ലണ്ടൻ: ടെസ്റ്റിലെ ഉലകരാജാക്കന്മാരെ കണ്ടെത്താൻ രണ്ട് വർഷം നീണ്ട നാട്ടങ്കങ്ങൾ. ഒടുവിൽ ഓവലിലെ കലാശപ്പോരിന് യോഗ്യത നേടിയ രണ്ട് വൻശക്തികൾ കിരീടത്തിനായി നേർക്കുനേർ. ക്രിക്കറ്റിലെ അതികായരായ ഇന്ത്യയും ആസ്ട്രേലിയയും നിഷ്പക്ഷ വേദിയിൽ ടെസ്റ്റ് കളിക്കുന്നത് ചരിത്രത്തിലാദ്യം.
അതാവട്ടെ ലോകകിരീടം തേടിയും. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (2019-21) ഫൈനൽ വരെ എത്തിയെങ്കിലും ന്യൂസിലൻഡിനോട് തോൽക്കുകയായിരുന്നു ഇന്ത്യ. ഇക്കുറി രോഹിത് ശർമക്ക് കീഴിൽ പുത്തൻ ജഴ്സിയിൽ അണിനിരക്കുന്നത് ജയിക്കാനുറച്ചു തന്നെ. പാറ്റ് കമ്മിൻസ് നയിക്കുന്ന ആസ്ട്രേലിയക്ക് ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയോട് തുടർച്ചയായി നേരിടേണ്ടി വന്ന പരമ്പര തോൽവികൾക്ക് പകരം ചോദിക്കാൻ ഇതിലും വലിയൊരു അവസരമില്ല. മത്സരം സമനിലയിലായാൽ ടെസ്റ്റ് കിരീടം ഇന്ത്യയും ആസ്ട്രേലിയയും പങ്കുവെക്കും. പതിറ്റാണ്ടായി ഇന്ത്യക്ക് ഐ.സി.സി ട്രോഫിയൊന്നും ലഭിച്ചിട്ടില്ല. 2013ൽ ഇംഗ്ലണ്ടിൽ വെച്ച് ചാമ്പ്യൻസ് ട്രോഫിയിൽ ജേതാക്കളായ ശേഷം തുടങ്ങിയ കിരീട ദാരിദ്ര്യമാണ്.
മൂന്ന് തവണ വിവിധ ഐ.സി.സി ട്രോഫി ഫൈനലുകൾ കളിച്ചു. നാല് പ്രാവശ്യം സെമി ഫൈനലിലെത്തി. ഏറ്റവും ഒടുവിൽ 2022ലെ ട്വന്റി20 ലോകകപ്പിലും അവസാന നാലിൽ കടന്നെങ്കിലും പുറത്തായി. രണ്ടു മാസം നീണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 മത്സരങ്ങൾക്കുശേഷമാണ് ചേതേശ്വർ പുജാരയൊഴിച്ച് മുഴുവൻ ഇന്ത്യൻ താരങ്ങളും ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. വിഖ്യാതമായ ആഷസ് പരമ്പര ഈ മാസം 16ന് ആരംഭിക്കാനിരിക്കെ ആസ്ട്രേലിയൻ താരങ്ങൾക്ക് ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ പരിചയിക്കുന്നതിന് 'വാം അപ്' കൂടിയാവും ലോക ടെസ്റ്റ് ഫൈനൽ. ഇന്ത്യയിൽ വെച്ച് ബോർഡർ-ഗവാസ്കർ ട്രോഫി മത്സരങ്ങൾ തോറ്റ തരത്തിലുള്ള പിച്ചല്ല ഓവലിലേതെന്നതും അവർക്ക് പ്രതീക്ഷക്ക് വകനൽകുന്നു.
ഇന്ത്യ >>
രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഇന്നിങ്സ് ഓപൺ ചെയ്യും. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ അജിൻക്യ രഹാനെ ഇലവനിലുണ്ടാവും. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് കെ.എസ്. ഭരതിന് നൽകണമോ ഇശാൻ കിഷനെ ഏൽപിക്കണമോ എന്ന കാര്യത്തിൽ തീരുമാനം വരാനുണ്ട്. അതിലും പ്രധാനപ്പെട്ടൊരു ചോദ്യം മാനേജ്മെന്റിനെ അലട്ടുന്നത് ബൗളർമാരുടെ കാര്യത്തിലാണ്. ഇംഗ്ലീഷ് പിച്ചിലെ സാഹചര്യം കണക്കിലെടുത്ത് നാല് പേസർമാരെ കളിപ്പിച്ചാൽ ആർ. അശ്വിനെ പുറത്തിരുത്തേണ്ടി വരും.
സാധ്യത സംഘം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, അജിൻക്യ രഹാനെ, രവീന്ദ്ര ജഡേജ, കെ.എസ് ഭരത്/ഇശാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ /ശാർദുൽ ഠാകുർ, ഉമേഷ് യാദവ്/ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ആസ്ട്രേലിയ>>
പരിക്കേറ്റ ജോഷ് ഹേസൽവുഡിന് പകരം പേസർ സ്കോട്ട് ബോളണ്ടിന് അന്തിമ ഇലവനിൽ അവസരമുണ്ടാവും. ഇന്ത്യയിൽ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ തിളങ്ങിയ പീറ്റർ ഹാൻഡ്സ്കോമ്പിന്റെ അഭാവം ട്രാവിസ് ഹെഡിന് അനുകൂലമാവും. ഹെഡ് അഞ്ചാം നമ്പറിലേക്ക് ഇറങ്ങുന്നതോടെ ഉസ്മാൻ ഖാജക്കൊപ്പം ഡേവിഡ് വാർണർ തന്നെ ഓപണറായെത്തും.
സാധ്യത സംഘം: ഡേവിഡ് വാർണർ, ഉസ്മാൻ ഖാജ, മാർനസ് ലബുഷേൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.