ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 188 റൺസ് ജയം; പരമ്പരയിൽ മുന്നിൽ

ചറ്റോഗ്രാം (ബംഗ്ലാദേശ്): വമ്പൻ ലക്ഷ്യത്തിനായി പൊരുതിയ ബംഗ്ലാദേശ് ഒടുവിൽ ഇന്ത്യക്കു മുന്നിൽ കീഴടങ്ങി. ഒന്നാം ടെസ്റ്റിൽ 188 റൺസിന്‍റെ ജയവുമായി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി.

സ്കോർ: ഇന്ത്യ -404, രണ്ടു വിക്കറ്റ് നഷ്ടത്തിൽ 258 (ഡിക്ലെയർ). ബംഗ്ലാദേശ് -150, 324. ജയത്തിന് 513 റൺസ് ആവശ്യമുള്ള ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് 324 റൺസിൽ അവസാനിച്ചു. അഞ്ചാം ദിനം ആറു വിക്കറ്റിന് 272 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർക്ക്, 52 റൺസ് കൂടി കൂട്ടിച്ചേർക്കാനെ കഴിഞ്ഞുള്ളു. 13 റൺസെടുത്ത മെഹ്ദി ഹസനെ പുറത്താക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

പൊരുതിനിന്ന നായകൻ ഷക്കീബുൽ ഹസനെ കുൽദീപ് യാദവ് പുറത്താക്കി. താരം 108 പന്തിൽനിന്ന് 84 റൺസെടുത്തു. പിന്നാലെയെത്തിയ തെയ്ജുൽ ഇസ്ലാമും (15 പന്തിൽ നാല് റൺസ്) ഇബാദത്ത് ഹൊസ്സൈനും (പൂജ്യം) വേഗത്തിൽ മടങ്ങി. റണ്ണൊന്നുമെടുക്കാതെ ഖാലിദ് അഹ്മദ് പുറത്താകാതെ നിന്നു.

നാലു വിക്കറ്റെടുത്ത അക്സർ പട്ടേലും മൂന്നു വിക്കറ്റെടുത്ത കുൽദീപ് യാദവുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ആർ. ആശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 224 പന്തിൽ നൂറ് റൺസെടുത്ത അരങ്ങേറ്റക്കാരൻ ഓപണർ സാക്കിർ ഹസനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ.

സഹ ഓപണർ ഹുസൈൻ ഷാന്റോയുമായി (67) ചേർന്ന് ഒന്നാം വിക്കറ്റിൽ സാക്കിർ 124 റൺസ് സ്വന്തമാക്കി. ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ ഒന്നാംവിക്കറ്റ് സെഞ്ച്വറി കൂട്ടുകെട്ടാണിത്. ആദ്യ സെഷനുശേഷം ഇടക്കിടെ വിക്കറ്റുകൾ നഷ്ടമായതോടെ നാലാംദിനംതന്നെ ഇന്ത്യ ജയിക്കുമെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാൽ, ബംഗ്ലാദേശ് പൊരുതിനിന്നതോടെ ഇന്ത്യക്ക് അവസാന ദിനം വരെ കാത്തിരിക്കേണ്ടി വന്നു.

Tags:    
News Summary - India Beat Bangladesh By 188 Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.