പ്രധാനമന്ത്രിമാരും ഒപ്പുവെച്ചത്. ഇന്തോ-പസഫിക് മേഖലയിലെ മാറുന്ന തന്ത്രപ്രധാന സാഹചര്യങ്ങൾക്ക് അനുസൃതമായി സുരക്ഷാ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ കരാറുകളെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.