മിന്നുമണി

ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ മിന്നുമണി ക്യാപ്റ്റൻ; ഇന്ത്യ എ സ്ക്വാഡ് പ്രഖ്യാപിച്ചു

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ ഇന്ത്യ എ സ്ക്വാഡിനെ മലയാളി താരം മിന്നുമണി നയിക്കും. ഷഫാലി വർമ ഉൾപ്പെടെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന താരങ്ങളെയും സന്നാഹ മത്സരങ്ങൾക്കുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ആസ്ട്രേലിയ ‘എ’ക്കെതിരെ നടന്ന പരമ്പരയിൽ 2-1ന്‍റെ വിജയം നേടാൻ ഇന്ത്യൻ സംഘത്തിനായിരുന്നു. രാധാ യാദവായിരുന്നു അത്തവണ ക്യാപ്റ്റൻ.

വൈസ് ക്യാപ്റ്റനായിരുന്ന മിന്നുമണിക്ക് ഇത്തവണ ക്യാപ്റ്റൻസി ചുമതലയാണ് ബി.സി.സി.ഐ നൽകിയിരിക്കുന്നത്. മലയാളി താരം വി.ജെ. ജോഷിത, ഷബിനം ഷക്കീൽ എന്നിവരെ ഇത്തവണ ടീമിലേക്ക് പരിഗണിച്ചില്ല. നേരത്തെ ലോകകപ്പ് സ്ക്വാഡിലെ 15 അംഗങ്ങൾക്കു പുറമെ മിന്നുമണി, തേജൽ ഹസബ്നിസ്, പ്രിയ മിശ്ര, പ്രേമ റാവത്ത്, ഉമ ഛേത്രി, സയാലി സത്ഘരെ എന്നിവരെ റിസർവ് താരങ്ങളായി ഉൾപ്പെടുത്തിയിരുന്നു.

സെപ്റ്റംബർ 28ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യ എ ടീമിന്‍റെ സന്നാഹ മത്സരം നിശ്ചയിട്ടുള്ളത്. ഇംഗ്ലണ്ട് (സെപ്റ്റംബർ 25), ന്യൂസിലൻഡ് (സെപ്റ്റംബർ 27) ടീമുകൾക്കെതിരെ നടക്കുന്ന സന്നാഹ മത്സരങ്ങളിൽ എ ടീമാണോ സീനിയർ താരങ്ങളാണോ ഇറങ്ങുന്നതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
 ലോകകപ്പിനുള്ള ഇന്ത്യ എ സ്ക്വാഡ്: മിന്നുമണി (ക്യാപ്റ്റൻ), ധാര ഗുജ്ജർ, ഷഫാലി വർമ, തേജൽ ഹസബ്നിസ്, വൃന്ദ ദിനേഷ്, ഉമ ഛേത്രി, നന്ദിനി കശ്യപ്, തനുശ്രീ സർക്കാർ, ടിറ്റസ് സന്ധു, സയാലി സത്ഘരെ, സൈമ താക്കൂർ, പ്രേമ റാവത്ത്, പ്രിയ മിശ്ര, രഘ്വി ബിസ്ത്.

അതേസമയം, ഹർമൻപ്രീത് കൗർ നയിക്കുന്ന ലോകകപ്പ് സ്ക്വാഡിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ്. യാസ്തിക ഭാട്യ, റിച്ച ഘോഷ് എന്നിവർ വിക്കറ്റ് കീപ്പർമാരാകും. പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധാ യാദവ്, ശ്രീ ചരണി, സ്നേഹ് റാണ എന്നിവരും ടീമിൽ ഇടം നേടി. നീതു ഡേവിഡിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ചൊവ്വാഴ്ചണ് ടീം പ്രഖ്യാപിച്ചത്.

ആസ്ട്രേലിയ എക്കെതിരായ പരമ്പരയില്‍ ഫോം ഔട്ടായത് ഷഫാലി വർമക്ക് തിരിച്ചടിയായി. കളിച്ച 29 ഏകദിനങ്ങളില്‍ 23 മാത്രമണ് ഷഫാലിയുടെ ബാറ്റിങ് ശരാശരി. മറ്റൊരു ഓപണറായ പ്രതിക റാവല്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ 54 റണ്‍സ് ശരാശരിയിലാണ് റണ്‍സടിച്ചത്. കളിച്ച 14 ഇന്നിങ്സില്‍ ആറ് അര്‍ധസെഞ്ച്വറികള്‍ നേടാനും പ്രതികക്ക് കഴിഞ്ഞു.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധാ യാദവ്, ശ്രീ ചരണി, യാസ്തിക ഭാട്യ, സ്നേഹ് റാണ.

Tags:    
News Summary - India A Squad Announced for Women’s World Cup 2025 Warm-up Games; Minnu Mani to Lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.