മുംബൈ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് എന്തിനാണെന്ന കാര്യത്തിൽ ബി.സി.സി.ഐ ഒടുവിൽ നിലപാട് വ്യക്തമാക്കി. ടീം പ്രഖ്യാപനം വന്നതിന് പിന്നാലെ സഞ്ജുവിനെ തഴഞ്ഞത് വലിയ ചർച്ചയായിരുന്നുവെങ്കിലും, ഇത് ഒഴിവാക്കലല്ല മറിച്ച് താരത്തിന് നൽകിയ വിശ്രമമാണെന്നാണ് ബി.സി.സി.ഐ പറയുന്നത്.
സെലക്ഷൻ കമിറ്റിയുടെ നിലപാടുകളെക്കുറിച്ച് കൃത്യമായ അറിവുള്ള മുതിർന്ന ബി.സി.സി.ഐ പ്രതിനിധിയാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു നിർണായക സാന്നിധ്യമാണ്. സെപ്റ്റംബറിൽ നടക്കുന്ന ആ പ്രധാന ടൂർണമെന്റിന് മുൻപായി താരത്തിന് മതിയായ വിശ്രമം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സെലക്ഷൻ കമിറ്റി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
കൂടാതെ, സിംബാബ്‌വെ പര്യടനം പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിനായുള്ള ഒന്നാണ്. അത്തരം ഒരു പര്യടനത്തിൽ സഞ്ജുവിനെപ്പോലൊരു സീനിയർ താരത്തെ ഉൾപ്പെടുത്തിയാലും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യത വളരെ കുറവാണ്. കളിക്കാൻ അവസരമില്ലാത്തപ്പോൾ താരത്തെ വെറുതെ ടീമിനൊപ്പം കൊണ്ടുനടക്കുന്നതിൽ അർത്ഥമില്ലെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ജൂലൈ 23-ന് ഹരാരെയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ യുവതാരങ്ങൾക്ക് മുൻഗണന നൽകുന്ന ടീമിനെയാണ് ബിസിസിഐ അണിനിരത്തുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന 15 അംഗ ടീമിൽ വിക്കറ്റ് കീപ്പർമാരായി ഇഷാൻ കിഷനെയും പ്രഭ്സിമ്രാൻ സിംഗിനെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സിംബാബ്‌വെ പരമ്പരയ്ക്കുള്ള ടീം:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, റിങ്കു സിംഗ്, ഇഷാൻ കിഷൻ, പ്രഭ്സിമ്രാൻ സിംഗ്, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, ഹർഷ് ദുബെ, പ്രിൻസ് യാദവ്, വരുൺ ചക്രവർത്തി, യാഷ് ഠാക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.