ക്വാലാലംപുർ: അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ജയത്തോടെ തുടങ്ങി. വെസ്റ്റിൻഡീസിനെ വെറും 44 റൺസിൽ പുറത്താക്കി ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി. രണ്ട് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത മലയാളി പേസർ വി.ജെ. ജോഷിതയാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 13.2 ഓവറിൽ ഓൾ ഔട്ടായി. മറുപടിയിൽ ഇന്ത്യ 4.2 ഓവറിൽ ഒരു വിക്കറ്റിന് 47 റൺസെടുത്തു. ജോഷിതക്ക് പുറമെ പരുണിയ സിസോദിയ മൂന്നും ആയുഷി ശുക്ല രണ്ടും വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ തിളങ്ങി. കരിബീൻ ബാറ്റിങ് നിരയിൽ രണ്ടുപേർ മാത്രമാണ് രണ്ടക്കം കടന്നത്. കെനിക കസ്സർ 15ഉം അസബി കലണ്ടർ 12ഉം റൺസ് നേടി.
രണ്ടാം പന്തിൽതന്നെ ഇന്ത്യക്ക് ഓപണർ ഗോംഗാദി തൃഷയെ (4) നഷ്ടമായെങ്കിലും ജി. കമാലിനിയും (13 പന്തിൽ 16 നോട്ടൗട്ട്) സനിക ചാൽകെയും (11 പന്തിൽ 18 നോട്ടൗട്ട്) ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ഗ്രൂപ് എയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ചൊവ്വാഴ്ച ആതിഥേയരായ മലേഷ്യയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.