തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കേണ്ട സന്നാഹ മത്സരം മഴയെടുത്തു. കരുത്തരായ ദക്ഷിണാഫ്രിക്കയും ടൂർണമെന്‍റിലെ കറുത്തകുതിരകളായ അഫ്ഗാനിസ്താനും തമ്മിലുള്ള മത്സരമാണ് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
നനഞ്ഞുകുതിർന്ന ഔട്ട്ഫീൽഡിൽ കളി സാധ്യമാകാത്ത സാഹചര്യത്തിലാണ് മത്സരം ഉപേക്ഷിച്ചത്. കാര്യവട്ടത്ത് ഉച്ചക്ക് രണ്ടുമുതൽ നടക്കേണ്ട മത്സരം ഉപേക്ഷിച്ചതായി നാലുമണിയോടെയാണ് അധികൃതർ അറിയിച്ചത്. നാല് സന്നാഹമത്സരങ്ങളാണ് കാര്യവട്ടത്ത് നിശ്ചയിച്ചിട്ടുള്ളത്. ഇനി ശനിയാഴ്ച ആസ്‌ട്രേലിയ നെതർലൻഡ്സിനെയും ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെയും മൂന്നിന് ഇന്ത്യ നെതർലൻഡ്സിനെയും നേരിടും. ഓരോ മത്സരവും വ്യത്യസ്ത പിച്ചുകളിലായിരിക്കും നടക്കുക. ഇതിനായി അഞ്ച് പിച്ചുകളാണ് ഗ്രീൻഫീൽഡിൽ തയാറാക്കിയിരിക്കുന്നത്.
ന്യൂസിലൻഡ് ശനിയാഴ്‌ചയും ഇന്ത്യൻ ടീം ഞായറാഴ്‌ചയും തിരുവനന്തപുരത്ത് എത്തും. സന്നാഹ മത്സരങ്ങൾക്കായി ദക്ഷിണാഫ്രിക്ക, അഫ്ഗാൻ ടീമുകളാണ് ആദ്യം നഗരത്തിലെത്തിയത്. വ്യാഴാഴ്ച ആസ്ട്രേലിയയും നെതർലൻഡ്സും എത്തിച്ചേർന്നു. മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരായ വിജയത്തിനുശേഷം ആസ്ട്രേലിയൻ ടീം രാജ്കോട്ടിൽനിന്നും നെതർലൻഡ്സ് സംഘം ബംഗളൂരുവിൽ നിന്നുമാണ് തിരുവനന്തപുരത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.