'വെൽ' പ്ലേയ്ഡ്; ഇന്ത്യയെ വിറപ്പിച്ച് ന്യൂസിലാൻഡ് കീഴടങ്ങി

ഹൈദരാബാദ്: ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 12 റൺസ് ജയം. ഇരട്ട സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്‍റെയും (208), നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജിന്‍റെയും മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സെഞ്ച്വറി നേടിയ മൈക്കൽ ബ്രാസ്്വെൽ (140) അവസാന ഓവറുകളിൽ പൊരുതിയെങ്കിലും വിജയലക്ഷ്യത്തിലെത്താനായില്ല. നാല് പന്തുകൾ ബാക്കി നിൽക്കെ ന്യൂസിലാൻഡ് ഓൾ ഔട്ടാവുകയായിരുന്നു. സ്കോർ: ഇന്ത്യ-349/8. ന്യൂസിലാൻഡ്-337.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലാൻഡിന് തുടക്കം മികച്ചതായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്ന ന്യൂസിലാൻഡിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് മൈക്കൽ ബ്രാസ്്വെല്ലും (78 പന്തിൽ 140) മിച്ചൽ സാന്‍റ്നറും (45 പന്തിൽ 57) ചേർന്നുള്ള കൂട്ടുകെട്ടാണ്. 10 സിക്സറും 12 ബൗണ്ടറിയും അടങ്ങിയതായിരുന്നു ബ്രാസ്്വെല്ലിന്‍റെ ഇന്നിങ്സ്. ഇവരെ കൂടാതെ ഫിൻ അലൻ (40), ടോം ലാഥം (24) എന്നിവർ മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കുൽദീപ് യാദവ്, ശർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മാൻ ഗില്ലിന്‍റെ ഇരട്ടസെഞ്ച്വറിയുടെ കരുത്തിലാണ് കൂറ്റൻ സ്കോർ നേടിയത്. 149 പന്തിൽ ഒമ്പത് സിക്സറുകളും 19 ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ഗില്ലിന്‍റെ ബാറ്റിങ്.

ക്യാപ്റ്റൻ രോഹിത് ശർമ (34), സൂര്യകുമാർ യാദവ് (31), ഹാർദിക് പാണ്ഡ്യ (28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വിരാട് കോഹ്ലി എട്ട് റൺസെടുത്ത് പുറത്തായി. അവസാന ഓവറിലെ രണ്ടാം പന്തിലാണ് ഗിൽ പുറത്തായയത്.

ഏകദിനത്തിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡും ഗില്ലിന് സ്വന്തമായി. 19 മത്സരങ്ങളിൽ നിന്നാണ് ഗിൽ 1000 തികച്ചത്. 24 കളികളിൽ നിന്ന് 1000 തികച്ച വിരാട് കോഹ്ലിയെയാണ് ഗിൽ പിന്നിലാക്കിയത്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ കളിക്കാരനെന്ന നേട്ടവും 23കാരനായ ഗിൽ സ്വന്തമാക്കി.

Tags:    
News Summary - ind vs nz first ODI updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.