ന്യൂഡൽഹി: ഐ.സി.സി വനിത ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ്. യാസ്തിക ഭാട്യ, റിച്ച ഘോഷ് എന്നിവർ വിക്കറ്റ് കീപ്പർമാരാകും. പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധാ യാദവ്, ശ്രീ ചരണി, സ്നേഹ് റാണ എന്നിവരും ടീമിൽ ഇടം നേടി. നീതു ഡേവിഡിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീം പ്രഖ്യാപിച്ചത്.
ടീമില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ച മലയാളിതാരം മിന്നുമണിയെയും ഷഫാലി വര്‍മയെയും സെലക്ഷൻ കമ്മിറ്റി പരിഗണിച്ചില്ല. ആസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യ എ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു വയനാട്ടുകാരിയായിയായ മിന്നു മണി. ഓസ്ട്രേലിയ എക്കെതിരായ പരമ്പരയില്‍ ഫോം ഔട്ടായതാണ് ഷഫാലിക്ക് തിരിച്ചടിയായത്. കളിച്ച 29 ഏകദിനങ്ങളില്‍ 23 മാത്രമണ് ഷഫാലിയുടെ ബാറ്റിങ് ശരാശരി. മറ്റൊരു ഓപണറായ പ്രതിക റാവല്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ 54 റണ്‍സ് ശരാശരിയിലാണ് റണ്‍സടിച്ചത്. കളിച്ച 14 ഇന്നിങ്സില്‍ ആറ് അര്‍ധസെഞ്ച്വറികള്‍ നേടാനും പ്രതികക്ക് കഴിഞ്ഞു.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധാ യാദവ്, ശ്രീ ചരണി, യാസ്തിക ഭാട്യ, സ്നേഹ് റാണ.
അതേസമയം, ഏഷ്യ കപ്പ് ട്വന്‍റി20 ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. പരുക്ക് മാറി ഫിറ്റ്നസ് തെളിയിച്ച സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി നിലനിർത്തി. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ഉപനായകനായി ടീമിൽ ഉൾപ്പെടുത്തി. സെലക്ഷൻ കമ്മിറ്റി യോഗത്തിനു പിന്നാലെ ചീഫ് സെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നാണ് ടീം പ്രഖ്യാപിച്ചത്.
വിക്കറ്റ് കീപ്പറായി സഞ്ജുവിനൊപ്പം ജിതേഷ് ശർമയെയും ടീമിലെടുത്തിട്ടുണ്ട്. ശ്രേയസ് അയ്യരെയും യശസ്വി ജയ്സ്വാളിനെയും ഒഴിവാക്കിയതാണ് ടീം പ്രഖ്യാപനത്തിൽ ഏറെ ശ്രദ്ധേയമായത്. ഇക്കുറി ഐ.പി.എല്ലിൽ ഒട്ടും ഫോമിലല്ലാതിരുന്ന റിങ്കു സിങ്ങിനും ടീമിൽ ഇടം ലഭിച്ചു. ടെസ്റ്റിൽ തകർപ്പൻ ഫോമിലായിരുന്ന മുഹമ്മദ് സിറാജിനും വാഷിങ്ടൺ സുന്ദറിനും ടീമിൽ സ്ഥാനം കിട്ടിയില്ല. പിൻനിരയിൽ ബാറ്റുവീശാൻ റിങ്കുവിനെ പരിഗണിച്ചപ്പോഴാണ് സുന്ദറിന് പുറത്തേക്ക് വഴി തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.