‘50 ഓവർ ക്രിക്കറ്റിൽ കോഹ്ലിയേക്കാൾ മിടുക്കൻ, എന്നിട്ടും അവഗണിക്കുന്നു’; അവകാശവാദവുമായി താരം

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളാണ് സൂപ്പർതാരം വിരാട് കോഹ്ലി. ഇടവേളക്കുശേഷം മിന്നുംപ്രകടനത്തിലേക്ക് തിരിച്ചെത്തിയ താരത്തിന് ഏകദിന സെഞ്ച്വറികളിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ റെക്കോഡ് മറികടക്കാൻ ഇനി നാലു സെഞ്ച്വറികൾ കൂടി മതി.

49 സെഞ്ച്വറികളാണ് സചിന്‍റെ പേരിലുള്ളത്. 46 സെഞ്ച്വറികളുമായി കോഹ്ലി രണ്ടാമതുണ്ട്. എന്നാല്‍ കോഹ്ലിയെക്കാള്‍ മിടുക്കുണ്ടായിട്ടും തന്നെ പാക് ടീം സെലക്ടര്‍മാര്‍ നിരന്തരം അവഗണിക്കുന്നുവെന്ന അവകാശവാദവുമായി പാക് ബാറ്റർ രംഗത്തുവന്നിരിക്കുകയാണ്.

ലിസ്റ്റ് എ ക്രിക്കറ്റിലെ തന്‍റെ റെക്കോഡുകൾ മുൻ ഇന്ത്യൻ നായകൻ കോഹ്ലിയേക്കാൾ മികച്ചതാണെന്നാണ് ഖുറാം മൻസൂർ പറയുന്നത്. പാകിസ്താനുവേണ്ടി 16 ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും മൂന്നു ട്വന്‍റി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. 2008ലാണ് പാകിസ്താനുവേണ്ടി അരങ്ങേറ്റ മത്സരം കളിക്കുന്നത്. യുട്യൂബ് വിഡിയോയിലാണ് താരം ലിസ്റ്റ് എ റെക്കോഡുകളെ കുറിച്ച് സംസാരിക്കുന്നത്. തന്നെ കോഹ്ലിയുമായി താരതമ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അഭ്യന്തര ക്രിക്കറ്റിലെ നേട്ടങ്ങളും പ്രകടനവും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് ലിസ്റ്റ് എ ക്രിക്കറ്റ് റെക്കോഡുകളെ കുറിച്ച് സംസാരിക്കുന്നതെന്നും താരം പറയുന്നു.

‘ഞാൻ എന്നെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നില്ല. 50 ഓവർ ക്രിക്കറ്റിൽ ആദ്യ പത്തിൽ ആരൊക്കെയുണ്ടെങ്കിലും ഞാനാണ് ലോക ഒന്നാം നമ്പർ. എനിക്ക് പിന്നിലാണ് കോഹ്ലി. ലിസ്റ്റ് എ ക്രിക്കറ്റിലെ എന്റെ റേറ്റിങ് അവനെക്കാൾ മികച്ചതാണ്. ഓരോ ആറ് ഇന്നിങ്സിലും കോഹ്ലി ഒരു സെഞ്ച്വറി നേടുന്നു. എന്നാൽ, ഓരോ 5.68 ഇന്നിങ്സിലും ഞാൻ സെഞ്ച്വറി നേടുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ എന്‍റെ ശരാശരി 53 ആണ്, ലിസ്റ്റ് എ ക്രിക്കറ്റിൽ ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ഞാൻ. കഴിഞ്ഞ 48 ഇന്നിങ്‌സുകളിൽ നിന്നായി 24 സെഞ്ച്വറികൾ നേടി. 2015 മുതൽ ഇതുവരെയുള്ള കാലയളവിൽ പാകിസ്താനുവേണ്ടി ഓപ്പൺ ചെയ്തവർ ആരായാലും, അവരിൽ ഞാൻ ഇപ്പോഴും മുൻനിര സ്കോററായി തുടരുന്നു. ദേശീയ ട്വന്‍റി20യിൽ ടോപ് സ്‌കോററും സെഞ്ച്വറി നേടിയതും ഞാനാണ്. എന്നിട്ടും ഞാൻ അവഗണിക്കപ്പെടുന്നു. അതിന് എനിക്ക് ഉചിതമായ ഒരു ഉത്തരം ഇതുവരെ ആരും നൽകിയിട്ടില്ല’ -മൻസൂർ പറയുന്നു.

166 ലിസ്റ്റ് എ മത്സരങ്ങളിൽനിന്നായി 27 സെഞ്ച്വറികളടക്കം 7992 റൺസാണ് താരം നേടിയത്. ബാറ്റിങ് ശരാശരി 53.42 ആണ്. 294 ഇന്നിങ്സുകളിൽനിന്ന് 50 സെഞ്ച്വറികളടക്കം 14,215 റൺസാണ് കോഹ്ലി നേടിയത്.

Tags:    
News Summary - I’m better than Kohli in 50-over cricket, yet I'm ignored': Batter makes STUNNING claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.