ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ വേദികൾ ഇന്ത്യയിൽ നിന്നും മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ അപേക്ഷ തള്ളി ഐ.സി.സി. ബംഗ്ലാദേശ് ആശങ്കപ്പെടുന്ന സുരക്ഷാ പ്രശ്നങ്ങൾ ഇന്ത്യയിൽ ഇല്ലെന്നും, ടീം അംഗങ്ങൾക്കും ആരാധകർക്കും സുരക്ഷിതമായി ലോകകപ്പിന്റെ ഭാഗമാവാമെന്നും വ്യക്തമാക്കികൊണ്ടാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളിയത്.
ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഐ.പി.എൽ ടീമിൽ നിന്നും ഒഴിവാക്കിയതിനു പിന്നാലെയായിരുന്നു ബി.സി.ബി ലോകകപ്പിൽ ഇന്ത്യയിൽ കളിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഐ.സി.സിക്ക് കത്തയച്ചത്. തുടർന്ന്, കഴിഞ്ഞ ദിവസം ബി.സി.ബി പ്രതിനിധികളുമായി ഐ.സി.സി വിഷയം ചർച്ച ചെയ്തു. ഇന്ത്യയിൽ ബംഗ്ലാദേശിന് കളിക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്ന നിലപാട് ഐ.സി.സി അറിയിച്ചു. ലോകകപ്പിന് ഒരു മാസം മാത്രം ശേഷിക്കെ, അടിയന്തരമായി വേദികൾ മാറ്റേണ്ട സാഹചര്യങ്ങളില്ലെന്നും വ്യക്തമാക്കി.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് ഫെബ്രുവരി ഏഴിനാണ് തുടക്കം കുറിക്കുന്നത്. നാല് മത്സരങ്ങളാണ് ബംഗ്ലാദേശ് ഇന്ത്യയിൽ കളിക്കുന്നത്. മൂന്ന് എണ്ണം കൊൽക്കത്തയിലും ഒരു മത്സരം മുംബൈയിലുമാണ് നടക്കുക.
ഫെബ്രുവരി ഏഴിന് കൊൽക്കത്തയിൽ വിൻഡീസിനെതിരെയാണ് ആദ്യ മത്സരം. ഒമ്പതിന് ഇറ്റലിയെയും, 14ന് ഇംഗ്ലണ്ടിനെയും ഇവിടെ നേരിടും. 17ന് നേപ്പാളിനെതിരെ മുംബൈയിലാണ് നാലാം മാച്ച്.
വേദിയിൽ മാറ്റമില്ലെന്ന് ഐ.സി.സി വ്യക്തമാക്കിയതോടെ ബംഗ്ലാദേശ് ഇന്ത്യയിലെത്തി കളിക്കൽ നിർബന്ധമായി മാറി. ഇന്ത്യയിലെ മത്സരങ്ങൾ ബഹിഷ്‍കരിക്കുകയാണെങ്കിൽ നാല് കളികളിലെ പോയന്റുകൾ വിട്ടു നൽകുന്നത് വലിയ തിരിച്ചടിയായി മാറും.
ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരങ്ങൾ മാറ്റണമെന്നായിരുന്നു ബി.സി.ബി ഐ.സി.സിയോട് അഭ്യർഥിച്ചത്.
ഐ.പി.എല്ലിൽ നിന്നും ഒഴിവാക്കിയ മുസ്തഫിസറിന് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തവർ എങ്ങനെ മൊത്തം ടീമിന് സംരക്ഷണം നൽകുമെന്നായിരുന്നു ബി.സി.ബി ചെയർമാൻ ഖാലിദ് മസ്ഹൂദിന്റെ ചോദ്യം.
എന്നാൽ, ലോകകപ്പ് ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ വേദിമാറ്റം അസാധ്യമണെന്ന് ബി.സി.സി.ഐ നേരത്തെ പ്രതികരിച്ചിരുന്നു. ‘ആരുടെയെങ്കിലും ഇഷ്ടാനുസരണം മത്സരങ്ങൾ മാറ്റാൻ കഴിയില്ല. എതിർ ടീമുകളെക്കുറിച്ചും ചിന്തിക്കുക. അവരുടെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ എന്നിവ ബുക്ക് ചെയ്തിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും മൂന്നു മത്സരങ്ങളുണ്ട്, ഒരു മത്സരം ശ്രീലങ്കയിലാണ്. പ്രക്ഷേപണ സംഘമുണ്ട്. അതിനാൽ ഇതു പറയുന്നതു പോലെ അത്ര എളുപ്പമായിരിക്കില്ല’– ബി.സി.സി.ഐ പ്രതിനിധിയുടെ ആദ്യ പ്രതികരണം തന്നെ ഇങ്ങനെയായിരുന്നു. ലോകകപ്പിലെ പാകിസ്താന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് എട്ടിനാണ് ഫൈനൽ.
മുസ്തഫിസുറിനെ ഐ.പി.എല്ലിൽ നിന്നും ഒഴിവാക്കിയതിനു പിന്നാലെ ലീഗിന്റെ സംപ്രേക്ഷണവും ബംഗ്ലാദേശ് വിലക്കി.
ബംഗ്ലാദേശിലെ ഇന്ത്യ വിരുദ്ധ പ്രക്ഷോഭങ്ങളും, ഇന്ത്യൻ വംശജർ ആക്രമിക്കപ്പെടുന്നത് ന്യൂഡൽഹിയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ, ഐ.പി.എൽ ലേലപ്പട്ടികയിൽ ഉൾപ്പെട്ട മുസ്തഫിസുർറഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 9.20 കോടി മുടക്കി സ്വന്തമാക്കിയതോടെ താരത്തിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. കെ.കെ.ആർ ഉടമയും ബോളിവുഡ് താരവുമായി ഷാരൂഖ് ഖാനെ രാജ്യദ്രോഹിനെന്ന് വിളിച്ച് ബി.ജെ.പി നേതാവ് അപമാനിക്കുന്നതിൽ വരെയെത്തി കാര്യങ്ങൾ. ഇതേ തുടർന്നായിരുന്നു താരത്തെ ഒഴിവാക്കാൻ ബി.സി.സി.ഐ തീരുമാനമെടുത്തത്. എന്നാൽ, സംഭവത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ആരാധകരും ഇന്ത്യക്കെതിരെ തിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.