അവൻ ‘ദാദ’യെ ഓർമിപ്പിക്കുന്നു; ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് ഇർഫാൻ പത്താൻ

ഓഫ്സൈഡിലെ അസാധാരണ ഷോട്ടുകളിലൂടെ ദീർഘകാലം ക്രിക്കറ്റ് ആരാധകരെയും വിദഗ്ദധരെയും വിസ്മയിപ്പിച്ച താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഗാംഗുലിക്ക് ശേഷം അത്ര മനോഹരമായി ഓഫ്സൈഡിൽ കളിക്കുന്ന ഒരു താരത്തെ ഇന്ത്യക്ക് കണ്ടെത്താനായിരുന്നില്ല. ഇപ്പോൾ ഇന്ത്യൻ യുവ ബാറ്റർ യശസ്വി ജെയ്സ്വാളിന്റെ ഓഫ്സൈഡിലുള്ള ബാറ്റിങ് ‘ദാദ’യെ ഓർമിപ്പിക്കുന്നതായി അഭിപ്രായപ്പെടുകയാണ് മുൻ ആൾറൗണ്ടർ ഇർഫാൻ പത്താൻ.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജയ്‌സ്വാളിന്റെ തകർപ്പൻ പ്രകടനങ്ങളിൽ താൻ ആവേശഭരിതനാണെന്നും അടുത്ത 10 വർഷം കളിക്കാനായാൽ ഗാംഗുലിയെ കുറിച്ച് സംസാരിക്കുന്നത് പോലെ വിദഗ്ധർ അവന്റെ കളിയെക്കുറിച്ച് സംസാരിക്കുമെന്നും പത്താൻ പറഞ്ഞു. 

‘യശസ്വി ജയ്‌സ്വാളിന്റെ കളിയിൽ ഞാൻ ആവേശഭരിതനാണ്. അവൻ ഐ.പി.എല്ലിൽ എങ്ങനെ കളിക്കുമെന്ന് കണ്ടറിയണം. എന്തൊരു ആവേശമുള്ള കളിക്കാരനാണ് അവൻ. ദാദയെ (സൗരവ് ഗാംഗുലി) പോലെ ഓഫ് സൈഡ് ഗെയിമിൽ അവൻ വിദഗ്ധനാണ്. ഞങ്ങൾ അവനെ കണ്ടപ്പോൾ അവൻ ഓഫ് സൈഡിലെ രാജാവാണ് എന്നാണ് പറഞ്ഞത്’ -ഇർഫാൻ സ്റ്റാർ സ്​പോർട്സിനോട് പറഞ്ഞു.

‘അടുത്ത 10 വർഷം അവൻ കളിച്ചാൽ, ഞങ്ങൾ ദാദയുടെ കളിയെക്കുറിച്ച് സംസാരിക്കുന്നത് പോലെ തന്നെ അവൻ്റെ കളിയെക്കുറിച്ച് സംസാരിക്കും. അത്തരത്തിലുള്ള കളിക്കാരനാണ് ജയ്‌സ്വാൾ. ഇപ്പോൾ അവൻ ഇരട്ട സെഞ്ച്വറിയും നേടി’ -ഇർഫാൻ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ മികച്ച പ്രകടനമാണ് ജെയ്സ്വാൾ പുറത്തെടുത്തത്. ആദ്യ ടെസ്റ്റിൽ 80, 15 എന്നിങ്ങനെ റൺസ് നേടിയ താരം രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ ഇരട്ട സെഞ്ച്വറിയും (209) നേടിയിരുന്നു.

Tags:    
News Summary - He reminds 'Dada'; Irfan Pathan praised the young Indian batter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.