ഇന്ത്യയുടെ ദീപ്തി ശർമയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
കൊളംബോ: വനിത ഏകദിന ലോകകപ്പ് മത്സരത്തിൽ പാകിസ്താനെ 88 റൺസിന് തോൽപിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കുറിച്ച 248 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തി പാക് നിര 43 ഓവറിൽ 159 റൺസിന് ഓൾ ഔട്ടായി. 65 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 46 റൺസെടുത്ത ഹർലീൻ ഡിയോളാണ് വിജയികളുടെ ടോപ് സ്കോറർ.
പാകിസ്താന് വേണ്ടി സിദ്ര അമീൻ 81 റൺസ് നേടി മിന്നി. ഇന്ത്യൻ ബൗളർമാരിൽ ക്രാന്തി ഗൗഡ് 10 ഓവറിൽ മൂന്ന് മെയ്ഡനടക്കം 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമയും മൂന്നുപേരെ മടക്കിയപ്പോൾ സ്നേഹ് റാണ രണ്ട് വിക്കറ്റും കൈക്കലാക്കി. ക്രാന്തിയാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 247 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്മൃതി മന്ദാന-പ്രതിക റാവൽ ഓപണിങ് സഖ്യം ഇന്ത്യക്ക് തരക്കേടില്ലാത്ത തുടക്കം നൽകി.
32 പന്തിൽ 23 റൺസെടുത്ത സ്മൃതി ഒമ്പതാം ഓവറിൽ മടങ്ങി. സ്കോർ 48ൽ നിൽക്കെ ഓപണറെ പാക് നായിക ഫാത്തിമ സന എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. 15ാം ഓവറിൽ പ്രതികയും (37 പന്തിൽ 31) പുറത്ത്. സാദിയ ഇക്ബാലിന്റെ പന്തിൽ കുറ്റി തെറിച്ചു. സ്കോർ ബോർഡിൽ അപ്പോൾ 67 റൺസ്. 34 പന്തിൽ 19 റൺസ് മാത്രം ചേർത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 25ാം ഓവറിൽ വീണു. ഹർലീന്റെ പോരാട്ടം 34ാം ഓവറിലും അവസാനിച്ചു.
ജെമീമ റോഡ്രിഗസ് 37 പന്തിൽ 32ഉം ദീപ്തി ശർമ 33 പന്തിൽ 25ഉം സ്നേഹ് റാണ 33 പന്തിൽ 20ഉം റൺസ് ചേർത്തു. റിച്ച ഘോഷ് നടത്തിയ തകർപ്പനടികളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. താരം 20 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്നു. പാകിസ്താനുവേണ്ടി ഡയാന ബെയ്ഗ് 10 ഓവറിൽ 69 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.