കറാച്ചി: ചാമ്പ്യൻസ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തിൽ 60 റൺസിന്‍റെ ദയനീയ പരാജയമാണ് ആതിഥേയരായ പാകിസ്താൻ കഴിഞ്ഞദിവസം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 47.2 ഓവറിൽ 260ന് പുറത്തായി. 49 പന്തിൽ 69 റൺസ് നേടിയ ഖുഷ്ദിൽ ഷായാണ് അവരുടെ ടോപ് സ്കോറർ. ഇതിനിടെ ഓപണറായെത്തി മെല്ലെ കളിച്ച ബാബർ അസമിനെതിരെ വലിയ വിമർശനമാണുയരുന്നത്.
പവർപ്ലേയിൽ 22 റൺസ് മാത്രമാണ് പാകിസ്താന് നേടാനായത്. ഇതിനിടെ സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ എന്നിവരുടെ വിക്കറ്റുകളും വീണു. ജയിക്കാൻ ആവശ്യമായ റൺറേറ്റ് ഇതിനിടെ 7.2 ആയി ഉയരുകയും ചെയ്തു. ഈ സമയത്തെല്ലാം ക്രീസിലുണ്ടായിരുന്ന ബാബർ അസം പതിയെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയല്ലാതെ വമ്പനടികൾക്ക് മുതിർന്നില്ല. 81 പന്തിൽ നിന്നാണ് മുൻക്യാപ്റ്റൻ അർധ സെഞ്ച്വറി നേടിയത്. അപ്പോഴേക്കും റിക്വയേഡ് റൺറേറ്റ് കുത്തനെ ഉയരുകയും ബാറ്റർമാർക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത നിലയിലേക്ക് കളി മാറുകയും ചെയ്തിരുന്നു.
വമ്പനടികൾ വേണ്ട സാഹചര്യത്തിലും ബാബർ ‘മുട്ടിക്കളി’ക്കുകയായിരുന്നുവെന്നും ഐ.സി.സി റാങ്കിങ്ങിവെ ഒന്നാം സ്ഥാനം തിരികെ പിടിക്കുകയെന്നതു മാത്രമാണ് താരത്തിന്റെ ഉദ്ദേശ്യമെന്ന് വിമര്ഡശകർ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന റാങ്കിങ്ങിൽ ബാബറിനെ മറികടന്ന് ഇന്ത്യയുടെ ശുഭ്മൻ ഗിൽ ഏകദിനത്തിൽ ഒന്നാം നമ്പർ ബാറ്ററായിരുന്നു. ന്യൂസിലൻഡിന്‍റെ ബൗളിങ് മികച്ചതായിരുന്നു. എന്നാൽ പാക് ബാറ്റർമാർ ജയിക്കാനുള്ള ശ്രമം പോലും നടത്തുന്നില്ലെന്നാണ് ആരാധകരുട ആക്ഷേപം. പരിക്കേറ്റ ഫഖർ സമാൻ ബാബറിനേക്കാൾ നന്നായി കളിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. വിരാട് കോഹ്ലിയുമായി ബാബറിനെ താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നും ആരാധകർ വിമർശിച്ചു.
മത്സരത്തിൽ 90 പന്തുകൾ നേരിട്ട ബാബർ ആറ് ഫോറും ഒരു സിക്സും സഹിതം 64 റൺസാണ് നേടിയത്. സൽമാൻ ആഘ 28 പന്തിൽ 42 റൺസടിച്ചു. നേരത്തെ വിൽ യങ് (107), ടോം ലാഥം (118) എന്നിവരുടെ സെഞ്ച്വറികളാണ് കിവീസിന് വമ്പൻ സ്കോർ സമ്മാനിച്ചത്. ഗ്ലെൻ ഫിലിപ്സ് (61) അർധ സെഞ്ച്വറിയും നേടി. അതേസമയം ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.