സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കൽ

ജുറേലിനും ദേവ്ദത്തിനും സെഞ്ച്വറി; ഇന്ത്യ എ -ആസ്ട്രേലിയ എ ടെസ്റ്റ് മത്സരം സമനിലയില്‍

ലക്നോ: ഇന്ത്യ എ -ആസ്ട്രേലിയ എ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരം സമനിലയില്‍ പിരിഞ്ഞു. ആസ്ട്രേലിയ എയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 532 റണ്‍സിന് മറുപടിയായി ഇന്ത്യ എ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 531 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ധ്രുവ് ജുറേലിന് പുറമെ മലയാളി താരം ദേവ്ദത്ത് പടിക്കലും ഇന്ത്യക്കായി സെഞ്ച്വറി തികച്ചു. 150 റണ്‍സെടുത്ത് പുറത്തായ പടിക്കലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ഇന്ത്യ 531-7 എന്ന സ്കോറില്‍ നില്‍ക്കെ മഴമൂലം മത്സരം തടസപ്പെപ്പെട്ടു. പിന്നീട് മത്സരം തുടങ്ങിയപ്പോള്‍ അതേ സ്കോറില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ എ ആസ്ട്രേലിയ എയെ ബാറ്റിംഗിന് അയച്ചെങ്കിലും വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സെടുത്ത് നില്‍ക്കെ ഇരു ടീമുകളും സമനിലക്ക് സമ്മതിച്ചു. ആസ്ട്രേലിയ എക്കായി രണ്ടാം ഇന്നിംഗ്സില്‍ സാം കോണ്‍സ്റ്റാസ് 27ഉം കാംപ്‌ബെല്‍ കെല്ലവെ 24ഉം റൺസുമായി പുറത്താകാതെ നിന്നു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റ് മത്സരം 23 മുതല്‍ ലക്നോവില്‍ നടക്കും. സ്കോര്‍: ആസ്ട്രേലിയ എ -ആറിന് 532 & വിക്കറ്റ് നഷ്ടമില്ലാതെ 56, ഇന്ത്യ എ -ഏഴിന് 531.

നാലു വിക്കറ്റ് നഷ്ടത്തില്‍ 413 റണ്‍സെന്ന നിലയിൽ നാലാംദിനം ക്രീസിലെത്തിയ ഇന്ത്യക്ക് 140 റണ്‍സെടുത്ത ജുറേലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അഞ്ചാം വിക്കറ്റില്‍ 228 റൺസ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ധ്രുവ് ജുറേല്‍ -ദേവ്ദത്ത് പടിക്കല്‍ സഖ്യം വേര്‍പിരിഞ്ഞത്. പിന്നാലെ 16 റണ്‍സെടുത്ത തനുഷ് കൊടിയാനെ കോറി റോച്ചിസിയോലി പുറത്താക്കി. ലഞ്ചിന് തൊട്ടുമുമ്പ് ദേവ്ദത്ത് പടിക്കലിനെ കൂടി മടക്കി റോച്ചിസിയോലി ഇന്ത്യയുടെ ലീഡ് പ്രതീക്ഷകൾക്ക് തിരിച്ചടി നല്‍കി. ഇതിന് പിന്നാലെയായിരുന്നു മഴയെത്തിയത്. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം മത്സരം രണ്ട് മണിക്കൂറോളം തടസപ്പെട്ടു.

ഇന്നലെ ഓസീസിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് സ്‌കോർ ബോര്‍ഡില്‍ 88 റണ്‍സുള്ളപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 44 റണ്‍സെടുത്ത അഭിമന്യു ഈശ്വരനെ ലിയാം സ്കോട്ട് ആണ് മടക്കിയത്. പിന്നാലെ ജഗദീശനും(64) പവലിയനില്‍ തിരിച്ചെത്തി. സായ് സുദര്‍ശനൊപ്പം 49 റണ്‍സ് ചേര്‍ത്ത ശേഷമാണ് ജഗദീശന്‍ മടങ്ങിയത്. തുടര്‍ന്ന് ദേവ്ദത്ത് - സായ് സഖ്യം 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സായ് വിക്കറ്റിന് മുന്നില്‍ കുടുക്കി കൂപ്പര്‍ കൊണോലി സന്ദർശകർക്ക് ബ്രേക്ക് ത്രൂ നൽകി.

അഞ്ചാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ക്ക് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. എട്ട് റണ്‍സ് മാത്രമെടുത്ത താരം കോറി റോച്ചിസിയോലിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത മാസം തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്ന ശ്രേയസിന് തിരിച്ചടിയാണ് ഓസ്ട്രേലിയ എക്കെതിരായ മോശം പ്രകടനം. ബൗളർമാരിൽ മൂന്ന് വിക്കറ്റുമായി ഹർഷ് ദുബെ ഇന്ത്യക്കായി തിളങ്ങി.

Tags:    
News Summary - India A vs Austaralia A Match Drawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.