സിക്സ് അടിച്ച് കളി ജയിപ്പിച്ച് സഞ്ജു; സിംബാബ്‍വെയെ അഞ്ചു വിക്കറ്റിന് തോൽപിച്ചു; ഇന്ത്യക്ക് പരമ്പര

ഹരാരെ: അന്താരാഷ്ട്ര ക്രിക്കറ്റിൽ മലയാളി താരം സഞ്ജു സാംസൺ പ്രഥമ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയ മത്സരത്തിൽ സിംബാബ്‍വെക്കെതിരെ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം. ആദ്യ കളിയിൽ 10 വിക്കറ്റ് ജയം നേടിയിരുന്ന ഇന്ത്യ ഇതോടെ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി.

അവസാന മത്സരം തിങ്കളാഴ്ച നടക്കും. ആദ്യ കളിയിലെ പോലെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഒരിക്കൽ കൂടി ബൗളർമാർ തിളങ്ങിയപ്പോൾ സിംബാബ്‍വെയുടെ ഇന്നിങ്സ് 38.1 ഓവറിൽ 161ൽ അവസാനിച്ചു. 25.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ആദ്യ മത്സരത്തിൽ ബാറ്റുചെയ്യാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു ഇത്തവണ ലഭിച്ച അവസരം പാഴാക്കിയില്ല.

ആറാമനായി ഇറങ്ങി 39 പന്തിൽ നാലു സിക്സും മൂന്നു ഫോറുമടക്കം 43 റൺസുമായി പുറത്താവാതെ നിന്ന സഞ്ജുവായിരുന്നു മത്സരത്തിലെ ടോപ്സ്കോറർ. സിക്സടിച്ച് സഞ്ജു തന്നെയാണ് മത്സരം ജയിപ്പിച്ചതും. നേരത്തേ വിക്കറ്റിനുപിറകിൽ മൂന്നു ക്യാച്ചുകളെടുത്ത സഞ്ജു ഒരു റണ്ണൗട്ടിലും പങ്കാളിയായിരുന്നു. ശിഖർ ധവാൻ (33), ശുഭ്മൻ ഗിൽ (33), ദീപക് ഹൂഡ (25) എന്നിവരും തിളങ്ങിയപ്പോൾ ഓപണറായി ഇറങ്ങിയ നായകൻ കെ.എൽ. രാഹുൽ (1) നിരാശപ്പെടുത്തി. ഇശാൻ കിഷനും (6) തിളങ്ങാനായില്ല.

അക്സർ പട്ടേൽ സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു. നേരത്തേ, ആദ്യ കളിയിൽ മൂന്നു വിക്കറ്റെടുത്ത ദീപക് ചഹാറിന് പകരം കളിക്കാനിറങ്ങിയ ശാർദുൽ ഠാകുറാണ് മൂന്നു വിക്കറ്റുമായി സിംബാബ്‍വെയെ തകർത്തത്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്സർ, കുൽദീപ് യാദവ്, ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ രണ്ടു പേർ റണ്ണൗട്ടായി. ഷോൺ വില്യംസും (42) റ്യാൻ ബേലുമാണ് (39 നോട്ടൗട്ട്) സിംബാബ്‍വെ നിരയിൽ പിടിച്ചുനിന്നത്.

Tags:    
News Summary - India Beat Zimbabwe By 5 Wickets, Seal Series With A Match To Go

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.