ഇന്ത്യ പാക് ക്യാപ്റ്റൻമാർ ടോസിനു ശേഷം, മാച്ച് റഫറി ആൻഡി ​പൈക്രോഫ്റ്റ്

ഏഷ്യാകപ്പ്: മാച്ച് റഫറിയെ മാറ്റില്ലെന്ന് ഐ.സി.സി; പാകിസ്താന്റെ ബഹിഷ്‍കരണ ഭീഷണിയുടെ ഭാവിയെന്ത്...?

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരായ മത്സരത്തിനിടെ നടന്ന ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ട് മാച്ച് റഫറിയെ മാറ്റണ​മെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ.

ടൂർണമെന്റിന്റെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ഒഴിവാക്കിയില്ലെങ്കിൽ ​ഏഷ്യകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ ബഹിഷ്‍കരിക്കുമെന്നായിരുന്നു പി.സി.ബി അധ്യക്ഷൻ മുഹ്സിൻ നഖ്‍വിയുടെ ഭീഷണി. ഞായറാഴ്ച നടന്ന മത്സരത്തിന് മുന്നോടിയായി ടോസിനു ശേഷം, ഇന്ത്യ-പാക് ടീമുകളുടെ നായകർ ഹസ്തദാനം ചെയ്യാതെ മൈതാനം വിടുകയായിരുന്നു. കളിക്കളത്തിലെ ഇത്തരമൊരു സാഹചര്യത്തിന് ​മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റാണ് ഉത്തരവാദിയെന്നാരോപിച്ചാണ് പി.സി.ബി ഐ.സി.സിക്ക് പരാതി നൽകിയത്.

ഐ.സി.സി പെരുമാറ്റ ചട്ടവും, എം.സി.സി ചട്ടങ്ങളും ലംഘിക്കുന്നതായിരുന്നു മാച്ച് റഫറിയുടെ നടപടിയെന്നാണ് പി.സി.ബി ആക്ഷേപം.

ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം വേണ്ടെന്ന് ടോസിങ്ങിനിടെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാകിസ്താൻ നായകൻ സൽമാൻ അലി ആഗയെ അറിയിച്ചുവെന്നായിരുന്നു മുഹ്സിൻ നഖ്‍വി വ്യക്തമാക്കിയത്. കായിക സ്പിരിറ്റിന് ചേർന്നതല്ലെന്ന് ആരോപിച്ച് പാകിസ്താൻ ടീം മാനേജ്മെന്റ് സംഭവത്തിൽ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.

ടോസിനു പിന്നാലെ ഹസ്തദാനമില്ലാതെ കളി തുടങ്ങിയപ്പോൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വിവാദത്തിന് തുടക്കം കുറിച്ചിരുന്നു. മത്സരത്തിൽ പാകിസ്താൻ ഏഴ് വിക്കറ്റിന് തോറ്റമ്പിയതോടെ ‘ഹസ്തദാന നിഷേധം’ തീപ്പിടിച്ചു. കളി കഴിഞ്ഞ് മൈതാനം വിടുമ്പോൾ പാകിസ്താൻ താരങ്ങൾക്ക് മുഖംപോലും നൽകാതെ നീങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഹതാരം ശിവം ദുബെക്ക് മാത്രമാണ് കൈ നൽകിയത്.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒപ്പമാണു ഞങ്ങളുടെ മനസ്സെന്നും, ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ പങ്കെടുത്ത എല്ലാ സൈനികർക്കുമായി ഈ വിജയം സമർപ്പിക്കുന്നുവെന്നുമായിരുന്നു ഇന്ത്യൻക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെ പ്രതികരണം.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പരാതിയിൽ അടിസ്ഥാനമില്ലെന്ന് ചൂണ്ടികാട്ടിയാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന ആവശ്യം ഐ.സി.സി തള്ളിയത്. ഹസ്തദാന വിവാദത്തിൽ തങ്ങളുടെ പങ്കാളിത്തമില്ലെന്നും വ്യക്തമാക്കുന്നു.

വിവാദത്തിനിടയായ സംഭവത്തിൽ പൈക്രോഫ്റ്റിന് നിസ്സാരമായ പങ്കേ ഉണ്ടായിരുന്നുള്ളൂവെന്ന് റിപ്പോർട്ട് ഇതുസംബന്ധിച്ച റിപ്പോർട്ട് സൂചിപ്പിക്കുന്നു. ടോസിൽ ഒരു ക്യാപ്റ്റൻ എതിർ ടീം ക്യാപ്റ്റന് കൈകൊടുക്കാൻ വിസമ്മതിച്ചതിന്റെ പരസ്യമായ നാണക്കേട് ഒഴിവാക്കാൻ പാകിസ്താൻ ക്യാപ്റ്റന് ഒരു സന്ദേശം നൽകുക മാത്രമാണ് മാച്ച് റഫറി ചെയ്തിരിക്കുക. വിവാദത്തിൽ ഐ.സി.സി അംഗത്തിന് ഗുരുതരമായ പങ്കില്ലെന്ന് ബോധ്യപ്പെട്ടതിനാൽ, ഒരു ടീമി​ന്റെ ആവശ്യപ്രകാരം മാച്ച് റഫറിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കമായിരിക്കുമെന്ന് ഐ.സി.സി അഭിപ്രായപ്പെട്ടതായി ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ നിന്നുള്ള നിർദേശം പൈക്രോഫ്റ്റ് പിന്തുടരുകയായിരുന്നുവെന്ന് മറ്റൊരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

പാകിസ്താൻ ബഹിഷ്‍കരിക്കുമോ...?

മാച്ച് റഫറിയെ നീക്കം ചെയ്യണമെന്ന് ആവശ്യം ഐ.സി.സി തള്ളിയ പശ്ചാത്തലത്തിൽ പാകിസ്താൻ ടീമിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ബുധനാഴ്ച യു.എ.ഇക്കെതിരെയാണ് പാകിസ്താൻ അടുത്ത ഗ്രൂപ്പ് റൗണ്ട് മത്സരം.

അച്ചടക്ക നടപടിയും പിഴയും നേരിടേണ്ടിവരുമെന്നതിനാൽ പാകിസ്താൻ ബഹിഷ്‍കരണ ഭീഷണയിൽ നിന്നും പിൻന്മാറാനാണ് സൂചന. കടുത്ത സാമ്പത്തിക ബാധ്യതയും വെല്ലുവിളിയാകും. പാകിസ്താൻ ബഹിഷ്‍കരിക്കുകയാണെങ്കിൽ ഒമാനോ, യു.എ.ഇയോ ഗ്രൂപ്പിൽ നിന്ന് ഒന്നാമതായി സൂപ്പർ ഫോറിലേക്ക് മുന്നേറും.

അതേസമയം, സംഘർഷം ലഘൂകരിക്കാൻ പാകിസ്താനെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും മാച്ച് റഫറിയെ മാറ്റാമെന്ന നിർദേശം ഐ.സി.സി മുന്നോട്ട് വെച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - ICC to shut door on PCB’s Andy Pycroft plea amid Pakistan's Asia Cup boycott threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.